'അപരിചിതരോട് അടുപ്പം വേണ്ട, കറന്റിലെ കളി നല്ലതല്ല'; കുട്ടികളെ പഠിപ്പിക്കാം സുരക്ഷയുടെ ബാലപാഠങ്ങള്‍
Mail This Article
കുട്ടികള്‍ക്ക് എല്ലാം കൗതുകമാണ്. അവര്‍ക്ക് എല്ലാക്കാര്യങ്ങളിലും സംശയവുമാണ്. ഒരു നൂറു ചോദ്യങ്ങളാണ് അവര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും ചോദിക്കുക. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയും ആവേശവുമെല്ലാം ചിലപ്പോഴൊക്കെ അപകടങ്ങളുമുണ്ടാക്കും. എല്ലാ സമയത്തും കൂടെ നില്‍ക്കാനും കണ്ണുതെറ്റാതെ സംരക്ഷിക്കാനും മാതാപിതാക്കള്‍ക്ക് എപ്പോഴും സാധിച്ചെന്നു വരില്ല. അതിനാല്‍ അടിസ്ഥാനപരമായ സുരക്ഷാ പരിജ്ഞാനം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. അതെങ്ങനെയാണെന്നു നോക്കാം.
പരിശീലിപ്പിക്കാം റോഡ് സുരക്ഷാ നിയമങ്ങള്‍
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും കുട്ടികളെ പഠിപ്പിക്കണം. റോഡുകള്‍ കളിസ്ഥലങ്ങള്‍ അല്ലെന്നും ഏറ്റവും ശ്രദ്ധയോടെ സഞ്ചരിക്കേണ്ട ഇടങ്ങളാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം. കാരണം ഒരു ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. റോഡുകള്‍ മുറിച്ചു കടക്കുന്നതിന് മുന്‍പ് ഇരുവശത്തും നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്ന പ്രാഥമിക അറിവ് പകര്‍ന്നു കൊണ്ടാകാം തുടക്കം. സൈക്കിളുമായി ഇടവഴികളിലൂടെ കറങ്ങുന്ന കുട്ടികളെ ഇക്കാര്യങ്ങള്‍ പഠിപ്പിച്ചു ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ അവര്‍ക്ക് സൈക്കിള്‍ കൊടുക്കാവൂ.
അപരിചിതരോട് അടുപ്പം വേണ്ട
അപരിചിതരായ വ്യക്തികളോട് ഇടപഴകുന്നതിന് കുട്ടികള്‍ താല്പര്യം കാണിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. വിശ്വസ്തരായ മുതിര്‍ന്നവരെ തിരിച്ചറിയാനും മാതാപിതാക്കളോ രക്ഷിതാവോ ഇല്ലാതെ അപരിചിതരുമായി ഇടപഴകുന്നത് ഒഴിവാക്കാനും അവരെ പഠിപ്പിക്കണം. കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യതകള്‍ അധികമായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധ വെക്കണം. അപകടകരമായ സാഹചര്യങ്ങളോട് 'നോ' പറയാന്‍ കുട്ടികളെ ഒരുക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും അവര്‍ തിരിച്ചറിയട്ടെ.
വൈദുതിയും തീയും കുട്ടികള്‍ക്കുള്ളതല്ല
തീയില്‍ കളിക്കുമ്പോഴോ, വൈദ്യുതോപകരണങ്ങളില്‍ സ്പര്‍ശിക്കുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളെ അറിവുള്ളവരാക്കണം. ചൂടുള്ള അടുപ്പ് അല്ലെങ്കില്‍ വൈദ്യുതി തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് കുട്ടികള്‍ക്കുള്ള അത്തരം വിഡിയോകള്‍ കാണിക്കാവുന്നതാണ്.
ഫോണ്‍ നമ്പര്‍ അറിഞ്ഞിരിക്കണം
മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കുട്ടികളെ മനഃപാഠം പഠിപ്പിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുത്. അടിയന്തര സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും ഇത് വളരെയധികം സഹായകരമാണ്. ഇടയ്‌ക്കൊക്കെ ആ ഫോണ്‍ നമ്പറുകള്‍ ആവര്‍ത്തിച്ചു പറയാന്‍ പ്രേരിപ്പിക്കുന്നത് നമ്പറുകള്‍ മറന്ന് പോകാതിരിക്കാന്‍ സഹായിക്കും.
നീന്തല്‍ പഠിപ്പിക്കാം
വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാവുന്നതാണ്. അതോടൊപ്പം മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ഒരിക്കലും ജലാശയങ്ങളെ സമീപിക്കരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.