ADVERTISEMENT

പൂവിൽ നിന്നും തേനീച്ചകൾ തേൻ ശേഖരിക്കുന്നത് കണ്ടിട്ടില്ലേ? വിശ്രമമില്ലാതെ, ഓരോ പൂവിലും കയറിയിറങ്ങി, ഓരോ തുള്ളി തേൻ വീതം സ്വന്തമാക്കി അത് കൂട്ടിൽ കൊണ്ട് വന്നു വയ്ക്കുന്ന തേനീച്ചക്കൂട്ടത്തിന്റെ ജോലി എളുപ്പമാക്കുകയാണ് റഫ്‌ളീഷ്യ എന്ന പൂവ്. കാര്യം എന്നതാണെന്നല്ലേ ? പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5 മുതൽ 6 കിലൊ വരെ തേൻ കിട്ടും. കേട്ടപ്പോൾ അല്പം ഞെട്ടിയല്ലേ ? ഇത്രയും തേൻ കിട്ടാൻ ഒരു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ പൂവാണ് റഫ്‌ളീഷ്യ.

അഞ്ച് ഇതളുകളുള്ള, ചുമന്ന നിറത്തിൽ വിരിയുന്ന ഈ  പൂവിനു ഏകദേശം ഒരു മീറ്റർ വ്യാസത്തിൽ വലുപ്പമുണ്ടാകും. ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്‌ളീഷ്യ. ഇതുകൊണ്ട് ഒന്നും തീർന്നില്ല, ലോകത്തിലെ ഏറ്റവും വലിയ പൂവിന്റെ പ്രത്യേകതകൾ. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യമാണ്. പുഷ്പിച്ച ശേഷം വെറും ഒരാഴ്ച മാത്രമായിരിക്കും ഈ പൂവിന്‍റെ ആയുസ്. അപ്പോഴേക്കും വാടിക്കൊഴിഞ്ഞു പോകും. 

പൂവ് പോലെ ഭാരമില്ലാത്തത് എന്ന പ്രയോഗമൊക്കെ റഫ്‌ളീഷ്യയുടെ കാര്യത്തിൽ മാറ്റി പറയേണ്ടി വരും. 100 സെ.മി വ്യാസമുള്ള റഫ്‌ളീഷ്യ പുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. വലിയ പൂവ് ആയതിനാൽ തന്നെ സുഗന്ധപൂരിതമാകും എന്ന ധാരണയുണ്ടെങ്കിൽ അതും മാറ്റിവയ്ക്കാം. കടുത്ത ദുർഗന്ധമാണ് ഈ പൂക്കൾക്ക്. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് റഫ്‌ളീഷ്യ കാണപ്പെടുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ തന്നെ പ്രാദേശിക ഭാഷയിൽ 'ശവം നാറി' എന്നാണ് ഈ പൂവിനുള്ള വിളിപ്പേര്. 

കടും ചുവപ്പ് നിറത്തിൽ വെള്ള പുള്ളികുത്തോട് കൂടിയ ഈ പൂവ് കാഴ്ചയിൽ ആരെയും ആകർഷിക്കും. സൗന്ദര്യത്തിന്റെ കാര്യത്തിൽ കാട്ടുപൂക്കൾ മുന്നിലാണ് എന്നുകൂടി തെളിയിക്കുകയാണ് റഫ്‌ളീഷ്യ. മരത്തിന്റെ ചുവട് ഭാഗത്തോട് ചേർന്നാണ് റഫ്‌ളീഷ്യ വളരുന്നത്. അതിനാൽ തന്നെ ആരുടെയും കണ്ണിൽപ്പെടുകയും ചെയ്യും. പൂവിനകത്ത് ഒരു പൂച്ചയ്ക്ക് സുഖമായി ഒളിച്ചിരിക്കാൻ പാകത്തിൽ ഒരു കുഴിയുണ്ട്. ഇതിനുള്ളിൽ താമരവിത്തു പോലെ വിത്തും കാണാം.

ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോയാണ് ഈ ജനുസ്സ് കണ്ടെത്തിയത്. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ. ഈ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ പൂവ് ഇന്തോനേഷ്യയിലാണ് വിരിഞ്ഞത്. അതിന്റെ വലുപ്പം 111  സെന്റീമീറ്റർ ആയിരുന്നു.

ലോകത്താകമാനം 30  വിഭാഗങ്ങളിൽപെട്ട റഫ്‌ളീഷ്യ പുഷ്പങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ എല്ലാ വിഭാഗത്തെയും കണ്ടെത്താൻ സസ്യ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. അസാമാന്യമായ വലുപ്പവും വ്യത്യസ്തമായ സ്വഭാവവും നിമിത്തം ഈ പൂവ് ഇന്നും ശാസ്ത്ര ലോകത്തിനു ഒരു അത്ഭുതമാണ്. ഇത്രയേറെ കട്ടിയുള്ള ദളങ്ങളോട് കൂടിയ ഒരു പൂവ് എങ്ങനെ അത്ഭുതമാവാതിരിക്കും.

 English Summary : Interesting Facts about Rafflesia flower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com