അയ്യയ്യോ ഇതൊന്നും കുട്ടികൾ കേൾക്കേ പറയല്ലേ! വലിയ വില നൽകേണ്ടി വരും!
Mail This Article
ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ ആ കുഞ്ഞു വളർന്നു വരുന്ന അന്തരീക്ഷത്തിനും സംവദിക്കുന്ന ആളുകൾക്കും വലിയ പങ്കാണുള്ളത്. കുട്ടി പഠിപ്പിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. പലതും അവൻ കണ്ടും കേട്ടും സ്വയം മനസിലാക്കിയെടുക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിച്ചു മാത്രം കുട്ടികളോട് ഇടപഴകുക എന്നതാണ് പ്രധാനം. കുട്ടികൾ അല്ലെ, അവർക്ക് എന്തറിയാം, അവർ ശ്രദ്ധിക്കില്ല എന്നൊക്കെയുള്ള ധാരണയിൽ കുട്ടികളുടെ മുന്നിൽ വച്ച് എന്തും ഏതും സംസാരിക്കുക എന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റാണ്.
കുട്ടികളുടെ ചിന്തയിൽ പതിയേണ്ട, അവർ അനുകരിക്കേണ്ട നല്ല കാര്യങ്ങൾ മാത്രമാണ് അവരോട് സംസാരിക്കേണ്ടത്. കുഞ്ഞുങ്ങളുള്ള വീടുകളിൽ, അവർ അരികിലുള്ള സന്ദർഭങ്ങളിൽ മാതാപിതാക്കളും കുട്ടികളെ പരിചരിക്കുന്നവരും ഇത്തരം സംസാരങ്ങൾ ഒഴിവാക്കുക.
∙ മറ്റുള്ളവരെക്കുറിച്ചുള്ള പരദൂഷണം
മുതിർന്ന വ്യക്തികൾക്ക് പലരുമായും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഒക്കെ ഉണ്ടാകാം. എന്നാൽ മറ്റുള്ളവരെ കുറ്റം പറയുന്നത് കുട്ടികൾ കേൾക്കുന്നത് അവരിൽ വികലമായ ധാരണകൾ ജനിപ്പിക്കും. ഗോസിപ്പ് പതിവായി കേൾക്കുന്നത് കുട്ടികളിൽ നെഗറ്റീവ് ചിന്ത വളർത്താൻ ഇടയാക്കും. ഇത്തരം കുട്ടികൾ നെഗറ്റിവ് ജഡ്ജ്‌മെന്റ് സ്വഭാവം ഉള്ളവരായി മാറും. അതിനാൽ കുട്ടികളുടെ മുന്നിൽ വച്ച് മറ്റുള്ളവരെ കുറിച്ച് നെഗറ്റിവ് പറയരുത്.
∙ ദാമ്പത്യ പ്രശ്നങ്ങൾ സ്വകാര്യമായി പറഞ്ഞു തീർക്കാം
കുട്ടികളെ സംബന്ധിച്ചിടത്തോളം അച്ഛനമ്മമാർക്ക് ഒരേ സ്ഥാനം ആണുള്ളത്. അതിനാൽ കുട്ടികളുടെ മുന്നിൽ വച്ച് അച്ഛനമ്മമാർ തമ്മിൽ വഴക്കുണ്ടാക്കുന്നതും വൈകാരികമായി പെരുമാറുന്നതും കുട്ടികളെ മാനസികമായ സമ്മർദ്ദത്തിലാക്കും. കുട്ടികൾക്ക് വീട്ടിൽ സുരക്ഷാബോധം ഇല്ലാതാക്കുന്നതിനിത് കാരണമാകും. അച്ഛനമ്മമാരുമായി പലതും തുറന്നു സംസാരിക്കാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യം ഇത്തരം വഴക്കുകൾ ഇല്ലാതാക്കും. മാത്രമല്ല, കുട്ടികൾ ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധ്യതയുണ്ട്.
∙ സാമ്പത്തിക പ്രശ്നങ്ങൾ സംസാരിക്കുന്നത്
സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. എന്നാൽ സാമ്പത്തികമായ ഞെരുക്കങ്ങൾ, ഇല്ലായ്മകൾ എന്നിവ കുട്ടികളെ അറിയിക്കാതിരിക്കാൻ ശ്രമിക്കണം. കാരണം കുട്ടികളുടെ മുന്നിൽ വച്ച് സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കുട്ടികളിൽ സാമ്പത്തിക അരക്ഷിതാബോധം ഉണ്ടാക്കിയേക്കാം. സാമ്പത്തികമായി പിന്നിലാണെന്ന ചിന്ത കുട്ടിയുടെ മാനസികനില, ആഗ്രഹങ്ങൾ എന്നിവയെയെല്ലാം ബാധിക്കും. ആത്മവിശ്വാസക്കുറവ് പോലും ചില കുട്ടികളിൽ ഇതു മൂലം കണ്ടുവരാറുണ്ട്.
∙ നിരാശാജനകമായ സംസാരം
കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കൾ ഇപ്പോഴും പോസിറ്റിവ് ആയിരിക്കാൻ ശ്രമിക്കണം. ജീവിതത്തിലെ വീഴ്ചകൾ വിളിച്ചു പറയുന്നതും നിരാശയോടെ സംസാരിക്കുന്നതും കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും. വിജയത്തേക്കാൾ പരാജയം പ്രതീക്ഷിച്ചുകൊണ്ടായിരിക്കും പിന്നീടവർ കാര്യങ്ങളെ സമീപിക്കുക. എന്നാൽ ഇതേ കാര്യങ്ങൾ തന്നെ പോസിറ്റിവായി പങ്കുവയ്ക്കാം. പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ കുട്ടികളെ അറിയിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾ മുൻകൂട്ടി മനസിലാക്കാനും അത് മറികടക്കാനുമുള്ള ആത്മവിശ്വാസം നൽകും.
∙ വർഗ്ഗീയത
കുട്ടികളുടെ മുന്നിൽ വച്ച് ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ജാതി - മത ചിന്തകൾ വർഗീയത വളർത്തുന്ന കാര്യങ്ങൾ എന്നിവ. എല്ലാ മതങ്ങളെയും എല്ലാ ആളുകളെയും ഒരു പോലെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് കുട്ടികളെ ശീലിപ്പിക്കേണ്ടത്. എങ്കിൽ മാത്രമേ നല്ലൊരു വ്യക്തിയായി കുട്ടികളെ വളർത്താൻ കഴിയൂ .