'തൈര് മാത്രമേ കഴിക്കൂ, വേറൊന്നും വേണ്ട'; നിങ്ങളുടെ കുട്ടിയും ഇങ്ങനെയാണോ?
Mail This Article
ആരോഗ്യകരമായ വളര്‍ച്ചക്കായി കുട്ടികള്‍ പോഷക സമൃദ്ധമായ എല്ലാ ആഹാരങ്ങളും കഴിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ഇത് ആഗ്രഹം മാത്രമാണ്. കുട്ടികളില്‍ ചിലരെങ്കിലും ഭക്ഷണത്തില്‍ വളരെ സെലക്ടീവായി മാറുകയും ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുകയും ചെയ്യുന്ന പ്രശ്‌നം രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. 'എന്റെ കുട്ടി തൈരും വെളിച്ചെണ്ണയും മാത്രമേ കഴിക്കുകയുള്ളു. വേറെ ഒരു കറിയും കഴിക്കില്ല'. ഇങ്ങനെ സങ്കടപ്പെടുന്ന രക്ഷിതാക്കള്‍ നിരവധിയാണ്. ഭക്ഷണം കഴിപ്പിക്കാനായുള്ള എല്ലാ ശ്രമങ്ങളും പാഴായിപ്പോകുമ്പോള്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. കുട്ടികളെ എങ്ങനെ കൂടുതല്‍ രുചികളിലേക്കും കൂടുതല്‍ പോഷക സമൃദ്ധമായ ഒരു ആഹാര ക്രമത്തിലേക്കും ആകര്‍ഷിക്കാം എന്ന കാര്യത്തില്‍ കുറച്ചു ടിപ്‌സ് പരിശോധിച്ചാലോ?
വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുക
വൈവിധ്യമാര്‍ന്ന, പുതുമയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ആദ്യമാദ്യം അവര്‍ക്ക് അരുചിയായി തോന്നാമെങ്കിലും തുടര്‍ച്ചയായി നല്‍കി കഴിയുമ്പോള്‍ സാധാരണ ഗതിയില്‍ അവര്‍ ആ ഭക്ഷണത്തോട് താല്‍പര്യം കാണിക്കും. ഇതിനായി ഓരോ പുതിയ ഭക്ഷണവും ഏകദേശം 15-20 തവണ വരെ ആവര്‍ത്തിച്ചു നല്‍കുക. പതിയെ പുതിയ രുചിയെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങും.
സമാനമായ രുചികള്‍ പരിചയപ്പെടുത്തുക
കുട്ടികള്‍ക്ക് പൊതുവില്‍ ചില രുചികളോട് ഇഷ്ടമുണ്ടായിരിക്കും. അത്തരം രുചികളോട് സമാനമായ രുചിയുള്ള ഭക്ഷണം അവര്‍ക്ക് നല്‍കുന്നത് പുതിയ ആഹാരത്തോടു താല്പര്യം ഉണ്ടാക്കാന്‍ സഹായിക്കും. ഉദാഹരണമായി തൈര് ഇഷ്ടമുള്ള ഒരു കുട്ടിക്ക് ഓറഞ്ചോ, തക്കാളി കറിയോ ഒക്കെ ഇഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക
ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുട്ടികളെ പാചകപ്രക്രിയയില്‍ ഉള്‍പ്പെടുത്തുക. തങ്ങള്‍ കൂടി ചേര്‍ന്നു പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് താല്പര്യം കൂടുതലായിരിക്കും. പച്ചക്കറികളും പഴങ്ങളുമെല്ലാം സുന്ദരമായ രൂപത്തില്‍ അലങ്കരിച്ച് നല്‍കുന്നതും അതിന് കുട്ടികളുടെ സഹായം തേടുന്നതുമെല്ലാം അത്തരം ഭക്ഷണ സാധനങ്ങള്‍ പരീക്ഷിക്കുവാനുള്ള താല്പര്യം കുട്ടികളിലുണ്ടാക്കും.
ചെറിയ സമ്മാനങ്ങള്‍ നല്‍കാം
പുതിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന കുട്ടിയ്ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നത് ഇഷ്ടമില്ലാത്ത ആഹാരവും കഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. എന്നാല്‍ ഒരു ശീലമായി മാറ്റേണ്ട കാര്യമില്ലെന്നതു മറക്കരുത്. ഇങ്ങനെ സമ്മാനങ്ങള്‍ ഇടക്കൊക്കെ നല്‍കുന്നത് വഴി പതിയെ ഇഷ്ടമില്ലാത്ത ആഹാരം അവരുടെ രുചിയേറിയ ഭക്ഷണമായി മാറുന്നത് രക്ഷിതാക്കള്‍ക്ക് കാണാനാവും.
മാതാപിതാക്കള്‍ നല്‍കുന്ന മാതൃക
കുട്ടികളോട് എല്ലാ ഭക്ഷണവും കഴിക്കണമെന്ന് ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ യാതൊരു കാരണവശാലും ഭക്ഷണകാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തരുത്. ഇഷ്ടമല്ല എന്ന കാരണത്താല്‍ ഒരു ഭക്ഷണവും മാതാപിതാക്കള്‍ വേണ്ടെന്ന് വെക്കരുത്. അങ്ങനെ ചെയ്താല്‍ ഏറ്റവും മോശമായ ഒരു മാതൃകയായിരിക്കും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. 'അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ക്യാബേജ് തോരന്‍ അമ്മ കഴിക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് എനിക്കിഷ്ടമില്ലാത്ത പയറ് തോരന്‍ കഴിക്കാന്‍ എന്നോട് പറയുന്നത്' എന്ന രീതിയിലുള്ള ഒരു സംഭാഷണത്തിന് രക്ഷിതാക്കള്‍ ഇടനല്‍കരുതെന്നു സാരം.