ആൺവേഷം കെട്ടി സൈന്യത്തിൽ ചേർന്ന പെൺകുട്ടി; മുലാൻ എന്ന വീര വനിതായോദ്ധാവ് ജീവിച്ചിരുന്നിരുന്നോ?
Mail This Article
കൂട്ടുകാർ ഹുവാ മുലാന്റെ കഥ കേട്ടിട്ടുണ്ടോ? ചൈനക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത കഥയാണത്. ചൈനീസ് സൈന്യത്തിൽ ചേരാൻ ഒരു പെൺകുട്ടി ആൺവേഷം കെട്ടി, പേരെടുത്ത പോരാളിയാകുന്നതാണ് മുലാന്റെ കഥ. അച്ഛന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ ഒരു മന്ത്രവാദിനിയെ കൂട്ടുപിടിച്ച് ചൈനയിലേക്കു വരുന്ന ബോറി ഖാൻ എന്ന വില്ലനെ ഇല്ലാതാക്കുകയായിരുന്നു മുലാന്റെയും സംഘത്തിന്റെയും ലക്ഷ്യം. ചൈനീസ് നാടോടിപ്പാട്ടുകളിൽ ഇന്നും മുഴങ്ങുന്ന മുലാന്റെ കഥ വാൾട്ട് ഡിസ്നി സിനിമയുമാക്കിയിട്ടുണ്ട്.
യഥാർഥത്തിൽ മുലാൻ എന്ന വീര വനിതായോദ്ധാവ് ജീവിച്ചിരുന്നിരുന്നോ? എഡി 420നും 589നും ഇടയിൽ ചൈനയിൽ മുലാൻ ജീവിച്ചിരുന്നുവെന്നാണു കരുതുന്നത്. 12 വർഷത്തോളം ആൺവേഷം ധരിച്ച് ചൈനീസ് സൈന്യത്തിനു വേണ്ടി ഇവർ പോരാടിയെന്നും നാടോടിപ്പാട്ടുകളിൽ പറയുന്നു. സംഗതി എന്തൊക്കെയാണെങ്കിലും മുലാന്റെ കാലത്ത് പലയിടത്തും സൈന്യത്തിൽ വനിതാ യോദ്ധാക്കളുണ്ടായിരുന്നുവെന്നാണു ചരിത്രഗവേഷകർ പറയുന്നത്. ആ വാദത്തിനു ശക്തി പകരുന്ന ഒന്നാന്തരമൊരു തെളിവും അവർക്ക് അടുത്തിടെ ലഭിച്ചു. 1500 വർഷം മുൻപ് ജീവിച്ചിരുന്ന രണ്ട് വനിതാ യോദ്ധാക്കളുടെ അസ്ഥികൂടമാണ് മംഗോളിയയിൽ നിന്നു ലഭിച്ചത്.
ഒട്ടേറെ പോരാളികളെ അടക്കം ചെയ്ത ശ്മശാനത്തിൽനിന്നായിരുന്നു രണ്ടു വനിതാ പോരാളികളുടെ അസ്ഥികൂടം ലഭിച്ചത്. അവരുടെ അസ്ഥികൾ പരിശോധിച്ചതിൽനിന്ന് ഒരു കാര്യം വ്യക്തം– നല്ല പോലെ വ്യായാമം ചെയ്തിരുന്ന, ഉറച്ച ശരീരമായിരുന്നു ഇരുവരുടെയും. ഇന്നത്തെ അത്‍ലറ്റുകളെപ്പോലെ! ദീർഘകാലം കുതിരയെ ഓടിക്കുകയും അമ്പെയ്യുകയും ചെയ്താൽ അത് അസ്ഥികളെ എങ്ങിനെ ബാധിക്കുമെന്നറിയാനുള്ള ഗവേഷണവും കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് മംഗോളിയയിലെ 29 ശവകുടീരങ്ങൾ പരിശോധിച്ചത്. അസ്ഥികൾ പരിശോധിച്ചതിൽ നിന്നാണ് കുതിരയെ ഓടിക്കാനും അമ്പെയ്യാനുമെല്ലാം അറിയാവുന്നവരായിരുന്നു ഇരുവരുമെന്നു മനസ്സിലായത്.
എഡി 265നും 581നും ഇടയിൽ ചൈനയുടെ പരിസരത്തുണ്ടായിരുന്ന വലിയ ഗോത്ര വിഭാഗത്തിന്റെ ഭാഗമായിരുന്നു ഇരുവരുമെന്നാണു നിഗമനം. അസ്ഥികളുടെ കാലപ്പഴക്കം നിർണയിച്ചതിൽനിന്നാണ് അതു വ്യക്തമായത്. അക്കാലത്തുതന്നെയാണു മുലാനും ജീവിച്ചിരുന്നതായി കരുതുന്നത്. അന്ന് പ്രദേശത്ത് യുദ്ധസാഹചര്യം കനത്തത്തോടെ ഓരോ വീട്ടിൽനിന്നും ഒരു പുരുഷൻ വീതം സൈന്യത്തിൽ ചേരണമെന്ന രാജകൽപന വന്നിരുന്നു. എന്നാൽ മുലാന്റെ പിതാവിന് അതിനു സാധിക്കാതെ വന്നതോടെ രണ്ടു പെൺമക്കളിൽ ഒരാളെ യുദ്ധത്തിന് അയയ്ക്കുകയായിരുന്നു. അതും പുരുഷ വേഷത്തിൽ. അക്കാലത്ത് ചൈനയിൽ വനിതകൾക്കു സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല. എന്നാൽ മംഗോളിയയിലും മറ്റു പ്രദേശങ്ങളിലും വിവിധ ഗോത്രങ്ങളില്‍ വനിതാ പോരാളികളുണ്ടായിരുന്നുവെന്നും ചരിത്ര ഗവേഷകർ പറയുന്നു. അത്തരം വനിതകളിൽനിന്നു ചൈന സൃഷ്ടിച്ചെടുത്തതാകാം മുലാന്റെ കഥയെന്നും പറയപ്പെടുന്നുണ്ട്. മുലാന്റെ കഥയ്ക്ക് പ്രചോദനമായത് ഈ രണ്ടു പേരുടെ ജീവിതമാണോയെന്നാണ് ഗവേഷകർ ഇപ്പോൾ അന്വേഷിക്കുന്നത്.
English Summary : Mulan the Chinese woman warrior's skeleton found