ADVERTISEMENT

കുറുമ്പു കാണിക്കുന്ന കുട്ടികളെ പേടിപ്പിക്കാനും ഒന്നും കഴിക്കാതെ കളിച്ചുനടക്കുന്ന കുട്ടികളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാനുമൊക്കെ നമ്മുടെ നാട്ടില്‍ അമ്മമാരും മുത്തശ്ശിമാരുമൊക്കെ ഒരു തന്ത്രം പ്രയോഗിക്കാറുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ കോക്കാനു പിടിച്ചു കൊടുക്കുമെന്നു പറഞ്ഞു പേടിപ്പിക്കുന്നതാണത്. കോക്കാന്‍ എങ്ങനെയിരിക്കുമെന്നോ എവിടെയാണു താമസമെന്നോ ഒന്നും ആര്‍ക്കും അറിയില്ല. അതെല്ലാം പലരുടെയും ഭാവനയ്ക്കനുസരിച്ച് കുട്ടികളുടെ മനസ്സില്‍ ഓരോരോ രൂപം സ്വീകരിക്കുകയാണു പതിവ്. ജപ്പാനിലുമുണ്ട് ഇതുപോലെ കുട്ടികളെ പേടിപ്പിക്കുന്ന ഒരു കോക്കാന്‍. അവിടെപക്ഷേ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഭയപ്പെടുത്തും ടിക്കെ ടിക്കെ എന്ന പ്രേതം. അതിനെക്കുറിച്ച് പുസ്തകങ്ങളും സിനിമകളും വരെ വന്നിട്ടുണ്ട്. ടിക്കെ ടിക്കെ യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോഴും ജപ്പാനിലുണ്ട്. ഒരു നാടോടിക്കഥ പോലെ ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണെന്നു വിശ്വസിക്കുന്നവര്‍ മറുവശത്തുമുണ്ട്. പക്ഷേ കുട്ടികളെ പേടിപ്പിക്കുമെങ്കിലും ജപ്പാനിലെ മാതാപിതാക്കള്‍ക്ക് ടിക്കെ ടിക്കെയെ ഇഷ്ടമാണ്. അതിനു പിന്നിലൊരു കഥയുണ്ട്...

tike-tike-the-japanese-ghost1

ജപ്പാനില്‍ പണ്ടൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. സുന്ദരിയായിരുന്ന ആ കുട്ടി ഒരു ദിവസം സ്‌കൂളില്‍നിന്നു മടങ്ങുകയായിരുന്നു. റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ വരുന്ന കാര്യം അവളറിഞ്ഞില്ല. ട്രെയിനിടിച്ചു, കുട്ടി സമീപത്തേക്കു തെറിച്ചുവീണു. ട്രെയിന്‍ ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലോട്ട് വേര്‍പെട്ടു പോയി. കുറേ നേരം അവള്‍ ആ റെയില്‍പാളത്തിനടുത്തു കിടന്നു. ആരും കണ്ടില്ല. ഒടുവില്‍ മരിച്ചു പോയി. പിന്നീടായിരുന്നു യഥാര്‍ഥ പ്രശ്‌നം. ഒരു ദിവസം ജപ്പാനിലെ ഒരു സ്‌കൂള്‍ കുട്ടി കൂട്ടുകാരോടൊപ്പം കളിച്ച് വൈകി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്‌കൂള്‍ ഗേറ്റിനടുത്തേക്ക് നടക്കുന്നതിനിടെ പിന്നില്‍ ഒരു ശബ്ദം. നോക്കുമ്പോള്‍ മുകളിലെ നിലയില്‍ ജനലില്‍ പുറത്തേക്കു കൈകളിട്ട് ഒരു പെണ്‍കുട്ടി. അവനാകെ അദ്ഭുതമായി. നേരം വൈകിയിരിക്കുന്നു. മാത്രവുമല്ല ആ സ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കായുള്ളതുമാണ്. പെണ്‍കുട്ടി അവനെ നോക്കി ചിരിച്ചു. പെട്ടെന്നായിരുന്നു അടുത്ത സംഭവം. അവള്‍ ജനല്‍വഴി പുറത്തേക്കു ചാടി. നിലത്ത് രണ്ട് കൈകളും കുത്തിയാണു വീണത്. ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു- ആ പെണ്‍കുട്ടിക്ക് അരയ്ക്കു താഴേക്ക് ഇല്ല. കൈകള്‍ രണ്ടും നിലത്ത് കുത്തി ചാടിച്ചാടി അവന്റെയടുത്തേക്ക് ഓടിവരികയാണ് അവള്‍. ടിക്കെ ടിക്കെ ടിക്കെ എന്നു ശബ്ദമുണ്ടാക്കിയാണു വരവ്. ഓടണമെന്നുണ്ടായിരുന്നു, പക്ഷേ പ്രതിമ പോലെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ആണ്‍കുട്ടി. പെട്ടെന്ന് അവളുടെ കയ്യില്‍ അരിവാള്‍ പോലെ വലിയൊരു ആയുധം. അത് വീശി ആ കുട്ടിയെയും അവള്‍ സ്വന്തം രൂപത്തിലേക്കു മാറ്റി. 

വൈകാതെ ടിക്കെ ടിക്കെയുടെ കഥ ജപ്പാന്‍ നിറയെ പരന്നു. പലയിടത്തുനിന്നും പേടിപ്പെടുത്തുന്ന പലതരം കഥകള്‍ വരാന്‍ തുടങ്ങി. എല്ലാറ്റിലും ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. സന്ധ്യയോടെയാണ് ടിക്കെ ടിക്കെ കുട്ടികളെ തേടിയിറങ്ങുക. പിന്നില്‍നിന്ന് എന്തെങ്കിലും ശബ്ദം കേട്ടു തിരിഞ്ഞ് നോക്കി ടിക്കെ ടിക്കെയെ കണ്ടാല്‍ മരണം ഉറപ്പ്. ഓടി രക്ഷപ്പെട്ടാലും മൂന്നു ദിവസത്തിനകം മരിക്കും. ജപ്പാനില്‍ കുട്ടികളെ പേടിപ്പിക്കാന്‍ മാതാപിതാക്കള്‍ ഈ കഥ പറയാനുമുണ്ട് ഒരു കാരണം. സ്‌കൂള്‍ വിട്ടാല്‍ അവിടെയും ഇവിടെയും കറങ്ങിനടക്കാതെ സന്ധ്യയ്ക്കു മുന്‍പ് കുട്ടികളെല്ലാം വീട്ടിലെത്താന്‍ മാതാപിതാക്കളുടെ മുന്നിലുള്ള വഴിയായിരുന്നു ടിക്കെ ടിക്കെയുടെ കഥ. മാത്രവുമല്ല അപരിചിതരെ കണ്ടാല്‍ അവര്‍ക്കൊപ്പം പോകാതിരിക്കാനുള്ള വഴി കൂടിയായിരുന്നു അത്. പിന്നില്‍നിന്ന് ആരെങ്കിലും വിളിച്ചാല്‍ പിള്ളേര്‍ ടിക്കെ ടിക്കെയാണെന്നു കരുതി ജീവനും കൊണ്ടോടുമല്ലോ! അതിനാല്‍ത്തന്നെ കേള്‍ക്കുമ്പോള്‍ പേടിതോന്നുമെങ്കിലും ജപ്പാനിലെ മാതാപിതാക്കളുടെ ഇഷ്ടപ്രേതമാണ് ടിക്കെ ടിക്കെ- പേടിപ്പിച്ചിട്ടാണെങ്കിലും അവരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ടിക്കെ ടിക്കെ സഹായിക്കുന്നുണ്ടല്ലോ! 

 English summary : Tike Tike the Japanese ghost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com