ADVERTISEMENT

സോഷ്യല്‍മീഡിയ അരങ്ങുവാഴുന്ന ഈ കാലത്ത് വലിയൊരു സാംസ്‌കാരിക മാറ്റത്തി ന്റെ വഴിത്തിരിവിലാണ് നമ്മള്‍ മലയാളികള്‍. കാലത്തിനൊത്തു കോലം മാറണമെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാവുകയാണ്. നാടും വീടും നാട്ടുകാരുമൊക്കെ മാറിക്കഴിഞ്ഞു. കഞ്ഞിക്കും പയറിനും പകരം കെഎഫ്‌സി ചിക്കനും കുഴിമന്തിയുമൊക്കെയാണ് ന്യൂജനറേഷന്റെ ഇഷ്ടഭക്ഷണം. പണ്ടത്തെ കുട്ടികള്‍ സ്‌കൂളിലും കോളേജിലുമൊക്കെ പോയിരുന്നത് നാട്ടില്‍ത്തന്നെ ആയിരുന്നെങ്കില്‍ ഇന്നു പലരും പഠിക്കുന്നത് ഓസ്ട്രേലിയയിലും ജര്‍മ്മനിയിലുമൊക്കെയാണ്. പബ്ജിയും ഫ്രീ ഫയറുമൊന്നും പാടത്തെയും പറമ്പിലയും കളികളല്ലെന്നും നമുക്കറിയാം. അങ്ങനെ എല്ലാം മാറുന്ന കാലത്ത് വൈകാരിക ബന്ധങ്ങളിലും ആ മാറ്റം കാണുന്നുണ്ടോ? മാറുന്ന ലോകത്തിനൊപ്പം മുന്നേറാന്‍ ചില രക്ഷിതാക്കള്‍ക്കെങ്കിലും മടിയുണ്ടോ? രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ അപരിചതത്തിന്റെ വിടവുകള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് സത്യം. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ജീവിത മൂല്യങ്ങളും കുട്ടികളുടെ ആഗ്രഹങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്മ കുടുംബങ്ങള്‍ക്കുള്ളില്‍ അസ്വാരസ്യതയ്ക്ക് കാരണമാകുന്നുണ്ട്. കാലത്തിനൊത്തു മുന്നേറാന്‍ കുടുംബങ്ങള്‍ക്കുള്ളില്‍ പരസ്പര ധാരണയും കെട്ടുറപ്പും നിലനിന്നേ പറ്റൂ. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

LISTEN ON

∙ കുട്ടികളെ കേള്‍ക്കാന്‍ സമയം കണ്ടെത്താം
കുട്ടികളെ ശ്രദ്ധയോടെ കേള്‍ക്കാന്‍ സാധിക്കുന്നത് ഫലപ്രദമായ ആശയവിനിമയത്തി ന്റെ മൂലക്കല്ലാണ്. തങ്ങള്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെയും കരുതലോടെയും കേള്‍ക്കാന്‍ മാതാപിതാക്കളുണ്ട് എന്ന വിശ്വാസം തലമുറകള്‍ക്കിടയിലെ വിടവിനെ നികത്താന്‍ അത്യാവശ്യമാണ്. കുട്ടികള്‍ക്ക് തുറന്ന് സംസാരിക്കാന്‍ ഇടം നല്‍കുന്നതിലൂടെ, മാതാപിതാക്കള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. ഇങ്ങനെ സുതാര്യമായ ആശയ വിനിമയം സാധ്യമാകുന്നതിലൂടെ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ സാധിക്കും. നിങ്ങളുടെ കുട്ടിയുമായി അല്‍പനേരം നിര്‍ബന്ധപൂര്‍വം ഇരുന്ന് സംസാരിക്കാം. അവരുടെ സ്‌കൂളിലെയും ഫ്രെണ്ട്‌സി ന്റെയും കാര്യങ്ങള്‍ ചോദിക്കാം. അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാം.

∙  ആജീവനാന്ത പഠനം നിര്‍ബന്ധമാക്കാം
മാറുന്ന ടെക്നോളജി തന്നെയാണ് കുട്ടികളുടെ പുതിയ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഈ  മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിലൂടെ മാതാപിതാക്കള്‍ക്ക് പുതിയ സാംസ്‌കാരിക മാറ്റങ്ങളുമായി പൊരുത്തപ്പെടാനും കുട്ടികളുടെ ലോകത്തെക്കുറിച്ചു വ്യക്തമായി മനസിലാക്കാനും കഴിയും. ഔട്ട് ഡേറ്റഡ് ആകാത്ത രക്ഷിതാക്കള്‍ക്ക് കുട്ടികളുമായുള്ള ബന്ധം വേഗത്തില്‍ കെട്ടിപ്പടുക്കാം. സമകാലിക കാര്യങ്ങളെക്കുറിച്ചുള്ള വായന, രക്ഷാകര്‍തൃ വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കല്‍, അല്ലെങ്കില്‍ സമാനമായ വെല്ലുവിളികള്‍ നേരിടുന്ന മറ്റ് മാതാപിതാക്കളുമായി ഇടപഴകല്‍ എന്നിവയൊക്കെ കാലത്തിനൊപ്പം ജീവിക്കാന്‍ രക്ഷിതാക്കളെ സഹായിക്കും. ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാം. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാമല്ലോ. 

∙ പരസ്പര ബഹുമാനം പ്രോത്സാഹിപ്പിക്കുക
കുട്ടികളും മാതാപിതാക്കളും തമ്മില്‍ പുലര്‍ത്തുന്ന പരസ്പര ബഹുമാനം അവരുടെ വ്യത്യാസങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനും ഇരു കൂട്ടരുടെയും മൂല്യങ്ങളെ അംഗീകരിക്കുന്നതിനും സഹായിക്കും. പുതിയ ആശയങ്ങളോടു രക്ഷിതാക്കള്‍ കാണിക്കുന്ന ആദരവ് മാതൃകയാക്കുന്നതിലൂടെ, വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെ വിലമതിക്കുന്നതിന്റെ പ്രാധാന്യം മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അങ്ങനെ രക്ഷിതാക്കളുടെ മൂല്യങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും കൂടുതല്‍ മെച്ചമായവ സ്വീകരിക്കാനും വഴിയൊരുങ്ങുന്നു. നിങ്ങളുടെ കുട്ടിയുടെ നേട്ടങ്ങള്‍ അംഗീകരിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യാം

∙ പാരമ്പര്യത്തെ പുനര്‍നിര്‍മ്മിക്കുക
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കര്‍ക്കശമായ ചട്ടക്കൂടായി നടപ്പിലാക്കുന്നതിനുപകരം, അവയിലെ നന്മയെ ചൂണ്ടിക്കാണിക്കാനും കാലക്രമേണ വികാസം പ്രാപിക്കുന്ന ഒരു സാംസ്‌കാരിക നിധിയായി അവയെ അവതരിപ്പിക്കാനും രക്ഷിതാക്കള്‍ക്കാവും. ഈ സമീപനം കുട്ടികളെ അവരുടെ പൈതൃകത്തെ വിലമതിക്കാനും പുതിയ കാലഘട്ടത്തില്‍ അവയെ മുറുകെ പിടിക്കുവാനും പുതിയ കാര്യങ്ങള്‍ പാരമ്പര്യത്തോട് സമന്വയിപ്പിക്കാനും സഹായിക്കും.

English Summary:

How Modern Parents Can Connect with Kids in a Changing World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com