ADVERTISEMENT

ചോദ്യം : എന്റെ 6 വയസ്സായ മകന് പനിയും ജലദോഷവും ശരീരത്ത് ചുവന്ന നിറത്തിലുള്ള കുരുക്കളുമാണ്. ഡോക്ടറെ കണ്ടപ്പോൾ തക്കാളിപ്പനിയാണെന്ന് പറഞ്ഞു. എന്താണ് തക്കാളിപ്പനി? ഇത് പേടിക്കേണ്ട ഒരു രോഗമാണോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ഉത്തരം : തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ഇതിന്റെ ശാസ്ത്രീയ നാമം ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത്‌ ഡിസീസ് (Hand Foot and Mouth Disease) എന്നാണ്. പേര് സൂചിപ്പിക്കുന്നതു പോലെ വായ്ക്കുള്ളിലും കയ്യുടെയും കാലിന്റെയും പുറം ഭാഗത്തും ചുവന്ന കുമിളകൾ ഉണ്ടാകും. രോഗബാധിതനായ ആളുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗിയുടെ ശ്വാസോച്ഛ്വാസത്തിലൂടെ പുറത്തു വരുന്ന ശ്രവങ്ങളിലൂടെയും ശരീരത്തിലെ കുമിളകളിലെ ശ്രവങ്ങളിലൂടെയും രോഗം പകരും. കൂടാതെ, രോഗിയുടെ മലത്തിലൂടെയും രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തുടക്കം ജലദോഷപ്പനി പോലെയാകും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വായ്ക്കുള്ളിലും നാക്കിന്റെ വശങ്ങളിലും മുകൾ ഭാഗത്തും കയ്യുടെയും കാലിന്റെയും പുറംവശത്തും ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. ക്രമേണ ഇവ കുമിളകളായി രൂപാന്തരപ്പെടും. ഇതിൽ ചിലതു പൊട്ടുമ്പോൾ വേദനയും ചൊറിച്ചിലും കാണും. അഞ്ചു ദിവസം വരെ പനി നീണ്ടു നിൽക്കാം. കുമിളകൾ 7 മുതൽ 10 ദിവസത്തിനുള്ളിൽ കരിയും. കുമിളകൾ അപ്രത്യക്ഷമായാലും മലത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യതയുണ്ട്. 10 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ മറ്റ് ഗുരുതരമായ സങ്കീർണതകൾ ഒന്നും ഉണ്ടാകാറില്ല. വളരെ അപൂർവമായി തലച്ചോറിലും ശ്വാസകോശത്തിലും അണുബാധയുണ്ടാകാം.

വായ്ക്കുള്ളിലെ കുരുക്കൾക്ക് വേദനയുണ്ടാകും. ഇതു കുറയ്ക്കുന്നതിനായി മൗത്ത് വാഷുകൾ ഉപയോഗിക്കാം. തണുപ്പിച്ചതും എരിവും ഉപ്പും ഇല്ലാത്ത പാനീയങ്ങളും ഭക്ഷണവും കൊടുക്കാൻ ശ്രദ്ധിക്കണം. പഴങ്ങൾ, കഞ്ഞി, പാൽ തുടങ്ങിയ ഭക്ഷണം നൽകാം. കുട്ടിയെ ധാരാളമായി വെള്ളം കുടിപ്പിക്കാൻ ശ്രദ്ധിക്കണം. ചെറിയ ചൂടുവെള്ളത്തിൽ എല്ലാ ദിവസവും കുളിപ്പിക്കണം. കുളിപ്പിക്കുമ്പോൾ കുമിളകൾ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ചികിത്സയ്ക്കായി പനി കുറയ്ക്കുന്ന മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. ആസ്പിരിനും വേദനസംഹാരികളും പൂർണമായും ഒഴിവാക്കണം. കുട്ടിപൂർണ വിശ്രമം എടുക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും കുരുക്കൾ പൂർണമായും കരിയുന്നതുവരെ സ്കൂളിൽ അയയ്ക്കുകയും ചെയ്യരുത്.

രോഗിയുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക എന്നതാണ് രോഗം പകരുന്നതു തടയുന്നതിനുള്ള മാർഗം. ചെറിയകുട്ടികളുടെ ഡയപ്പർ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുകയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. ഗർഭിണികൾ രോഗിയുമായി ഇടപെടുന്നത് പൂർണമായും ഒഴിവാക്കണം. ശ്രദ്ധാപൂർണമായ പരിചരണം നൽകിയാൽ അപകടസാധ്യത തീർത്തും ഒഴിവാക്കാൻ സാധിക്കുന്ന ഒരു രോഗമാണ് തക്കാളിപ്പനി. 
(ലേഖകൻ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ കൺസൽറ്റന്റാണ്)

English Summary:

This article provides a comprehensive overview of Tomato Fever, a viral illness also known as Hand, Foot, and Mouth Disease (HFMD). It covers symptoms, transmission, affected population, potential complications, treatment options, and preventive measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com