ADVERTISEMENT

ഭൂമിയിൽ ഒരു വർഷമാകാൻ എത്ര നാളെടുക്കും; 365 ദിവസം അല്ലേ, എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ‘ഡബ്ല്യുഡി 1856 ബി’ എന്ന ഗ്രഹത്തിൽ 34 മണിക്കൂർ, അതായത് ഒരു ദിവസവും 10 മണിക്കൂറുമാകുമ്പോൾ ഒരു വർഷമാകും.അതായത് അവിടെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവർക്ക് ഓരോ ദിവസവും പിറന്നാളാണ്. എത്ര ബർത്ത് ഡേ കേക്ക് വാങ്ങേണ്ടി വരും അവർക്ക്?

ഇതു മാത്രമല്ല.പുതുതായി കണ്ടെത്തിയ ഗ്രഹം കറങ്ങുന്നത് ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിനു ചുറ്റുമാണ്. നമ്മുെട ഭൂമി ചുറ്റുന്നത് സൂര്യനെയാണെന്നറിയാമല്ലോ. ഭൂമിയേക്കാൾ 109 മടങ്ങ് വലുപ്പമുള്ള നക്ഷത്രമാണ് സൂര്യൻ. എന്നാൽ ഈ ഗ്രഹത്തിന്റെ കാര്യത്തിൽ കാര്യം നേരെ തിരിച്ചാണ്. വെള്ളക്കുള്ളൻ നക്ഷത്രത്തേക്കാൾ പത്ത് മടങ്ങ് വലുപ്പമുള്ളതാണ് ഈ ഗ്രഹം. അതിനാൽ തന്നെ ഭൂമിയിലെ ഒരു ദിവസവും 10 മണിക്കൂറുമായാൽ ഗ്രഹം നക്ഷത്രത്തെ ഒരു തവണ ചുറ്റിത്തീരും. ഭൂമിക്ക് സൂര്യനെ ചുറ്റാൻ 365 ദിവസങ്ങൾ വേണമെന്ന് ഓർക്കണം.

ഭൂമിയിൽ നിന്നു 80 പ്രകാശവർഷങ്ങൾ അകലെ ‘ഡ്രാക്കോ’ എന്ന നക്ഷത്ര സമൂഹത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹത്തിൽ നിന്നു പ്രകാശം പുറപ്പെട്ടാൽ ഭൂമിയിലെത്താൻ 80 വർഷം വേണ്ടി വരും. അത്രയുമകലെയാണിത്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയിലെ അറ്റക്കാമ മരുഭൂമിയിൽ സ്ഥാപിച്ച ശക്തമായ ടെലിസ്കോപ്പുപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്.

∙ മരിച്ച വെള്ളക്കുള്ളൻ

മനുഷ്യരുടെ ജീവിതത്തിൽ പലഘട്ടങ്ങളില്ലേ? കുട്ടിക്കാലം, യൗവനം, പിന്നെ വാർധക്യം തുടങ്ങിയവ. നക്ഷത്രങ്ങളുടെ കാര്യത്തിലും ഇതുണ്ട്. നക്ഷത്രങ്ങൾ വാതകങ്ങളും പൊടിപടലങ്ങളും ചേർന്നാണ് ഉണ്ടാകുന്നത്. ചില നക്ഷത്രങ്ങൾ  വലിയ ഭാരമുള്ളവയുമാകും. ഇവ കുറേക്കാലത്തിനു ശേഷം സൂപ്പർനോവ എന്ന വിസ്ഫോടനത്തിൽ പൊട്ടിത്തെറിക്കും. തുടർന്ന് ഇവ ചുരുങ്ങി ന്യൂട്രോൺ നക്ഷത്രങ്ങളാകുകയോ ബ്ലാക് ഹോൾ (തമോ ഗർത്തം) ആകുകയോ ചെയ്യും. ഇവയെ പിന്നെ നക്ഷത്രങ്ങളായി പരിഗണിക്കുകയില്ല.

എന്നാൽ നമ്മുടെ സൂര്യനെ പോലെ താരത്യേന ശരാശരി ഭാരമുള്ള നക്ഷത്രങ്ങൾ അനേക കോടി വർഷങ്ങൾക്ക് ശേഷം റെഡ് ജയന്റ് (ചുവന്ന ഭീമൻ) എന്ന അവസ്ഥയിലെത്തും.അപ്പോഴേക്കും നക്ഷത്രത്തിലെ ഹൈഡ്രജൻ ഇന്ധനം തീർന്നിട്ടുണ്ടാകും. ഇവ പിന്നീട് ചുരുങ്ങി വൈറ്റ് ഡ്വാർഫ് അഥവാ വെള്ളക്കുള്ളൻ എന്ന ഘട്ടത്തിലെത്തും. മരിച്ച നക്ഷത്രങ്ങളായാണ് ഇവയെ പരിഗണിക്കുക. ഇത്തരമൊരു വെള്ളക്കുള്ളനെയാണ് നാസ കണ്ടെത്തിയ ഗ്രഹം വലം വയ്ക്കുന്നത്.

സാധാരണ ഗതിയിൽ ഒരു നക്ഷത്രം വെള്ളക്കുള്ളനാകുമ്പോൾ ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും നശിപ്പിക്കാറുണ്ട്. എന്നാൽ ഈ ഗ്രഹം നശിപ്പിക്കാപ്പെടാതെ എങ്ങനെ നിലനിന്നു എന്നതാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്ന ചോദ്യം. 

English Summary : Giant exoplanet found orbiting a dead star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com