ADVERTISEMENT

മൗഗ്ലി സിനിമ കണ്ടിട്ടുള്ള കൊച്ചുകൂട്ടുകാര്‍ ഒരു ഭീമന്‍ കുരങ്ങനെ കണ്ട് അന്തം വിട്ടിട്ടുണ്ടാകും. കുരങ്ങന്മാരുടെ രാജാവായിരുന്നു ആ ഭീമന്‍. അവന്‍ മൗഗ്ലിയെ തട്ടിക്കൊണ്ടു വന്നതാകട്ടെ, മനുഷ്യന്‍ എങ്ങനെയാണു തീയുണ്ടാക്കുന്നതെന്ന രഹസ്യം കണ്ടെത്താനും. എന്തായാലും ഒരു വിധത്തില്‍ ആ ഭീമന്‍ കുരങ്ങന്റെ കയ്യില്‍ നിന്ന് മൗഗ്ലി രക്ഷപ്പെട്ടോടി. അത്തരത്തിലുളള കുരങ്ങുഭീമന്മാര്‍ പണ്ടുകാലത്തുണ്ടായിരുന്നതായാണു ഗവേഷകര്‍ പറയുന്നത്. പക്ഷേ സിനിമയിലെ കുരങ്ങന്റെ അത്ര വലുപ്പമില്ലെങ്കിലും മറ്റൊരു ഭീമനെക്കുറിച്ചാണ് ഇപ്പോള്‍ ജന്തുശാസ്ത്ര ഗവേഷകര്‍ ചര്‍ച്ച ചെയ്യുന്നത്. ജൈഗാന്റോപിത്തിക്കസ് ബ്ലാക്കി എന്നാണ് ആ കുരങ്ങന്റെ പേര്.

കക്ഷി ചില്ലറക്കാരനൊന്നുമല്ല. ഏകദേശം 20 ലക്ഷം വര്‍ഷം മുന്‍പു മുതൽ ഭൂമിയില്‍ ജീവിച്ചിരുന്നതാണ്, മൂന്നു ലക്ഷം വര്‍ഷം മുന്‍പ് വംശനാശം വന്നുപോയി. ജീവിച്ചിരുന്ന കാലത്ത് കുരങ്ങുകളിലെ ഭീമനായിരുന്നു ജൈഗാന്റോപിത്തിക്കസ്. ഏകദേശം ഒരു ആനയോളം ഉയരം. അതായത് പത്തടിയോളം വരും പൊക്കം. ഭാരമാകട്ടെ 600 കിലോയോളവും. ഇന്നത്തെ കാലത്തു കാണപ്പെടുന്ന ഭീമന്‍ കുരങ്ങന്മാരായ ഗോറില്ലകള്‍ക്കു പോലും 150-160 കിലോയേ ഭാരമുള്ളൂവെന്നോര്‍ക്കണം. ശരിക്കും ഒരു രാജാവിനെപ്പോലെയായിരുന്നു ജൈഗാന്റോപിത്തിക്കസ് ജീവിച്ചിരുന്നത്. മനുഷ്യരുടെ പൂര്‍വികരാണ് ഈ കുരങ്ങന്മാര്‍ എന്നൊരു സിദ്ധാന്തം പോലും പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു സത്യമല്ലെന്നു തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഇന്നത്തെ തെക്കന്‍ ചൈനയിലായിരുന്നു ഇവയെ പ്രധാനമായും കണ്ടെത്തിയിരുന്നത്. ഇന്ത്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെല്ലാം പണ്ടുകാലത്ത് ഉഷ്ണമേഖലാ കാടുകളായിരുന്നതിനാല്‍ പല ഫോസിലുകളിലും ഡിഎന്‍എ നശിച്ചുപോയ അവസ്ഥയിലായിരുന്നു. പക്ഷേ ഗവേഷകര്‍ എന്തു ചെയ്‌തെന്നോ? ഏകദേശം 19 ലക്ഷം വര്‍ഷം പഴക്കമുള്ള ജൈഗാന്റോപിത്തിക്കസിന്റെ ഒരു പല്ലെടുത്ത് പൊടിയാക്കി. അതില്‍ നിന്ന് പ്രോട്ടിന്‍ വേര്‍തിരിച്ചെടുത്തു. മാസ് സ്‌പെക്ട്രോമെട്രി എന്നാണ് ആ ശാസ്ത്രവിദ്യയുടെ പേര്. പിന്നീട് അതിലെ അമിനോആസിഡ് സീക്വന്‍സ് പരിശോധിച്ചു. ജനിതക പഠനത്തിലെ കാര്യങ്ങളാണു കേട്ടോ ഈ പറയുന്നത്.

അങ്ങനെ കിട്ടിയ റിസല്‍ട്ട് മനുഷ്യന്റെയും ഒറാങ് ഉട്ടാന്റെയും മറ്റു ചില ജീവികളുടെയും സീക്വന്‍സുകളുമായി താരതമ്യം ചെയ്തു നോക്കി. അതുവഴിയാണ് ജൈഗാന്റോപിത്തിക്കസും ഒറാങ് ഉട്ടാനും തമ്മിലുള്ള ബന്ധം കണ്ടെത്താനായത്. പ്ലൈസ്റ്റസീന്‍ യുഗത്തിലാണ് ഈ കുരങ്ങുകള്‍ ജീവിച്ചിരുന്നത്. പക്ഷേ ഇവയുടെ ഉദ്ഭവം എങ്ങനെയാണെന്നോ അടുത്ത ബന്ധുക്കളായ മൃഗങ്ങള്‍ ഏതൊക്കെയാണെന്നോ ഇനി വേണം കണ്ടുപിടിക്കാന്‍. എന്തായാലും മനുഷ്യ കുടുംബത്തില്‍ നിന്നു മാറി കുരങ്ങുകുടുംബത്തില്‍ ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുകയാണ് ജൈഗാന്റോപിത്തിക്കസ് ബ്ലാക്കി.

Summary : Gigantopithecus blacki facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com