കൈവശം വയ്ക്കുന്നവരെ കൊന്നൊടുക്കുന്ന രത്നക്കല്ല്; ഇടിമിന്നലായി പിന്തുടരുന്ന ശാപം !
Mail This Article
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അറിയാമല്ലോ? അന്നത്തെ പോരാട്ടത്തിനിടെ ഇന്ത്യയിൽനിന്ന് ഒട്ടേറെ വസ്തുക്കള്‍ ബ്രിട്ടിഷ് സൈനികരിൽ പലരും കൊള്ളയടിച്ച് ബ്രിട്ടനിലേക്കു കടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നുൾപ്പെടയാണ് അവർ അമൂല്യ വസ്തുക്കൾ കടത്തിക്കൊണ്ടു പോയത്. ഉത്തർപ്രദേശിലെ കാൺപുരിൽ ഇന്ദ്രഭഗവാന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ വിഗ്രഹത്തിൽ പർപ്പിൾ നിറത്തിലുള്ള ഒരു അമൂല്യ രത്നക്കല്ലും. പല ഭാഗങ്ങളിൽനിന്ന് പ്രകാശം പതിക്കുന്നതിനനുസരിച്ച് നിറം മാറുന്നതായിരുന്നു ആ രത്നക്കല്ല്. ഡൽഹി പർപ്പിൾ സാഫയർ എന്നു പിൻക്കാലത്തു പേരെടുത്ത ആ രത്നക്കല്ല് ഒരു ബ്രിട്ടിഷ് പട്ടാളക്കാരൻ മോഷ്ടിച്ച് ബ്രിട്ടണിലേക്കു കടത്തി.
കേണൽ ഡബ്ല്യു.ഫെറിസ് എന്ന ആ പട്ടാളക്കാരൻ പക്ഷേ അന്നേരം അറിഞ്ഞിരുന്നില്ല, രത്നത്തിനൊപ്പം താൻ വലിയൊരു ശാപം കൂടിയാണ് സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകുന്നതെന്ന്. യുദ്ധമെല്ലാം അവസാനിപ്പിച്ച് സ്വസ്ഥ ജീവിതമായിരുന്നു ഫെറിസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഏതാനും നിക്ഷേപ പദ്ധതികളും കച്ചവടവുമെല്ലാം അദ്ദേഹം പദ്ധതിയിട്ടു. എന്നാൽ ഒന്നിനു പിറകെ ഒന്നായി എല്ലാം പൊളിഞ്ഞു. സാമ്പത്തികമായും മാനസികമായും ആ കുടുംബം തകർന്നു. അസുഖബാധിതനായി ഫെറിസ് മരിക്കുമ്പോള്‍ രത്നക്കല്ല് മകനു കൈമാറിയിരുന്നു. കഷ്ടകാലം ആ യുവാവിനെയും പിന്തുടർന്നു. അതോടെ അയാൾ അതൊരു സുഹൃത്തിന് കൈമറി. എന്നാൽ വൈകാതെ സുഹൃത്ത് ആത്മഹത്യ ചെയ്തു. ഫെറിസിന്റെ മകനും അധികം വൈകാതെ മരണത്തിനു കീഴടങ്ങി.
പല കൈകൾ മറിഞ്ഞ് ആ രത്നക്കല്ല് അക്കാലത്തെ പ്രശസ്ത ബ്രിട്ടിഷ് എഴുത്തുകാരനും വാഗ്മിയുമായ എഡ്വേഡ് ഹെറോൺ അലന്റെ കൈകളിലെത്തി. 1890ലായിരുന്നു അത്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ, സാഹിത്യത്തെ ഇഷ്ടപ്പെട്ട, പുതിയ അറിവുകൾ സ്വന്തമാക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു എഡ്വേഡ്. അദ്ദേഹവും ഈ രത്നക്കല്ലിന്റെ ശാപത്തെപ്പറ്റി കേട്ടിരുന്നു. പക്ഷേ ആദ്യമൊന്നും വിശ്വസിച്ചില്ല. വൈകാതെ എഡ്വേഡിന്റെ ജീവിതത്തിലും അപ്രതീക്ഷിത ദുരന്തങ്ങൾ സംഭവിക്കാൻ ആരംഭിച്ചു. അതോടെ അദ്ദേഹം ഗായികയായ ഒരു സുഹൃത്തിന് കല്ല് സമ്മാനിച്ചു. പിന്നീടൊരിക്കലും അവർക്ക് പാടാനായിട്ടില്ലെന്നാണു പറയപ്പെടുന്നത്. ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു പിന്നീടുള്ള ജീവിതം.
ഒടുവിൽ ഒരു കനാലിൽ രത്നം എറിഞ്ഞു കളഞ്ഞു എഡ്വേഡ്. എന്നാൽ കനാലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെ ഒരു ഡ്രജർ ഓപറേറ്റർക്ക് രത്നം ലഭിച്ചു. അയാളത് ഒരു കടയിൽ വിൽക്കുകയും ചെയ്തു. അതു ലഭിച്ച രത്നവ്യാപാരിക്ക് അറിയാമായിരുന്നു ഉടമ എഡ്വേഡ് ആണെന്ന്. അങ്ങനെ ആ രത്നക്കല്ല് തിരികെ വീണ്ടും എഡ്വേഡിലേക്കു തന്നെയെത്തി. സ്വന്തമാക്കിയവരെ വിട്ട് ഒരിക്കലും രത്നക്കല്ലിന്റെ ശാപം പോകില്ലെന്ന് അതോടെ അദ്ദേഹത്തിനു മനസ്സിലായി. ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ മകൾ പിറന്നത്. തൊട്ടുപിന്നാലെ 1904ൽ രത്നക്കല്ല് എഡ്വേഡ് ബാങ്ക് ലോക്കറിലേക്കു മാറ്റി. ഏഴു ലോക്കറുകള്‍ക്കുള്ളിലായിട്ടായിരുന്നു അവ സൂക്ഷിച്ചത്. തന്റെ മരണം സംഭവിച്ച് മൂന്നു വർഷത്തിനു ശേഷം മാത്രമേ അത് തുറക്കാവൂ എന്നും ഒരു കാരണവശാലും അത് മകളുടെ കൈവശമെത്തരുതെന്നും എഡ്വേഡ് നിർദേശിച്ചിരുന്നു.
1940ൽ അദ്ദേഹം മരിച്ചു. 1943ലാണ് മകൾ ലോക്കർ തുറന്ന് ആ രത്നക്കല്ല് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന് കൈമാറിയത്. അതോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ആരാണോ ഈ രത്നക്കല്ലടങ്ങിയ പെട്ടി തുറക്കുന്നത് അയാൾ ആദ്യം ഈ കുറിപ്പ് വായിക്കണം. എന്നിട്ട് അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഞാൻ നിർദേശിക്കുന്നത് ഉടനെതന്നെ ഈ രത്നക്കല്ല് കടലിൽ എറിയണമെന്നാണ്...’ കുറിപ്പിൽ ഇതായിരുന്നു ഉണ്ടായിരുന്നത്. ഡൽഹി പർപ്പിൾ സാഫയറിന്റെ ശാപകഥയും എഡ്വേഡിന്റെ മകളിലൂടെയാണ് ലോകം അറിഞ്ഞത്. എന്നാൽ അപ്പോഴും കല്ലിന്റെ ശാപം അവസാനിച്ചിരുന്നില്ല.
2004ൽ എഡ്വേഡിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിംപോസിയത്തിന്റെ ഭാഗമായി കൊണ്ടുപോയതിനു ശേഷം മ്യൂസിയം ക്യുറേറ്റർ ജോൺ വിറ്റേക്കർ ആ രത്നക്കല്ലുമായി തിരികെ വരികയായിരുന്നു. കാറിൽ അദ്ദേഹത്തിന്റെ ഭാര്യയുമുണ്ടായിരുന്നു. എന്നാൽ ആ യാത്രയ്ക്കിടെ തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ അവസ്ഥയിലൂടെയാണ് കടന്നു പോയതെന്ന് പിന്നീട് ഹിസ്റ്ററി ചാനലിനു നൽകിയ അഭിമുഖത്തിൽ വിറ്റേക്കർ പറഞ്ഞിട്ടുണ്ട്. അന്നേവരെ കാണാത്ത വിധമായിരുന്നു കൊടുങ്കാറ്റ്. കാറിന്റെ ഇരുവശത്തേക്കും ഇടിമിന്നൽ പുളഞ്ഞിറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാറ്റിനും കാരണം ആ കല്ലാണെന്നും അതു വലിച്ചെറിയാനും ഭാര്യ പറഞ്ഞെങ്കിലും അദ്ദേഹം കേട്ടില്ല.
പിന്നീട് രണ്ടുതവണ കൂടി ആ രത്നക്കല്ല് പുറത്തേക്കു കൊണ്ടുപോകേണ്ടി വന്നു. ആദ്യത്തെ തവണ കഠിനമായ വയറുവേദനകൊണ്ടു പുളഞ്ഞുപോയി അദ്ദേഹം. രണ്ടാം തവണ വൃക്കയിൽ കല്ലു ബാധിച്ചുള്ള വേദനയും തേടിയെത്തി. പക്ഷേ ഒരുവിധം എല്ലാറ്റില്‍നിന്നും രക്ഷപ്പെട്ടു. ഇതെല്ലാം തികച്ചും സ്വാഭാവിക സംഭവമെന്നായിരുന്നു വിറ്റേക്കറിന്റെ വാദം. എന്നാൽ ഇന്ത്യൻ പുരാണങ്ങൾ പ്രകാരം ഇടിമിന്നലിന്റെയും കാലാവസ്ഥയുടെയും ദേവനാണ് ഇന്ദ്രൻ. ആ ദൈവത്തിന്റെ രത്നക്കല്ല് സ്വന്തമാക്കിയതിനാലാണ് ഈ അവസ്ഥ വന്നതെന്ന കഥയും വൈകാതെ പരന്നു. 2007ൽ മ്യൂസിയത്തിൽ അവസാനമായി ഈ രത്നക്കല്ല് പ്രദർശനത്തിനു വച്ചു. പിന്നീട് പല അമൂല്യ വസ്തുക്കൾക്കുമൊപ്പം അതും നിലവറയിലേക്കു മാറ്റി. എന്തുകൊണ്ടാണത് പൊതുജനങ്ങള്‍ക്കു മുന്നിൽനിന്നു മാറ്റിയതെന്ന ചോദ്യത്തിനു മാത്രം ഇന്നും ഉത്തരമില്ല!
English Summary : The Curse of the Delhi Purple Sapphire