കുട്ടികളെ എങ്ങനെ ഉത്തരവാദിത്വ ബോധത്തോടെ വളർത്താം
Mail This Article
കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, പ്ലേടൈം കഴിഞ്ഞാലും വീട്ടിൽ കയറാതിരിക്കുക, ഉറക്കം കഴിഞ്ഞെഴുന്നേറ്റാലും പ്രാഥമിക കൃത്യങ്ങളിലേക്ക് കടക്കാതിരിക്കുക, സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്ത് വയ്ക്കാതെ, ഹോം വർക്ക് ചെയ്യാതെ അലക്ഷ്യമായി നടക്കുക, ഓരോ ദിവസവും ഓരോ തരം തലവേദനകളാണ് കുട്ടികൾ മാതാപിതാക്കൾക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഇത്തരം അവസ്ഥകളിൽ സാധാരണ ഒട്ടുമിക്ക മാതാപിതാക്കളും ചെയ്യുന്നത് മക്കൾ ചെയ്യാതിരുന്ന ഇത്തരം കാര്യങ്ങൾ അവരായി ചെയ്യുക എന്നതാണ്. കളിപ്പാട്ടങ്ങൾ എടുത്തുവയ്ക്കാനും ഹോംവർക്ക് ചെയ്ത് കൊടുക്കാനും സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്തുവയ്ക്കാനുമെല്ലാം മാതാപിതാക്കൾ തയ്യാറാകുമ്പോൾ അവർ പോലും അറിയാതെ കുട്ടികൾ ഉത്തരവാദിത്വം ഇല്ലാത്തവരായി മാറുകയാണ്.
ഉത്തരവാദിത്വ ബോധമുള്ളവരായി കുഞ്ഞുങ്ങളെ വളർത്തുക എന്നത് ഏറെ ഗൗരവകരമായ കാര്യമാണ്. പഠനമെല്ലാം കഴിഞ്ഞു. പക്വതയും പാകതയും വന്നിട്ട് ശീലിക്കേണ്ട ഒന്നല്ല ഉത്തരവാദിത്വ ബോധം. തീരെ ചെറിയ പ്രായം മുതൽക്കേ ചെറിയ ചെറിയ കാര്യങ്ങളിൽ ഉത്തരവാദിത്വങ്ങൾ കുട്ടികളെ ശീലിപ്പിച്ചു തുടങ്ങണം. എങ്കിൽ മാത്രമേ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മികവ് പുലർത്താൻ കുട്ടികൾക്കാവൂ. എന്നാൽ പലപ്പോഴും അറിവില്ലായ്മ കൊണ്ടോ ശ്രദ്ധക്കുറവ് കൊണ്ടോ പല മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര മുൻകൈ എടുക്കുന്നില്ല.
കളിപ്പാട്ടങ്ങളിൽ നിന്നും തുടങ്ങാം
ചെറുപ്പം മുതൽ ഉത്തരവാദിത്വ ബോധം വളർത്തുന്നതിനായി കുട്ടികളെ ചെറിയ ചുമതലകൾ ഏൽപ്പിക്കുക, അവരുടെ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുക. രണ്ടോ മൂന്നോ വയസ് പ്രായം ആകുമ്പോൾ മുതൽ കുട്ടികളെ ഉത്തരവാദിത്വ ബോധം ശീലിപ്പിക്കാവുന്നതാണ്. അതിന്റെ ആദ്യ പടിയായി കളിപ്പാട്ടങ്ങൾ എടുത്താൽ തിരികെ എടുത്ത സ്ഥലത്ത് വയ്ക്കുന്ന സ്വഭാവം ശീലിപ്പിക്കുക. കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്നതിനായി കുട്ടികൾക്ക് ഒരു വലിയ ബോക്സോ ബാഗോ നൽകാവുന്നതാണ്. ഇത്തരത്തിൽ കുട്ടി കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോൾ കുട്ടികളെ അഭിനന്ദിക്കുക. ചെടി നനയ്ക്കുക, പത്രം എടുത്തുകൊണ്ട് വരിക, പത്രങ്ങൾ വായനയ്ക്ക് ശേഷം സൂക്ഷിക്കുക തുടങ്ങിയ മറ്റു ചെറിയ ജോലികളും നൽകാം.
മാതാപിതാക്കൾ മാതൃകയാകുക
കുട്ടികളെ ഉത്തരവാദിത്വങ്ങൾ ശീലിപ്പിക്കുമ്പോൾ അത് വാക്കുകൾ കൊണ്ട് പറഞ്ഞും വഴക്കു പറഞ്ഞും ആകരുത്. അച്ഛനമ്മമാർ സ്വയം മാതൃകയായി വേണം കുട്ടികളെ ഉത്തരവാദിത്വങ്ങൾ ശീലിപ്പിക്കാൻ. തീരെ ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം ദിനചര്യങ്ങൾ ചെയ്യുകയെന്നത് ഒരു ഉത്തരവാദിത്വമാണ്, അത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുമിച്ചു പല്ലു തേക്കുകയും വീട് വൃത്തിയാക്കുകയുമെല്ലാം ചെയ്യാം. മാതാപിതാക്കളെ കണ്ട് കുട്ടികൾ ശീലിക്കുന്ന ശീലങ്ങൾ കാലാകാലങ്ങളോളം അവരുടെ മനസ്സിൽ നിലനിൽക്കും.
തുറന്ന സംഭാഷണങ്ങളിലൂടെ തിരുത്തുകൾ വരുത്താം
കുട്ടികളിൽ നിന്നും മാതാപിതാക്കളും സമൂഹവും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു മനസിലാക്കുക. കുട്ടികൾക്ക് തന്റെ ഉത്തരവാദിത്വങ്ങൾ തിരിച്ചറിയാൻ അല്പം കാലതാമസം വന്നേക്കാം. എന്നാൽ അതിനുള്ള അവസരം നൽകുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാര്യങ്ങൾ തുറന്നു സംസാരിക്കുക, ആവർത്തിച്ചു പറഞ്ഞു മനസിലാക്കുക. ഫലം ഉണ്ടാകും ഉറപ്പ്.
അവസരങ്ങൾ നൽകുക
ഉത്തരവാദിത്വബോധമുള്ള കുട്ടികളായി വളരുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകുക എന്നതും അവരെ വിശ്വാസത്തിലെടുക്കുക എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വളർത്തു മൃഗങ്ങളുടെ പരിചരണം, ചെടികളുടെ പരിപാലനം, സഹോദരങ്ങളെ സഹായിക്കുക, തുടങ്ങി ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ കുട്ടികൾക്ക് നൽകുക, അവരത് അനുസരിക്കുമ്പോൾ വേണ്ട പ്രോത്സാഹനവും നൽകുക.
പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുക പലപ്പോഴും കുട്ടികൾ അവരെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കുന്നതിൽ വിമുഖത കാണിക്കുകയും ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തേക്കാം. ഇത്തരം അവസരങ്ങൾ കുട്ടികളെ വഴക്ക് പറയാതെ, തെറ്റ് തിരുത്തി നൽകുകയും തുടർച്ചയായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെടാൻ പ്രചോദനമാകും.