ADVERTISEMENT

ഇളം നീല ഉടുപ്പിട്ട, വെള്ളാരങ്കണ്ണുകളുള്ള ഒരു പാവം പാവക്കുട്ടി. ഒറ്റനോട്ടത്തിൽ പ്യൂപ്പയെ കണ്ടാൽ അങ്ങിനെയേ തോന്നൂ. പ്യൂപ്പയെന്നാൽ പൂമ്പാറ്റ സമാധിയിലിരിക്കുന്നതുമായി യാതൊരു ബന്ധവുമില്ല കേട്ടോ! ഇറ്റാലിയൻ ഭാഷയിൽ പ്യൂപ്പയെന്നാൽ പാവയെന്നാണ് അർഥം. ഈ കഥ ആരംഭിക്കുന്നതും ഇറ്റലിയിലാണ്. അവിടത്തെ ഒരു ധനിക കുടുംബത്തിലെ പെൺകുട്ടിക്ക് അവളുടെ അതേ മുഖഛായയിൽ മാതാപിതാക്കൾ ഒരു പാവയെ നിർമിച്ചു കൊടുത്തു. പെൺകുട്ടിക്ക് 5–6 വയസ്സുള്ളപ്പോഴായിരുന്നു അത്. കമ്പിളിത്തുണി കൊണ്ടുള്ള ആ പാവക്കുട്ടിയുടെ സ്വർണത്തലമുടിയിഴകൾ പക്ഷേ മനുഷ്യന്റേതുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

1920കളിലാണ് പാവക്കുട്ടിയുടെ ജനനം. 1928ല്‍ പ്യൂപ്പയുടെ ഉടമയായ പെൺകുട്ടിക്കും സഹോദരനും ഒപ്പമുള്ള ചിത്രവുമെടുത്തിരുന്നു. പിന്നീട് എല്ലാക്കാലത്തും അതിന്റെ ഉടമയ്ക്കൊപ്പം കളിച്ചും ചിരിച്ചും പ്യൂപ്പ നിന്നു. 2005ൽ ഉടമ വയസ്സായി മരിക്കുന്നതു വരെ. അതിനോടകം രണ്ടാം ലോകമഹായുദ്ധത്തിൽനിന്നു വരെ രക്ഷപ്പെട്ടതാണ് പ്യൂപ്പ. ഇറ്റലിയിൽനിന്ന് യൂറോപ്പിലെ പല ഭാഗത്തേക്കും യുദ്ധകാലത്ത് ഈ പാവക്കുട്ടി ഉടമയ്ക്കൊപ്പം സഞ്ചരിച്ചു. ഉടമ അവസാനകാലം ജീവിച്ചിരുന്നത് യുഎസിലായിരുന്നു. ഇപ്പോഴും യുഎസിലെ ആർക്കും അറിയാത്ത ഒരിടത്താണ് ഈ പാവക്കുട്ടിയുള്ളത്. പ്രായമായിട്ടും പ്യൂപ്പയെ ഒരിക്കലും കൈവിട്ടിരുന്നില്ല അതിന്റെ ഉടമ. കുട്ടിക്കാലം മുതൽ ജീവിതത്തിലെ ആരോടും പറയാത്ത രഹസ്യങ്ങൾ വരെ അവർ ഈ പാവക്കുട്ടിയോടു പങ്കുവച്ചിരുന്നു. യുദ്ധകാലത്തു പോലും എല്ലാ ദുരിതങ്ങളിൽനിന്നും രക്ഷപ്പെട്ട് തന്റെ ജീവന്‍ വരെ നിലനിർത്താൻ സഹായിച്ചത് ഈ പാവയാണെന്നും അമ്മൂമ്മ പേരക്കുട്ടികളോടു പറഞ്ഞിരുന്നു. 

mysteriesunsloved-com2-JPG

 

പ്യൂപ്പ മുത്തശ്ശിയോടു സംസാരിക്കുമായിരുന്നത്രേ! മനുഷ്യരെപ്പോലെ മനസ്സുള്ള പാവക്കുട്ടിയാണതെന്നും മുത്തശ്ശി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സംസാരം രാത്രി വൈകുവോളം പലപ്പോഴും നീണ്ടിരുന്നു. പാവക്കുട്ടിയുടെ ഉടുപ്പിന്റെ കോളറിൽ ഒരു ബട്ടൺ പിടിപ്പിച്ചിരുന്നു. ഉടമയുടെ മരിച്ചു പോയ മുത്തശ്ശിയുടെ ഓർമയ്ക്കായിരുന്നു അത്. ഇങ്ങനെ ഒട്ടേറെ ഓർമകള്‍ അവശേഷിപ്പിച്ച് ഒടുവിൽ 2005ൽ പ്യൂപ്പയുടെ ഉടമ മരിച്ചു പോയി. അതിനു ശേഷമാണു പ്രശ്നങ്ങളുടെ തുടക്കം. പേരക്കുട്ടികളാണ് ആദ്യം ശ്രദ്ധിച്ചത്. പ്യൂപ്പയ്ക്ക് അസാധാരണമായ ചില മാറ്റങ്ങൾ. കാലപ്പഴക്കം കാരണം പാവയുടെ പല ഭാഗങ്ങളും കീറിപ്പറിഞ്ഞു തുടങ്ങിയിരുന്നു. അതിനാൽത്തന്നെ പാവയെ അധികമാരും ഉപയോഗിച്ചിരുന്നുമില്ല. പക്ഷേ എവിടേക്കു മാറ്റി വച്ചാലും തൊട്ടുപിന്നാലെ ആ സ്ഥാനത്തു നിന്നു മാറിയിരിക്കുന്നതു കാണാം പ്യൂപ്പ. 

 

പാവയുടെ സമീപത്തിരിക്കുന്ന വസ്തുക്കളും അസാധാരണമായി നിലത്തേക്കു വീഴാൻ തുടങ്ങി. ശരിക്കും പ്യൂപ്പ ഉന്തിമറിച്ചിട്ടതു പോലെ. ഇടയ്ക്ക് ഈ പാവക്കുട്ടിയെ നിരീക്ഷിക്കാൻ വേണ്ടി ചില്ലുകൂട്ടിലും ഇട്ടുനോക്കി. പക്ഷേ കണ്ണൊന്നും തെറ്റിയാൽ ചില്ലിൽ ആരോ കൈ കൊണ്ടു തട്ടുന്ന ശബ്ദം കേൾക്കാം. നോക്കുമ്പോൾ ചിലപ്പോൾ പ്യൂപ്പയുടെ കൈ ചില്ലിന്മേലായിരിക്കും. കഴുത്തും തലയും കയ്യും കാലുമെല്ലാം ചലിപ്പിക്കാൻ സാധിക്കുന്ന വിധമായിരുന്നു പ്യൂപ്പയുടെ നിർമാണവും. എന്തായാലും വൈകാതെ തന്നെ ‘ഹോണ്ടഡ് ഡോൾ’ പട്ടികയിൽ ഈ ഇറ്റാലിയൻ പാവയും ഇടംപിടിച്ചു. ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്ന ഒരിടത്തേക്ക് പ്യൂപ്പയെയും മാറ്റിയെന്നാണു പറയപ്പെടുന്നത്. 14 ഇഞ്ച് മാത്രം വലുപ്പമുള്ള ഈ പാവക്കുട്ടി ഇന്നു ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന പാവകളുടെ പട്ടികയിലും ഇടപിടിച്ചിട്ടുണ്ട്. പക്ഷേ കുപ്രസിദ്ധനാ ‘അനബെൽ’ പാവ പോലെ പ്യൂപ്പ ആർക്കും ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ലെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com