ADVERTISEMENT

‘മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല, അധ്യാപകരോടും മാതാപിതാക്കളോടുമെല്ലാം എടുത്തുചാടി മറുപടി പറയും, തറുതല പറയുന്നതിന് കയ്യും കണക്കുമില്ല, ആര് പറഞ്ഞാലും അനുസരണയുമില്ല...’. കുട്ടിപ്പട്ടാളത്തെപ്പറ്റി ഇത്തരത്തിൽ ആശങ്കയുടെ മേമ്പൊടി ചേർത്ത പരാതിപ്പെട്ടി തുറക്കുന്ന മാതാപിതാക്കൾ ഒന്നു മനസിലാക്കുക, കുട്ടികുറുമ്പന്റെ പ്രധാന പ്രശ്നം സഹജീവികളോട് ബഹുമാനമില്ല എന്നതാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ പ്രായത്തിനു മുതിർന്നവർ ആകണമെന്ന് ഒരു നിർബന്ധവുമില്ല. കുട്ടി ഇത്തരത്തിൽ ബഹുമാനക്കുറവ് കാണിക്കുന്നുണ്ടെങ്കിൽ അത് അവൻ വളർന്നു വരുന്ന സാഹചര്യത്തിൽ നിന്നും സ്വയം പഠിച്ചെടുത്ത സ്വഭാവരീതിയുടെ ഭാഗമാകാനും ഇടയുണ്ട്. കുട്ടികളിലെ ഈ സ്വഭാവം മാറ്റിയെടുക്കാൻ ശിക്ഷിക്കുന്നതും വഴക്ക് പറയുന്നതൊന്നുമൊന്നും ഫലം ചെയ്യില്ല. പകരം മാതാപിതാക്കളുടെ പെരുമാറ്റരീതിയിൽ ചില മാറ്റങ്ങൾ വരുത്തി കുട്ടികളിലെ ഈ അനാദരവ് ശീലം മാറ്റിയെടുക്കാം 

LISTEN ON

സ്വയം വിശകലനം ചെയ്യുക
കുട്ടി മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാതെ പെരുമാറുകയും അനാദരവ് കാണിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ സ്വയം വിശകലനം ചെയ്യുക. കുട്ടിയുടെ സാമീപ്യത്തിൽ മാതാപിതാക്കൾ ഇത്തരത്തിൽ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോയെന്ന്. മാതാപിതാക്കളിൽ നിന്നും ഇത്തരം സ്വഭാവങ്ങൾ കുട്ടികൾ കണ്ടു പഠിക്കാനുള്ള സാധ്യത വളരെയേറെയാണ്. അത്തരത്തിൽ ഏതെങ്കിലും സന്ദർഭം ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുക. 

Representative image. Photo Credits: George Rudy/ Shutterstock.com
Representative image. Photo Credits: George Rudy/ Shutterstock.com

കുട്ടികളെയും ബഹുമാനിക്കുക 
കുട്ടികൾ സഹജീവികളോട്  അനാദരവ് കാണിക്കുമ്പോൾ അവരെ തിരുത്താനുള്ള ശ്രദ്ധ കാണിക്കുക. ഏത് പ്രായത്തിലുള്ള ആളുകളെയും ബഹുമാനിക്കണം എന്ന് പഠിപ്പിക്കുക. കുട്ടികളോട് മാതാപിതാക്കൾ ബഹുമാനത്തോടെ പെരുമാറുക, അവരുടെ വികാരങ്ങൾ അംഗീകരിക്കുക. അനാവശ്യമായി വാശി പിടിക്കുമ്പോൾ, ബഹുമാനത്തോടെ സംസാരിക്കുമ്പോൾ മാത്രമേ ഞാൻ നീ പറയുന്നത് കേൾക്കുകയുള്ളൂവെന്ന് കട്ടായം പറയുക. തുടർന്നും കുട്ടി അനാദരവ് തുടർന്നാൽ, സ്വയം തിരുത്തുനത് വരെ മാതാപിതാക്കൾ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാതിരിക്കുക. 

കുട്ടികളെ തെറ്റുകൾ തിരുത്താൻ ശീലിപ്പിക്കുക 
തെറ്റുകളിൽ നിന്ന് പുതിയ പഠിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകുക. “ഞാൻ അപ്പോഴേ പറഞ്ഞില്ലേ?” 'ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ' തുടങ്ങിയ വാക്കുകൾ ഒഴിവാക്കുക. അവർ എന്ത് തെറ്റ് ചെയ്തു എന്നത് തുറന്നു പറയാനും അത് തിരുത്താനും അവസരം നൽകുക. ഇത്തരത്തിൽ സ്വയംവിമർശനം നടത്താനുള്ള അവസരം നൽകി അവരെ പ്രോത്സാഹിപ്പിക്കുക. 

LISTEN ON

പോസിറ്റീവ് ആയിരിക്കുക
പോസിറ്റീവ് ആയ മനോഭാവം കുട്ടികളെയും പോസിറ്റിവ് ആയി നിലനിർത്താൻ സഹായിക്കുന്നു. നന്നായി ഉറങ്ങുക,  ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക, കുട്ടികളോട് നല്ല സമയം ചിലവഴിക്കുക എന്നിവയിലൂടെ നിങ്ങളുടെ മനസ് പോസിറ്റീവ് ആക്കി നിലനിർത്തുക. ഇത്തരം കാര്യങ്ങൾ  കുടുംബത്തിൽ സഹകരണപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.

Representative image. Photo credits: Deepak Sethi/ istock.com
Representative image. Photo credits: Deepak Sethi/ istock.com

കുഞ്ഞു ബ്രേക്കുകൾ ആകാം 
പലപ്പോഴും കുട്ടികൾ മറ്റുള്ള വ്യക്തികളോട് അനാദരവ് കാണിക്കുന്നത്  ദേഷ്യത്തോടെ പെരുമാറുമ്പോളാകാം. അങ്ങനെയുള്ളപ്പോൾ കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ദേഷ്യം വരുമ്പോൾ, സമാധാനത്തിനായി ഒരു ചെറിയ ഇടവേള എടുക്കുക. ഇത് വഴക്ക് വഷളാകുന്നത് തടയാൻ സഹായിക്കും. ചെറിയ പ്രായം മുതൽ ഇത്തരം ബ്രേക്ക് കുട്ടികളെ ശീലിപ്പിക്കുക.

English Summary:

Is Your Child Disrespectful? This Parenting Shift Could Be the Key!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com