പതിനേഴാം നൂറ്റാണ്ടിലെ ‘സ്വർണക്കുപ്പികൾ’; കണ്ടെത്തിയത് അപ്രതീക്ഷിതമായി, വില ഞെട്ടിക്കും
Mail This Article
ക്രിസ്മസിനും മറ്റും വീടുകളിൽ രസികൻ വീഞ്ഞുണ്ടാക്കാറുണ്ട്. മുന്തിരിയും പൈനാപ്പിളും അങ്ങനെ പലതരം പഴങ്ങളുമൊക്കെ ഉപയോഗിച്ച്. പഴക്കം കൂടുന്തോറും വീഞ്ഞിന് വീര്യം കൂടുമെന്നാണ്. അതുകൊണ്ട് വീര്യം കൂടിയ വീഞ്ഞ് കുടിക്കുന്നതിനെപ്പറ്റി കൊച്ചുകൂട്ടുകാർ ആലോചിക്കുക പോലും വേണ്ട. പക്ഷേ വീഞ്ഞിനെപ്പറ്റി പല രസികൻ കഥകളുമുണ്ട്. അത്തരത്തിലൊന്നാണ് അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തി പുറത്തുവിട്ടത്. ഇതുപക്ഷേ സംഭവകഥയാണെന്നു മാത്രം.
ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വീഞ്ഞുകുപ്പികളെപ്പറ്റിയാണു പറയാൻ പോകുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ചവയായിരുന്നു അവ. സ്വർണ വർണത്തിലുള്ള കുപ്പികളിലാക്കി സൂക്ഷിച്ചുവച്ചിരുന്ന ഇവ ഒരു കെട്ടിടനിർമാണ ജോലികൾക്കിടെ അപ്രതീക്ഷിതമായി കണ്ടെത്തുകയായിരുന്നു. അവയുടെ കാലപ്പഴക്കം നിശ്ചയിച്ചു ലേലത്തിനെത്തിച്ചപ്പോഴോ? പ്രതീക്ഷിക്കുന്ന വില ഏകദേശം 20 ലക്ഷം രൂപ! ചുമ്മാതാണോ, അപൂർവങ്ങളിൽ അപൂർവമെന്നാണ് ബ്ലാക്ക് ഗ്ലാസിൽ നിർമിച്ച ഈ ഏഴു കുപ്പികളെയും പുരാവസ്തു ഗവേഷകർ വിശേഷിപ്പിക്കുന്നത്.
ദ് അൾ ഓഫ് കവെൻട്രി എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പ്രഭുവിന്റെ കുടുംബ അടയാളവും ഈ കുപ്പികളിലുണ്ടായിരുന്നു. 1600കളുടെ അവസാനം ബ്രിട്ടനിലെ വോസ്റ്റെഷെറിൽ ജീവിച്ചിരുന്ന പ്രഭു കുടുംബത്തിന്റേതാണ് ഈ കുപ്പികളെന്നാണു കരുതുന്നത്. 2019 നവംബറിലാണ് ഇവ കണ്ടെത്തുന്നത്. നിർമാണ ജോലിക്കിടെ ജെസിബി ഉപയോഗിച്ചു മണ്ണെടുക്കുന്നതിനിടെ സൂര്യപ്രകാശത്തിൽ ഒരു തിളക്കം. ഡ്രൈവർ ഉടൻ വണ്ടിനിർത്തി അവിടെയെത്തി പരിശോധിച്ചു. ആദ്യം സ്വർണ നിധിയാണെന്നാണു കരുതിയത്. പിന്നെയാണു മനസ്സിലായത് നിധിയോളം മൂല്യമുള്ള കണ്ടെത്തലാണെന്ന്.
ഏഴു കുപ്പികൾക്കും പൊട്ടൽപോലും സംഭവിച്ചിരുന്നില്ല. ബ്ലാക്ക് ഗ്ലാസ് കുപ്പിയുടെ സ്വർണ വർണത്തിനു മാത്രം അൽപം മങ്ങലേറ്റിട്ടുണ്ട്. അതിന്മേലുള്ള പ്രഭു കുടുംബ ചിഹ്നത്തിനും കുഴപ്പമില്ല. എട്ട് ഇഞ്ച് നീളമുള്ള ഈ കുപ്പികൾ 1650നും 1670നും ഇടയ്ക്കു നിർമിച്ചതാണെന്നാണു കരുതുന്നത്. ചാൾസ് രണ്ടാമൻ രാജാവിന്റെ ഭരണകാലമായിരുന്നു അത്. ബ്രിട്ടനാകട്ടെ ആഭ്യന്തരയുദ്ധത്തിന്റെ നിഴലിലും (1642നും 1651നും ഇടയ്ക്ക് ഇംഗ്ലണ്ടിൽ അധികാരത്തിനു വേണ്ടി നടന്ന സംഘർഷങ്ങളാണ് ഇംഗ്ലിഷ് സിവിൽ വാർ എന്നറിയപ്പെടുന്നത്) ഇക്കാലത്തു നിർമിച്ച വീഞ്ഞുകുപ്പികൾ വളരെ അപൂർവമാണ്.
അന്ന് ധനികർക്കു മാത്രമേ സ്വന്തം അധികാര അടയാളം പതിപ്പിച്ച കുപ്പികൾ നിർമിക്കാൻ സാധിച്ചിരുന്നുള്ളൂ. ബക്കിങ്ങാമിലെ രണ്ടാമത്തെ ഡ്യൂക്ക് (നാടുവാഴി) ആയ ജോർജ് വില്ലിയേഴ്സിനു വേണ്ടി നിർമിച്ചതാകാം അവയെന്നും കരുതുന്നു. ഗ്ലാസ് മേക്കിങ് ഇഷ്ടപ്പെട്ട ഇദ്ദേഹത്തിന് ഗ്ലാസ് വർക്കുകൾക്കു വേണ്ടി മാത്രമായി മൂന്നു സ്ഥാപനങ്ങളുണ്ടായിരുന്നു. പ്രത്യേകതരം ഗ്ലാസ് നിർമാണത്തിന് 1663ൽ പേറ്റന്റ് വരെ ഇദ്ദേഹത്തിനു ലഭിച്ചു. മൂന്നു തവണയായിട്ടായിരിക്കും ഫെബ്രുവരിയിൽ ഏഴു കുപ്പികളും ലേലം ചെയ്യുക.
Summary : 17th century wine bottles unearthed