10,000 അടി ഉയരത്തിൽ ജീവിച്ച മനുഷ്യർ; ഭക്ഷണം ചുട്ട എലി, ഇപ്പോൾ റെക്കോർഡും!
Mail This Article
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശത്ത് ഏറ്റവും ആദ്യം ജീവിച്ച മനുഷ്യ വിഭാഗം ഏതാണ്? ഇതുവരെ പലതരം ഉത്തരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യർ എന്നതായിരുന്നു. 3600 വർഷം മുൻപായിരുന്നു ഇവിടെ മനുഷ്യർ വാസമുറപ്പിച്ചിരുന്നത്. മറ്റൊരു ഉത്തരം പെറുവിലെ ആൻഡിയൻ പർവതനിരകളായിരുന്നു. ഏകദേശം 1400–6800 വര്‍ഷം മുൻപ് ഇവിടെ മനുഷ്യർ താമസിച്ചിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇനി ആ റെക്കോർഡ് തെക്കൻ ഇത്യോപ്യയിലെ ബെയ്ൽ മലനിരകളിലെ ഫിൻച ഹബേറ പാറക്കൂട്ടത്തോടു ചേർന്നു ജീവിച്ച ആദിമമനുഷ്യർക്കാണ്. മധ്യകാല ശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരാണ് അക്കൂട്ടർ.
ആയിരമോ രണ്ടായിരമോ ഒന്നുമല്ല ഏകദേശം 47,000–31,000 വർഷം മുൻപുതന്നെ മനുഷ്യർ ഈ ഉയരക്കാരൻ പർവതത്തിനു മുകളിൽ താമസമുറപ്പിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,381 അടി ഉയരത്തിൽ ഇവർ താമസിച്ചതിന്റെ തെളിവുകളാണു ഗവേഷകര്‍ കണ്ടെത്തിയത്. മഞ്ഞുമൂടി കൊടുംതണുപ്പായിരുന്നു ഈ പർവതനിരയിൽ. അവിടെ ജീവൻ നിലനിർത്താൻ ഈ വിഭാഗക്കാരെ സഹായിച്ചത് എന്താണെന്നറിയാമോ? എലികൾ. അവയെ ചുട്ടുതിന്നായിരുന്നു ഈ മനുഷ്യർ പരവതമുകളിലെ മോശം കാലാവസ്ഥയെ നേരിട്ടത്.
മധ്യകാല ശിലായുഗത്തിലായിരുന്നു എലിയെ ചുട്ടുതിന്ന് മനുഷ്യർ ബെയ്‌ൽ മലനിരകള്‍ക്കു മുകളിൽ ജീവിച്ചിരുന്നത്. ഇക്കാര്യം കണ്ടെത്തിയ മാർട്ടിൻ ലൂഥർ സർവകലാശാലയിലെ ആർക്കിയോളജിസ്റ്റുകൾക്കു പക്ഷേ ഒരു കാര്യം മാത്രം വ്യക്തമായിട്ടില്ല– ഇവർ താൽക്കാലികമായിട്ടാണോ അതോ സ്ഥിരമായിട്ടാണോ പർവത മുകളിൽ താമസിച്ചിരുന്നതെന്നതായിരുന്നു അത്. എന്തുതന്നെയാണെങ്കിലും, ഇന്നു പോലും മനുഷ്യനു ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശത്ത് പതിനായിരക്കണക്കിനു വർഷം മുൻപ് ആദിമമനുഷ്യർ എങ്ങനെ ജീവിച്ചു എന്നുള്ള കാര്യവും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്.
മുകളിലേക്കു കയറിപ്പോകുന്തോറും ഓക്സിജൻ കുറഞ്ഞുവരുന്ന പ്രശ്നമായ ‘ഹൈപോക്സിയ’ ബെയ്ൽ പർവതത്തിലേക്കു കയറുമ്പോഴും സംഭവിക്കും. ചിലപ്പോൾ ബോധം കെടും, അവയവയങ്ങൾ പ്രവർത്തനരഹിതമാകും, മരണം വരെ സംഭവിച്ചേക്കാം. മഞ്ഞു മാത്രമല്ല മഴയും കൊടുംവെയിലുമെല്ലാം പർവതമുകളിൽ വൻ വെല്ലുവിളിയാണുയർത്തുക. ഇതിനൊക്കെ പുറമേ ആവശ്യത്തിനു ഭക്ഷണമില്ലെന്ന പ്രശ്നവും. ഇതെല്ലാം മറികടന്നാണ് മനുഷ്യന്റെ പൂർവികർ ബെയ്ൽ പർവതത്തിനു മുകളിലെത്തിയത്. എന്തുകൊണ്ടായിരിക്കും ഇത്രയേറെ ബുദ്ധിമുട്ട് സഹിച്ച് ഇവർ പർവത മുകളിലേക്കു പോയത്? നേരത്തേ ജീവിച്ചിരുന്ന ഭാഗത്ത് കൊടുംവരൾച്ച ബാധിച്ചതാകാം പ്രശ്നമെന്നാണു ഗവേഷകർ പറയുന്നത്. കുറച്ചു ദൂരം മുകളിലേക്കു കയറിയാലും ജീവിക്കാനുള്ള സാഹചര്യം ഫിൻച ഹബേറ പാറക്കൂട്ടം ഒരുക്കിയിരുന്നെന്നാണു ആർക്കിയോളജിസ്റ്റുകൾ പറയുന്നത്. പ്രകൃതിദത്തമായ പാറക്കെട്ടുകൾ സുരക്ഷിതമായ വീടൊരുക്കി. അവിടെവച്ചു പലതരം കല്ലായുധങ്ങളും പാത്രങ്ങളും ആഭരണങ്ങളുമെല്ലാം നിർമിക്കാനും സാധിച്ചു. അഗ്നിപർവത ശില കൊണ്ടുള്ള ആയുധം വരെ കണ്ടെത്തിയിരുന്നു. അത്തരം ശിലകൾ മേഖലയിൽ ധാരാളമുണ്ടായിരുന്നതും അവിടെത്തന്നെ തുടരാൻ കാരണമായിട്ടുണ്ടാകാം. മൂർച്ചയേറിയ ആയുധങ്ങൾ നിർമിക്കാനും ഇവകൊണ്ടു സാധിച്ചു.
ഇതോടൊപ്പമാണ് ചുട്ടുകരിച്ച നിലയിൽ എലികളുടെ അസ്ഥികൂടങ്ങളും കുന്നുകൂടിക്കിടക്കുന്നതു കണ്ടെത്തിയത്. മേഖലയിൽ വൻതോതിൽ പെരുച്ചാഴികളുമുണ്ടായിരുന്നു. ജീവിക്കാനാവശ്യമായ പ്രോട്ടീൻ ഇവയുടെ ഇറച്ചിയിൽ നിന്നു ലഭിച്ചതാണു രക്ഷയായതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. പർവത മുകളിൽ ഒട്ടേറെ നെരിപ്പോടുകളും സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരുന്നു. ഇവയെല്ലാം റേഡിയോ കാർബൺ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഏകദേശം 47,000 വർഷം വരെ പഴക്കമുണ്ടായേക്കാമെന്നു വ്യക്തമായത്. മേഖലയിലെ മണ്ണിന്റെയും പാറകളുടെയും സാംപിളുകളും പരിശോധിച്ചിരുന്നു. മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് ഇവിടെ സമീപത്തെ മഞ്ഞുമലകളിൽ നിന്നു ശുദ്ധജലം ലഭിച്ചിരുന്നതായും കണ്ടെത്തി. ഏകദേശം 10,000 വർഷം മുൻപ് വേറൊരു കൂട്ടം മനുഷ്യരും ഇവിടെ ജീവിക്കാനെത്തിയതായി ഗവേഷകർ കണ്ടെത്തിയിരുന്നു. അവർ പക്ഷേ എലികളെ തിന്നായിരുന്നില്ല ജീവിച്ചിരുന്നത്. വളർത്തുമൃഗങ്ങളുമായി പർവത മുകളിലെത്തിയായിരുന്നു അവരുടെ താമസം. അതിനാൽത്തന്നെ ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
English Summary : Oldest high altitude human settlement discovered