പരീക്ഷകള്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല; സമ്മര്‍ദ്ദത്തിന്റെ കുരുക്കില്‍ കുടുക്കരുത് കുട്ടികളെ
Mail This Article
2011 ലെ സെന്‍സസ് പ്രകാരം 96% സാക്ഷരതാ നിരക്കോടെ ഇന്ത്യയില്‍ സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കണക്കാക്കപ്പെടുന്നുവെന്നര്‍ഥം. എന്നാല്‍ അക്കാദമിക് മികവിനായുള്ള അതികഠിനമായ പരിശ്രമം കുട്ടികള്‍ക്കു മുന്‍പില്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി മാറിയിരിക്കുന്നുവെന്നതാണ് ഇതിന്റെ മറുവശം. 'കുട്ടി മിടുക്കിയാണ്, അവള്‍ക്ക് മത്സര പരീക്ഷയില്‍ ഒന്നാം റാങ്കുണ്ടെന്ന്', കൊലപാതകക്കുറ്റത്തില്‍ പ്രതിയാക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചു പോലീസ് മേധാവി വരെ വിശേഷിപ്പിക്കുന്ന സാഹചര്യം വ്യക്തമാക്കുന്നത് ഇതിന്റെ ഭീകരതയാണ്. ഒന്നാം സ്ഥാനമാണ് ഏറ്റവും വലുതെന്ന തെറ്റായ ബോധ്യം അത്രയധികം ആഴത്തിലാണ് പലരിലും പതിഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന അളവില്ലാത്ത സമ്മര്‍ദ്ദങ്ങളുടെയും പരീക്ഷണങ്ങളുടെയും ഗതികേടിലേക്ക് ഒരെത്തിനോട്ടം ആവശ്യമാണ്.
പരീക്ഷ കേന്ദ്രീകൃതമായ വിദ്യാഭ്യാസം
സംസ്ഥാനത്തുടനീളം കൂണുപോലെ മുളച്ചുവരുന്ന കോച്ചിംഗ് സ്ഥാപനങ്ങളും സ്വകാര്യ ട്യൂഷനുകളും പരീക്ഷ കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന്റെ നേര്‍ക്കാഴ്ചകളാണ്. 'നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫിസിന്റെ' (എന്‍എസ്എസ്ഒ) 2022 ലെ റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ ഏകദേശം 60% കുടുംബങ്ങളും സ്‌കൂളിലെ പഠനത്തിന് പുറമെ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ നല്‍കുകയും അവരുടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുകയും ചെയ്യുന്നു.
വീണു പോകുന്ന കുട്ടികള്‍
മത്സരപ്പരീക്ഷകളില്‍ ഒന്നാമതെത്താനുള്ള കടുത്ത സമ്മര്‍ദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. 'ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി'യില്‍ (2019) പ്രസിദ്ധീകരിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കടുത്ത അക്കാദമിക സമ്മര്‍ദ്ദം മൂലം ഏകദേശം 20% കൗമാരക്കാരും മനഃശാസ്ത്രപരമായ സഹായം തേടേണ്ട അവസ്ഥയിലാണ് എന്നാണ്. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ പലപ്പോഴും കുട്ടികളുടെ ഈ സമ്മര്‍ദ്ദത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. ഇത് കുട്ടികളില്‍ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ ചിന്ത എന്നിവയ്ക്ക് കാരണമാകുന്നു. 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ' (NCRB) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചു, 2021-ല്‍ 13,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ മരണങ്ങള്‍ക്ക് അക്കാദമിക് സമ്മര്‍ദ്ദം ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് എത്ര വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് നമ്മുടെ കുട്ടികള്‍ കടന്നു പോകുന്നതെന്ന് തിരിച്ചറിയുന്നത്.
കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളില്‍ രക്ഷിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
1. അമിത പ്രതീക്ഷകള്‍ വേണ്ട
മത്സരപ്പരീക്ഷകളിലെ ഉയര്‍ന്ന വിജയം മാത്രമാണ് കുട്ടികളുടെ ജീവിത വിജയത്തിലേക്കുള്ള ഏക വഴിയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചില രക്ഷിതാക്കളുണ്ട്. ഈ തെറ്റിദ്ധാരണ തന്നെയാണ് അതികഠിനമായ സമ്മര്‍ദ്ദത്തിലേക്ക് തങ്ങളുടെ കുട്ടികളെ തള്ളിയിടാന്‍ അവരെ നിര്‍ബന്ധിക്കുന്നതും. മത്സര പരീക്ഷകളിലെ വിജയം ഒരു ഘടകം മാത്രമാണെന്നും കുട്ടികളുടെ സമഗ്ര വളര്‍ച്ചയാണ് അവരുടെ ജീവിത വിജയത്തിന്റെ ആധാരമെന്നും തിരിച്ചറിയുന്ന മാതാപിതാക്കള്‍ക്ക് അതികഠിനമായ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സാധിക്കും. തോറ്റു പോയ കുട്ടിയോട് 'സാരമില്ല, അടുത്ത വട്ടം അല്പം കൂടെ നന്നായി പരിശ്രമിക്കാം' എന്ന് പറയാന്‍ സാധിക്കുന്ന രക്ഷിതാക്കള്‍ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കും.
2. സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുക
വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കുട്ടിയുടെ ഭാവി അപകടത്തിലാക്കുമെന്ന് ഭയന്ന് അത്തരം കാര്യങ്ങളില്‍ നിന്നും കുട്ടികളെ തടയുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും മാനസിക വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. കുട്ടികളുടെ ജീവിത വിജയം അക്കാദമിക് നേട്ടങ്ങളില്‍ ഒതുങ്ങേണ്ടതില്ല. വിദ്യാഭ്യാസ വിചക്ഷണനായ 'സര്‍. കെന്‍ റോബിന്‍സണ്‍' തന്റെ പ്രശസ്തമായ TED ടോക്കില്‍ പറയുന്നത് പോലെ, കുട്ടികളുടെ വ്യക്തിഗത കഴിവുകളെയും അഭിനിവേശങ്ങളെയും പരിപോഷിപ്പിക്കുന്നതിലാണ് വിജയമെന്ന് തിരിച്ചറിയണം. വൈകാരിക ബുദ്ധി, സര്‍ഗ്ഗാത്മകത, സാമൂഹിക കഴിവുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിജയത്തിന്റെ വിശാലമായ നിര്‍വചനം അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം.
3. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തല്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സമ്മര്‍ദ്ദം പുറം തള്ളുന്നതിന് ഒരു മാര്‍ഗവും സമഗ്രമായ വികസനത്തിനുള്ള ഒരു വേദിയും നല്‍കുന്നു. 2018-ല്‍ 'ജേര്‍ണല്‍ ഓഫ് യൂത്ത് ഡെവലപ്മെന്റ്' നടത്തിയ പഠനത്തില്‍ കല, കായികം അല്ലെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം എന്നിവ കുട്ടികളുടെ പ്രശ്നപരിഹാര കഴിവുകളും വൈകാരിക ക്ഷേമവും വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു. നിങ്ങളുടെ കുട്ടി ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന ഒരു അക്കാദമിക ഇതര പ്രവര്‍ത്തനമെങ്കിലും പിന്തുടരാന്‍ അവരെ സഹായിക്കുന്നത് വലിയ കാര്യമാണ്. ഇത് പെയിന്റിംഗും സംഗീതവും മുതല്‍ സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തനം വരെയാകാം.
4. ഇതര വിദ്യാഭ്യാസ മാതൃകകള്‍ പരീക്ഷിക്കാം
ലോകത്തിന്റെ പല ഭാഗത്തും പ്രചാരത്തിലിരിക്കുന്ന മോണ്ടിസോറി അല്ലെങ്കില്‍ എക്സ്പീരിയന്‍ഷ്യല്‍ ലേണിംഗ് പോലുള്ള ബദല്‍ വിദ്യാഭ്യാസ സമീപനങ്ങള്‍, രക്ഷിതാക്കള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇത്തരം പഠനരീതികള്‍ കുട്ടികളുടെ സമഗ്രമായ വികസനത്തിന് മുന്‍ഗണന നല്‍കുന്നു. ആന്ധ്രാപ്രദേശിലെ ഋഷി വാലി, പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ തുടങ്ങിയ സ്‌കൂളുകള്‍ സര്‍ഗ്ഗാത്മകതയ്ക്കും വിമര്‍ശനാത്മക ചിന്തയ്ക്കും ഊന്നല്‍ നല്‍കി ഇത്തരം മാതൃകകള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കും പഠന ശൈലിക്കും അനുയോജ്യമായ സ്‌കൂളുകളോ പ്രോഗ്രാമുകളോ അന്വേഷിക്കുന്നതും അത്തരം സംവിധാനങ്ങളിലൂടെ വളരാന്‍ അവരെ സഹായിക്കുന്നതും ഗുണം ചെയ്യും. പരമ്പരാഗത രീതിയില്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പോലും പ്രോജക്റ്റ് അധിഷ്ഠിത പഠനവും ക്രിയാത്മകമായ രീതിശാസ്ത്രവും സമന്വയിപ്പിക്കുന്ന സ്‌കൂളുകള്‍ കണ്ടെത്താനും അത്തരം കാര്യങ്ങള്‍ പിറ്റിഎ മീറ്റിങ്ങുകളില്‍ നിര്‍ദേശിക്കാനുമെല്ലാം രക്ഷിതാക്കള്‍ക്കാവും .
5. സംഭാഷണങ്ങള്‍ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാകട്ടെ
നിങ്ങളുടെ കുട്ടിയുമായുള്ള സംഭാഷണങ്ങള്‍ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാകണം. 'നിനക്ക് പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി' എന്നതിന് പകരം 'ഇന്ന് പഠിച്ചതില്‍ ഏറ്റവും രസകരമായി തോന്നിയത് എന്താണെന്ന്' ചോദിക്കാം. കുട്ടികളുടെ ഗ്രേഡുകളേക്കാള്‍ അവരുടെ പഠനാനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ക്കാവണം. പരപ്പിലുള്ള പഠനത്തേക്കാള്‍ അടിസ്ഥാന ആശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അനുയോജ്യമായ പാഠ്യപദ്ധതി തയ്യാറാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, നല്‍കുന്ന നിര്‍ദേശം ഇതുമായി കൂട്ടിവായിക്കണം