ADVERTISEMENT

ടൈറ്റാനിക് എന്ന സിനിമ നമ്മൾ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലേക്കു പോയ ഒരു കപ്പൽ മഞ്ഞുപാളിയിലിടിച്ചു തകരുന്നതും കുറേ യാത്രക്കാർ കൊല്ലപ്പെടുന്നതുമൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം. 1912ൽ  നടന്ന സംഭവമാണ് ടൈറ്റാനിക്. എന്നാൽ ഇതിനും മുൻപേ നടന്ന ഒരു കപ്പൽദുരന്തം, ഇംഗ്ലണ്ടിന്റെ ഭരണത്തെ മൊത്തത്തിൽ പിടിച്ചുലച്ച് ഒടുവിൽ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഇതാണ് എഡി 1120ൽ നടന്ന വൈറ്റ്ഷിപ് അഥവാ വെള്ളക്കപ്പൽ ദുരന്തം. 900 വർഷങ്ങൾക്ക് മുൻപ് ഇതുപോലെയൊരു നവംബറിലാണു ദുരന്തം നടന്നത്.അതിന്റെ കഥയൊന്നു കേട്ടാലോ? 

 

ഇംഗ്ലിഷ് ചരിത്രത്തിലെ പ്രശസ്ത യുദ്ധവീരനായ രാജാവാണ് വില്യം അഥവാ വില്യം ദി കോൺക്വറർ. ഇദ്ദേഹത്തിന്റെ മകനും പിൽക്കാല രാജാവുമായിരുന്നു ഹെൻറി ഒന്നാമൻ. ഹെൻറിക്ക് ആദ്യ ഭാര്യയിലുണ്ടാ യിരുന്നത് രണ്ടുമക്കളാണ്. മതിൽഡ എന്ന രാജകുമാരിയും വില്യം അഡെലിൻ എന്ന രാജകുമാരനും. ആദ്യഭാര്യ മരിച്ചതിനെത്തുടർന്ന് അഡെലീസ എന്നൊരു സ്ത്രീയെ വില്യം പിന്നീട് വിവാഹം കഴിച്ചെങ്കിലും ഇതിൽ കുട്ടികളുണ്ടായിരുന്നില്ല. ഹെൻ‌റിക്കു ശേഷം വില്യം അഡെലിൻ രാജാവാകുമെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.ഹെൻറി രാജാവിന് തന്റെ ജീവനേക്കാളേറെ ഇഷ്ടമായിരുന്നു അഡെലിനെ.

 

അന്ന് ഫ്രഞ്ച് പ്രവിശ്യയായ നോർമാൻഡിയും ഇംഗ്ലണ്ടിന്റെ അധീനതയിലായിരുന്നു. അഡെലിനു 17 വയസ്സ് തികഞ്ഞപ്പോൾ അവനെ നോർമാൻഡിയുടെ ഡ്യൂക്ക് എന്ന പദവിയിലേക്കു ഹെൻറി രാജാവ് നിയമിച്ചു. സ്ഥാനാരോഹണ ചടങ്ങിനായി രാജാവും അഡെലിനും മറ്റു ബന്ധുക്കളും ഇംഗ്ലണ്ടിലെ പ്രധാന പ്രഭുകുടുംബത്തിലെ അംഗങ്ങളുമെല്ലാം നോർമാൻഡിയിലേക്കു തിരിച്ചു. ഇംഗ്ലണ്ടിനും ഫ്രാൻസിനുമിടയിൽ ഇംഗ്ലിഷ് ചാനൽ എന്ന കടലുണ്ടെന്ന് അറിയാമല്ലോ. ഇന്ന് ഇംഗ്ലിഷ് ചാനൽ കടക്കാൻ ഒരു മണിക്കൂർ മതിയാകും. പക്ഷേ അന്നങ്ങനെയായിരുന്നില്ല സ്ഥിതി. പായ്ക്കപ്പലിൽ ദിവസങ്ങളെടുത്താണ് ഈ യാത്ര നടത്തിയിരുന്നത്.

 

രാജാവും അഡെലിനും പരിവാരങ്ങളും നോർമാൻഡിയിലെത്തി. സ്ഥാനാരോഹണ ചടങ്ങുകളൊക്കെ ഭംഗിയായി കഴിഞ്ഞു. തിരികെ പോരാനൊരുങ്ങിയ രാജാവിനരുകിൽ ഒരു നാവികനെത്തി. തോമസ് ഫിറ്റ്സ്റ്റീഫൻ.

 

 

∙ഫിറ്റ്സ്റ്റീഫന്റെ വെള്ളക്കപ്പൽ

 

ഹെൻറി രാജാവിനരികിലെത്തിയ ഫിറ്റ്സ്റ്റീഫൻ ഉപചാരങ്ങൾ അർപ്പിച്ച ശേഷം ഒരു അഭ്യർഥന നടത്തി. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്ര തന്റെ കപ്പലിലാകണം. വെറുമൊരു നാവികനല്ല, മറിച്ചൊരു കപ്പൽമുതലാളി തന്നെയായിരുന്നു ഫിറ്റ്സ്റ്റീഫൻ. അക്കാലത്തു ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കപ്പലാണ് അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്നത്. ഒത്ത വലുപ്പവും ആഢംബരസൗകര്യങ്ങളുമെല്ലാം നിറഞ്ഞ വൈറ്റ്ഷിപ് അഥവാ വെള്ളക്കപ്പൽ.

 

ഫിറ്റ്സ്റ്റീഫന്റെ കുടുംബത്തിനു രാജകുടുംബവുമായി തലമുറകളായുള്ള ബന്ധമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അഭ്യർഥന സ്വീകരിക്കാൻ ഹെന്‍‌റി രാജാവിനായില്ല. തന്റെ മടക്കയാത്രയ്ക്കുള്ള ഏർപ്പാടുകൾ അദ്ദേഹം നേരത്തെ തന്നെ ചെയ്തിട്ടുണ്ടായിരുന്നു. കണിശത അൽപം കൂടുതലായതിനാൽ ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ അദ്ദേഹം ഒരു മാറ്റവും വരുത്തിയിരുന്നില്ല. എന്നാൽ ആശ്രിതവത്സലനായ രാജാവ് ഫിറ്റ്സ്റ്റീഫനെ നിരാശപ്പെടുത്തിയില്ല. അഡെലിനെയും മറ്റു രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബങ്ങളെയുമൊക്കെ ഇംഗ്ലണ്ടിൽ തിരികെയെത്തിക്കാൻ അദ്ദേഹം ഫിറ്റ്സ്റ്റീഫനോട് ആവശ്യപ്പെട്ടു. ആ ആജ്ഞ ഫിറ്റ്സ്റ്റീഫൻ സന്തോഷത്തോടെ സ്വീകരിച്ചു.

 

∙ മരണത്തിലേക്കുള്ള യാത്ര

 

‍രാജാവ് നേരത്തെ തന്നെ മറ്റൊരു കപ്പലിൽ ഇംഗ്ലണ്ടിലേക്കു യാത്ര തിരിച്ചു. തുടർന്ന് അഡെലിനും സംഘവും വെള്ളക്കപ്പലിൽ കയറി. 300 പേരോളമുണ്ടായിരുന്നു അവര്‍. രാജകുമാരനും സംഘവും ആയതിനാൽ യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും കപ്പലിൽ ഉണ്ടെന്ന് ഫിറ്റ്സ്റ്റീഫൻ ഉറപ്പാക്കിയിരുന്നു. കപ്പൽ തുറമുഖത്തു നിന്നു പുറപ്പെടുന്നതിനു മുൻപ് തന്നെ രാജസംഘം മദ്യപാനം തുടങ്ങി. കുറേക്കഴിഞ്ഞപ്പോൾ കപ്പലിലെ ജീവനക്കാരും ഇവരോടൊപ്പം കൂടി മദ്യപിച്ച് ലക്കുകെട്ടു. ഇതിനിടെ ചില യാത്രക്കാർ ജീവനക്കാരുടെ മദ്യപാനം കണ്ട് സുരക്ഷിതമല്ലെന്നു കരുതി യാത്ര ഉപേക്ഷിച്ചു. ഇക്കൂട്ടത്തിൽ പ്രമുഖനാണ് അഡെലിന്റെ കസിൻ സഹോദരനായ സ്റ്റീഫൻ. വയറുവേദനയാണെന്നു പറഞ്ഞ് സ്റ്റീഫൻ തടിതപ്പി.

തുടർന്നു കപ്പല്‍ യാത്ര തിരിച്ചു. മദ്യപിച്ച് ഉന്മത്തരായ യാത്രികർ ഫിറ്റ്സ്റ്റീഫനോട് ഒരു കാര്യം ആവശ്യപ്പെട്ടു. രാജാവ് പോയ കപ്പലിനേക്കാൾ മുൻപിൽ കയറണം. രാജാവ് ഇംഗ്ലണ്ടിലെത്തുന്നതിനു മുൻപ് നമുക്കവിടെയെത്തണം.

 

 

മദ്യലഹരിയിൽ ഫിറ്റായിരുന്ന ഫിറ്റ്സ്റ്റീഫന്‍ ആവശ്യം അംഗീകരിച്ചു. തുടർന്ന് കപ്പൽ അതിന്റെ പരമാവധി വേഗതയിൽ പുറപ്പെട്ടു. പക്ഷേ ആ കപ്പൽ ഇംഗ്ലണ്ടിലെത്തിയില്ല. കടലിലെ ഒരു പാറക്കൂട്ടത്തിലിടിച്ച് കപ്പൽ തകർന്നു. എങ്ങും നിലവിളികൾ‌,സഹായമഭ്യർഥിച്ചുള്ള കരച്ചിലുകൾ. ഒടുവിൽ ദുരന്ത പര്യവസാനം. അഡെലിനുള്‍പ്പെടെ 300 പേരും മരിച്ചു. ആ കപ്പലിൽ സഞ്ചരിച്ചിരുന്നവരിൽ രണ്ടുപേർ മാത്രമാണ് രക്ഷപെട്ടത്. തോമസ് ഫിറ്റ്സ്റ്റീഫൻ രക്ഷപ്പെട്ടെങ്കിലും രാജകുമാരൻ മരിച്ചതറിഞ്ഞ് അദ്ദേഹം ഭയചകിതനായി. തന്നെ ഇനി രാജാവ് വച്ചേക്കില്ലെന്നു തോന്നിയ അദ്ദേഹം കടലിൽ ചാടി ആത്മഹത്യ ചെയ്തു.

 

∙കിരീടാവകാശിയില്ലാതെ ഇംഗ്ലണ്ട്

 

വിവരം രാജാവറിഞ്ഞു. മകന്റെ മരണത്തിൽ ദുഃഖിതനായി അദ്ദേഹം നിലത്തേക്കു മറിഞ്ഞു വീണു. പിന്നീടൊരിക്കലും അദ്ദേഹം ജീവിതത്തിൽ പുഞ്ചിരിച്ചിട്ടില്ല. അഡെലിന്‍ മരിച്ചതോടെ രാജാവിന് അനന്തരാവകാശിയില്ലാതെയായി. തന്റെ മകളായ മതിൽഡയെ അദ്ദേഹം കിരീടാവകാശിയായി പ്രഖ്യാപിച്ചു. എന്നാൽ സ്ത്രീകൾ ഭരണമേറ്റെടുക്കുന്ന പതിവ് അക്കാലത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്നില്ല. രാജകുടുംബത്തിൽ തന്നെ ഇതിനെതിരെ കലഹം തുടങ്ങി. അഡെലിന്റെ  കസിനായ സ്റ്റീഫൻ (വയറുവേദനയെന്നു പറഞ്ഞ് വെള്ളക്കപ്പലിൽ കയറാതെ പോയ അതേ സ്റ്റീഫന്‍) രാജ്യാധികാരത്തിനായി പടപ്പുറപ്പാട് തുടങ്ങി. ആഭ്യന്തരയുദ്ധത്തിലേക്കാണ് ഇതു പോയത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ അനാർക്കി എന്നറിയപ്പെടുന്ന പ്രശസ്തമായ കാലഘട്ടത്തിനു തുടക്കമായി.

 

‌ഒടുവിൽ സ്റ്റീഫന്‍ അധികാരം പിടിച്ചു. എന്നാൽ അധികകാലത്തേക്ക് അതു തുടർന്നില്ല. മതിൽഡയുടെ മകൻ വളർന്നു വലുതായി സ്റ്റീഫനെ യുദ്ധത്തിൽ തോൽപിച്ചു. ആ രാജകുമാരൻ പിന്നീട് ഹെന്‍‌റി രണ്ടാമൻ എന്ന പേരിൽ പ്രശസ്തനായ രാജാവായി മാറി.

 

English Summary : The Shipwreck that rocked England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com