ADVERTISEMENT

കടലിന്റെയും തടാകങ്ങളുടെയുമെല്ലാം ആഴമളക്കാന്‍ ശബ്ദതരംഗങ്ങളാണ് ഗവേഷകര്‍ ഉപയോഗിക്കുക എന്ന കാര്യം സ്‌കൂള്‍തലത്തില്‍ ഭൗതിക ശാസ്ത്രത്തില്‍ പഠിക്കാനുണ്ട്. ആഴങ്ങളിലേക്ക് ശബ്ദതരംഗങ്ങള്‍ അയച്ച് അവ പ്രതിധ്വനിക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് ആഴം നിശ്ചയിക്കുന്നതെന്നും കൊച്ചുകൂട്ടുകാര്‍ പഠിച്ചിട്ടുണ്ടാകും. ആഴക്കടലില്‍ മുങ്ങിപ്പോയ പഴയകാല കപ്പലുകളെയും മറ്റും കണ്ടെത്തുന്നതും സോണാര്‍ സര്‍വേ എന്ന ഈ രീതി ഉപയോഗിച്ചാണ്. അത്തരമൊരു സര്‍വേ നടത്തുകയായിരുന്നു ഒരു കൂട്ടം ഗവേഷകര്‍. സ്ഥലം ഇസ്രയേലിലെ സീ ഓഫ് ഗലീലി എന്നറിയപ്പെടുന്ന തടാകം. ലോകത്തില്‍ സമുദ്രനിരപ്പിന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണ് സീ ഓഫ് ഗലീലി. അതിന്റെ ആഴങ്ങളെപ്പറ്റിയുള്ള സോണാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഗവേഷകര്‍ ഒരു കാഴ്ച കണ്ട് അമ്പരന്നു പോയി. വൃത്താകൃതിയില്‍ ഭീമാകാരമായ എന്തോ ഒന്ന് തടാകത്തിന്റെ അടിത്തട്ടിലുണ്ട്. 

ജലനിരപ്പില്‍നിന്ന് ഏകദേശം 30 അടി താഴെയായിട്ടായിരുന്നു അത്. പ്രകൃതിദത്തമായ എന്തെങ്കിലും മണ്‍കൂനയോ പാറക്കൂട്ടമോ ചെറു പര്‍വതമോ ആയിരിക്കുമെന്നാണു ഗവേഷകര്‍ കരുതിയത്. കൂടുതല്‍ നിരീക്ഷണത്തിനായി ഒരു സംഘം സ്‌കൂബ ഡൈവര്‍മാരെയും അയച്ചു. തടാകത്തിന്റെ അടിത്തട്ടില്‍ അവരെ കാത്തിരുന്നത് അസാധാരണമായ ഒരു കാഴ്ചയായിരുന്നു. ഒന്നിനു മുകളില്‍ ഒന്നായി മിനുസമുള്ള പാറക്കൂട്ടങ്ങള്‍ അടുക്കിവച്ച് നിര്‍മിച്ച ഒരു സ്തൂപമായിരുന്നു അത്. കോണ്‍ ആകൃതിയിലുള്ള ആ സ്തൂപം നിര്‍മിച്ചതാകട്ടെ ബസാള്‍ട്ട് ശില കൊണ്ടും. ഇക്കാലമത്രയും വെള്ളത്തിനടിയില്‍ ആയിരുന്നതിനാല്‍ കല്ലുകള്‍ക്കെല്ലാം ഏറെ മിനുസം. പാറകളൊന്നും മനുഷ്യര്‍ ചെത്തിമിനുക്കി മിനുസ്സപ്പെടുത്തിയതല്ലെന്നും വ്യക്തമായി. പക്ഷേ ഒരു കാര്യം വ്യക്തം- ആ സ്തൂപം മനുഷ്യനിര്‍മിതമാണ്. കൃത്യമായ വലുപ്പവും ആകൃതിയും നിശ്ചയിച്ചാണ് അതു നിര്‍മിച്ചിരുന്നത്. കൂട്ടത്തില്‍ ഏറ്റവും നീളമുള്ള പാറയ്ക്ക് 3.2 അടിയുണ്ടായിരുന്നു നീളം. ഏകദേശം 32 അടിയായിരുന്നു സ്തൂപത്തിന്റെ ഉയരം. അതു വ്യാപിച്ചു കിടന്നിരുന്ന പ്രദേശത്തിന്റെ വ്യാസമാകട്ടെ ഏകദേശം 230 അടിയും. മൊത്തം പാറയുടെ കണക്കെടുത്താല്‍ അവയ്ക്ക് ഏകദേശം 60,000 ടണ്‍ ഭാരം വരും. ഇന്നത്തെ കാലത്തെ ഒരു ഒത്ത യുദ്ധക്കപ്പലിനേക്കാള്‍ ഭാരം! 

mysterious-stone-structure-beneath-sea-of-galilee1
Image credit: Shmuel Marco

ലോകത്തിന്റെ പല ഭാഗത്തും അത്തരം ആകൃതിയിലുള്ള നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലങ്ങളിലെ അടയാളമായി നിര്‍മിച്ചതായിരുന്നു. പക്ഷേ വെള്ളത്തിനടിയില്‍ അത്തരമൊരു സ്തൂപം ആദ്യത്തെ സംഭവമായിരുന്നു. ഒരുപക്ഷേ നിര്‍മിച്ച സമയത്ത് സ്തൂപം കരയിലായിരിക്കുകയും പിന്നീട് തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്ന് കരയെ കവര്‍ന്നതായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം 4000 വര്‍ഷത്തെ പഴക്കവും ഇതിനു പ്രതീക്ഷിക്കുന്നു. ആ വാദത്തിനും ബലം പകരുന്ന ചില തെളിവുകളും തടാകത്തിലും പരിസരത്തുമുണ്ടായിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടിയ മണലിന്റെ സഹായത്താലായിരുന്നു അതിലൊന്ന്. 10 അടിയോളം ഉയരത്തിലായിരുന്നു മണല്‍ കെട്ടിക്കിടന്നത്. പ്രതിവര്‍ഷം ഇത്തരത്തില്‍ തടാകത്തിന്റെ അടിത്തട്ടില്‍ ഒന്നു മുതല്‍ നാല് മില്ലി മീറ്റര്‍ വരെ ഉയരത്തില്‍ മണല്‍ അടിഞ്ഞു കൂടുമെന്നാണു കണക്ക്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്തൂപത്തിന് 2000 മുതല്‍ 12,000 വര്‍ഷം വരെ പഴക്കം കണ്ടേക്കാം. ബിസി 1000ത്തില്‍ നിര്‍മിച്ചതാകാമെന്നുള്ള വാദത്തിനു ബലം പകര്‍ന്നത് തടാകത്തിന്റെ പരിസരത്തു കണ്ടെത്തിയ ചില നിര്‍മിതികളായിരുന്നു. 

ഏകദേശം ഇതേ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്നു തെളിഞ്ഞ ചില സ്തൂപങ്ങളായിരുന്നു അത്. മെഗാലിതിക് നിര്‍മിതികള്‍ എന്നറിയപ്പെടുന്ന അവ കൃത്യമായ കണക്കുകൂട്ടലിലൂടെ നിര്‍മിച്ച സ്തൂപങ്ങളായിരുന്നു. പ്രധാനമായും ആചാരങ്ങളുടെ ഭാഗമായും മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അടയാളമായിട്ടുമായിരുന്നു അവ നിര്‍മിച്ചിരുന്നത്. തടാകത്തിനടിയിലെ പാറസ്തൂപം കണ്ടതിന് ഏകദേശം 30 കിലോമീറ്റര്‍ മാറി സമാനമായ, കോണാകൃതിയിലുള്ള മൂന്നു സ്തൂപങ്ങളുണ്ടായിരുന്നു. പലതരത്തിലുള്ള പാറകളായിരുന്നു അതിലും ഉപയോഗിച്ചിരുന്നത്. മൂന്നു സ്തൂപങ്ങളില്‍ ഒരെണ്ണത്തിന് 184 അടിയായിരുന്നു വ്യാസം. ബിസി 1000ത്തില്‍ ഏകദേശം 74 ഏക്കര്‍ പ്രദേശത്ത് നിറഞ്ഞുനിന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ആ സ്തൂപങ്ങളെന്നും കണ്ടെത്തിയിരുന്നു. ഏകദേശം 5000 പേര്‍ അക്കാലത്ത് അവിടെയുണ്ടായിരുന്നു. നടപ്പാതകളും മറ്റു സൗകര്യങ്ങളുമെല്ലാമായി കൃത്യമായ ഭരണസംവിധാനവും അവര്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നിരിക്കാം തടാകത്തിലെ നിര്‍മിതിയെന്നും ഗവേഷകര്‍ കരുതുന്നു. ചിലപ്പോള്‍ മീന്‍ വളര്‍ത്തലിനു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നതാകാം ഈ സ്തൂപമെന്നും കരുതുന്നവരുണ്ട്. 2013ലാണ് സീ ഓഫ് ഗലീലിയിലെ ഈ അദ്ഭുത സ്തൂപത്തെപ്പറ്റിയുള്ള പഠനം പുറത്തുവരുന്നത്. തടാകത്തിനടിയില്‍ പോയി ഇതിനെപ്പറ്റി വിശദമായി പഠിക്കുകയെന്നത് ഏറെ ചെലവുള്ള, സമയമെടുക്കുന്ന പ്രക്രിയയുമാണ്. ഇപ്പോഴും ഇതിനെപ്പറ്റിയുള്ള പഠനം പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിനായിട്ടില്ല. അതിനാല്‍ത്തന്നെ സീ ഓഫ് ഗലീലിയിലെ ശിലാസ്തൂപം ലോകത്തില്‍ ഇന്നുവരെ കണ്ടെത്തിയ പുരാവസ്തു നിഗൂഢതകള്‍ക്കിടയില്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുകയാണ്.

English Summary : Mysterious stone structure beneath Sea of Galilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com