'മുതിർന്നവർക്ക് മാത്രം മതിയോ ഇതൊക്കെ, കുട്ടികൾക്കും വേണം'; ഇതാ ചില 'കുട്ടി' ന്യൂ ഇയർ തീരുമാനങ്ങൾ
Mail This Article
2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് എല്ലാവരും. പതിവുപോലെ ന്യൂ ഇയർ റെസൊല്യൂഷൻ തയ്യാറാക്കാനുള്ള തിരക്കിലായിരിക്കും മിക്കവരും. പൊതുവേ മുതിർന്നവരാണ് പുതുവത്സര തീരുമാനങ്ങൾ എടുക്കാറുള്ളത്. എന്നാൽ, ന്യൂ ഇയർ റെസൊല്യൂഷൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ബാധകമാണ്. ചെറുപ്പത്തിൽ തന്നെ ഇത്തരം ശീലങ്ങൾ കുട്ടികളെ പഠിപ്പിച്ചാൽ വലുതാകുമ്പോഴും ഇത്തരം ശീലങ്ങൾ പിന്തുടരാൻ അവർക്ക് കഴിയും. കൂടാതെ, നല്ല ശീലങ്ങൾ രൂപപ്പെടുത്താൻ കുട്ടികൾക്ക് ഇതൊരു പ്രോത്സാഹനം ആകുകയും ചെയ്യും.
കുട്ടികളുടെ ഒപ്പമിരുന്ന് വേണം പുതിയ വർഷത്തേക്കുള്ള തീരുമാനങ്ങൾ എടുക്കാൻ. ഒന്നോ രണ്ടോ തീരുമാനങ്ങൾ അവരുടെ പുതുവത്സര തീരുമാനമായി എടുക്കാൻ പ്രോത്സാഹിപ്പിക്കാം. അത്തരം തീരുമാനങ്ങളിൽ രാവിലെ എഴുന്നേറ്റ് പല്ലു തേക്കുന്നത് മുതൽ വായനാശീലം വരെ ഉൾപ്പെടുത്താം. പച്ചക്കറി കഴിക്കുന്നതും ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുന്നതും മിഠായി കഴിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുമെല്ലാം അത്തരം തീരുമാനങ്ങളുടെ ഭാഗമാണ്. രസകരമായി വേണം കുട്ടികളെ ഇത്തരം കാര്യങ്ങളിൽ പങ്കാളികളാക്കാൻ.
പ്രി സ്കൂളുകാർക്ക് പറ്റിയ ചില ന്യൂ ഇയർ റെസൊല്യൂഷൻ
∙ കളിപ്പാട്ടങ്ങൾ വ്യത്തിയായി സൂക്ഷിക്കും. എടുത്ത സ്ഥലത്ത് തന്നെ കളിപ്പാട്ടം തിരികെ വെക്കുന്നത് ആയിരിക്കും.
∙ ദിവസത്തിൽ രണ്ടു തവണ പല്ലു തേക്കാൻ എന്നെ സഹായിക്കാൻ മാതാപിതാക്കളെ അനുവദിക്കും
∙ ബാത്ത് റൂമിൽ പോയതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഞാൻ കൈ കഴുകും
∙ എല്ലാ നിറത്തിലുമുള്ള പച്ചക്കറികളും കഴിക്കും. പുതിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കും.
∙ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ മേശ എങ്ങനെ വൃത്തിയാക്കണമെന്ന് ഞാൻ പഠിക്കും.
∙ എല്ലാ മൃഗങ്ങളോടും സൗഹാർദ്ദപരമായി പെരുമാറും. ഓമനമൃഗങ്ങളെ താലോലിക്കുന്നതിനു മുമ്പ് അവയുടെ ഉടമസ്ഥരോട് എങ്ങനെ അനുവാദം ചോദിക്കണമെന്ന് പഠിക്കും.
∙ റോഡ് മുറിച്ചു കടക്കുന്ന സമയത്ത് മുതിർന്നയാളുടെ കൈയിൽ പിടിക്കും
∙ മറ്റ് കുട്ടികളോട് നല്ല രീതിയിൽ പെരുമാറും
∙ എനിക്ക് സഹായം ആവശ്യമുള്ളപ്പോൾ അല്ലെങ്കിൽ ഭയം തോന്നുമ്പോൾ മാതാപിതാക്കളോടോ മുതിർന്നവരോടോ സംസാരിക്കും.
5 - 12 പ്രായത്തിലുള്ളവർക്ക് പറ്റിയ ന്യൂ ഇയർ റെസൊല്യൂഷൻസ്
∙ എല്ലാ ദിവസവും വെള്ളം കുടിക്കും. പാൽ പോലെയുള്ള ആരോഗ്യകരമായ പാനീയങ്ങളും കുടിക്കും. സോഡ, ഫ്രൂട് ഡ്രിങ്ക്സ് എന്നിവ വിശേഷാവസരങ്ങളിൽ മാത്രമായിരിക്കും കുടിക്കുക.
∙ കാറിൽ കയറുന്ന സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കും. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള ഉയരം ആകുന്നതു വരെ പിൻസീറ്റിൽ ബൂസ്റ്റർ സീറ്റ് ഉപയോഗിക്കും.
∙ ഓടിക്കളിക്കുക, ചാടുക, നൃത്തം ചെയ്യുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഏർപ്പെടും.
∙ പുറത്ത് പോകുമ്പോൾ തൊപ്പിയും സൺഗ്ലാസും ധരിച്ച് സ്കിൻ സംരക്ഷിക്കും
∙ ബൈക്ക്, സ്കൂട്ടർ, സ്കേറ്റ് ബോർഡ് യാത്രകളിൽ ഹെൽമെറ്റ് ധരിക്കും
∙ കൂട്ടുകാരെ ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളുമായി സംസാരിച്ച് അവരോട് സൗഹൃദം പുലർത്താൻ ശ്രമിക്കും.
∙ സ്കൂൾ എല്ലാവർക്കും സുരക്ഷിതമായിരിക്കാൻ, ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകൾ കേട്ടാൽ, അതിനെക്കുറിച്ച് മുതിർന്നവരെ അറിയിക്കും.
∙ എന്റെ വൃക്തിപരമായ വിവരങ്ങൾ സുരക്ഷിതമായി കാത്തു സൂക്ഷിക്കും. പേര്, മേൽവിലാസം, സ്കൂളിന്റെ പേര്, ടെലഫോൺ നമ്പർ എന്നിവ ഓൺലൈനിൽ പങ്കുവെയ്ക്കില്ല. കമ്പ്യൂട്ടറിലോ ഫോണിലോ ചാറ്റ് ചെയ്യുന്ന ഒരാൾക്ക് രക്ഷിതാവിന്റെ അനുമതിയില്ലാതെ എന്റെ ഫോട്ടോകൾ അയയ്ക്കില്ല.
∙ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാതാപിതാക്കളോടോ മുതിർന്നവരോടോ അതിനെക്കുറിച്ച് സംസാരിക്കും
∙ വിഡിയോ ഗെയിം, ഇന്റർനെറ്റ് ഉപയോഗം എന്നിവയ്ക്കായി നിശ്ചയിക്കപ്പെട്ട സമയം മാത്രമേ ഉപയോഗിക്കുകയുള്ളൂ.
∙ പുസ്തക വായനയ്ക്കായി സമയം നീക്കി വെക്കും
കൗമാരക്കാർക്കുള്ള ന്യൂ ഇയർ റെസൊല്യൂഷൻസ്
∙ എല്ലാ ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കും. സോഡ, ഫ്രൂട്ട് ഡ്രിങ്കുകൾ എന്നിവ പ്രത്യേക സമയങ്ങളിൽ മാത്രം കഴിക്കും.
∙ ശാരീരിക വ്യായാമങ്ങളിലും ശരിയായ അളവിലുള്ള ഭക്ഷണത്തിലൂടെയും ശരീരം നന്നായി സംരക്ഷിക്കും.
∙ ഉയർന്ന നിലവാരമുള്ള ടി വി ഷോകളും വിഡിയോ ഗെയിമുകളും മാത്രമേ കാണുകയുള്ളൂ. ഇതിനായി നിശ്ചിത സമയം മാത്രമേ ഞാൻ ഉപയോഗിക്കുകയുള്ളൂ.
∙ എട്ടു മുതൽ പത്തു മണിക്കൂർ വരെ സമയം ഓരോ ദിവസവും ഉറങ്ങും.
∙ സഹായം ആവശ്യമുള്ളവരെ കഴിയുന്നവിധം സഹായിക്കാൻ ശ്രമിക്കും.
∙ ദേഷ്യം, സമ്മർദ്ദം എന്നിവ തോന്നുമ്പോൾ ഇടവേള എടുക്കുകയും അതിനെ മറികടക്കാൻ വ്യായാമം, വായന, എഴുത്ത് എന്നിവയിൽ ഏർപ്പെടുകയും ചെയ്യും.
∙ ബുദ്ധിമുട്ടേറിയ സാഹചര്യം വരുമ്പോൾ മാതാപിതാക്കളോടോ മുതിർന്നവരോടോ ഞാൻ സഹായം അഭ്യർത്ഥിക്കും
∙ സുഹൃത്തുക്കൾ അപകടകരമായ രീതീയിലൂടെ സഞ്ചരിക്കുമ്പോൾ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് പറയാനും അവരെ ആപത്തിൽ നിന്ന് രക്ഷിക്കാനും ശ്രമിക്കും.
∙ പ്രണയം പോലെയുള്ള കാര്യങ്ങളിൽ ബുദ്ധിയോടെ തിരഞ്ഞെടുപ്പ് നടത്തും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഞാൻ മറ്റുള്ളവരെ നിർബന്ധിക്കില്ല. അതുപോലെ എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നവരിൽ നിന്ന് അകന്നു നിൽക്കും.
∙ മയക്കുമരുന്ന്, മദ്യം, പുകവലി എന്നിവ ഉപയോഗിക്കാൻ മറ്റുള്ളവർ നിർബന്ധിച്ചാൽ അവരിൽ നിന്ന് മാറിനിൽക്കും.
∙ ഡ്രൈവ് ചെയ്യുമ്പോൾ എപ്പോഴും സീറ്റ് ബെൽറ്റ് ഉപയോഗിക്കും. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കുകയോ സന്ദേശങ്ങൾക്ക് മറുപടി അയയ്ക്കുകയോ ചെയ്യില്ല.