കൊടുംകുറ്റവാളികൾ പ്രേതങ്ങളായി നിറഞ്ഞ ദ്വീപ്; ഇവിടം സ്വർഗതുല്യമായ നരകം!
Mail This Article
സ്വർഗതുല്യമായ നരകം– അങ്ങനെ വിശേഷിപ്പിക്കാവുന്ന സ്ഥലമുണ്ടോ ഭൂമിയിൽ? ഓസ്ട്രേലിയക്കാർ പറയും ഉണ്ടെന്ന്. ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന 10 ദ്വീപുകളെടുത്താൽ അതിലൊന്നായി ഉറപ്പായും ഇടം പിടിക്കുന്ന നോർഫക് ഐലന്റാണ് ആ സ്വർഗതുല്യമായ നരകം. ഹാലോവീൻ ആഘോഷത്തിനിടെ സന്ദർശിക്കാൻ തിരഞ്ഞെടുക്കാവുന്ന ഇടം കൂടിയാണിതെന്ന് ടൂറിസം ഏജൻസികൾ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു. അത്രയേറെ പ്രേതകഥകളാണ് ഈ ദ്വീപിനെ ചുറ്റിപ്പറ്റിയുള്ളത്. പക്ഷേ അതിസുന്ദരമായ ബീച്ചുകളും കെട്ടിടങ്ങളും പുൽത്തകിടികളും പ്രകൃതിരമണീയമായ കാഴ്ചകളുമെല്ലാമായി കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്ന ദ്വീപ് കൂടിയാണിത്. പ്രതിവർഷം കുറഞ്ഞത് 30,000 വിനോദസഞ്ചാരികളെങ്കിലും ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നു. അവർക്കായി ‘ഹാലോവീൻ പാക്കേജുകൾ’ വരെ റെഡിയാണ്.
വെറും 34.6 ചതുരശ്ര കിലോമീറ്ററേയുള്ളൂ ഈ ദ്വീപ്. സിഡ്നിയിൽനിന്ന് ഏകദേശം 1600 കിലോമീറ്റർ വടക്കു കിഴക്ക് മാറി പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ 2016ലെ സെൻസസ് പ്രകാരം 1748 പേർ താമസിക്കുന്നുമുണ്ട്. പക്ഷേ അവർ പോലും രാത്രി ഇറങ്ങി നടക്കാൻ ഭയക്കുന്ന സ്ഥലങ്ങളുണ്ട് ദ്വീപിൽ. പലയിടത്തും തലയുയർത്തി നിൽക്കുന്ന സെമിത്തേരിക്കല്ലുകളുടെ കാഴ്ച പകൽവെളിച്ചത്തിൽതന്നെ പേടിപ്പെടുത്തുന്നതാണ്, അപ്പോൾപ്പിന്നെ രാത്രിയിലെ കാര്യം പറയേണ്ടതില്ലല്ലോ! എങ്ങനെയാണ് ഈ ദ്വീപ് ഇത്രയേറെ പേടിപ്പെടുത്തുന്നതായത്? ആ കഥ പറഞ്ഞു തുടങ്ങണമെങ്കിൽ നൂറുകണക്കിനു വർഷം പിന്നിലേക്കു പോകണം. 1700കളിലാണ് ആദ്യമായി ഈ ദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത്. ഓസ്ട്രേലിയയും ഫ്രാന്‍സും ഇംഗ്ലണ്ടുമൊക്കെ അക്കാലത്തു കണ്ണുവച്ചിരുന്ന ദ്വീപാണിത്.
പൈൻ മരങ്ങൾ ധാരാളമായി വളർന്നിരുന്നതിനാൽത്തന്നെ കപ്പലിന് ആവശ്യമായ പായ്‌മരങ്ങളും മറ്റും നിർമിക്കാനായി പലരും ദ്വീപിൽ താവളമടിക്കാറുണ്ട്. അങ്ങനെ ഒട്ടേറെ പേർ അവിടെ താമസവും തുടങ്ങി. പല തരം ആളുകൾ ഇത്തരത്തിൽ ദ്വീപിൽ താമസം ആരംഭിച്ചു. നോർഫക് ഐലന്റ് ഓസ്ട്രേലിയയുടെ കൈവിട്ടു പോകുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. അങ്ങനെയാണ് ഓസ്ട്രേലിയയുടെ ആറാമത്തെ ഗവർണർ ബ്രിസ്ബേൻ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. ദ്വീപിൽ നിലവിലുള്ള എല്ലാവരും ഒഴിഞ്ഞു പോകണം. എന്നിട്ട് അവിടെ കുറ്റവാളികൾക്കായുള്ള ഒരു കോളനി നിർമിക്കണം. കൊടുംകുറ്റവാളികളെ പൊതുസമൂഹത്തിന് ഇടയിൽനിന്നു മാറ്റിപ്പാർപ്പിക്കാൻ ഗവർണർ കണ്ട വഴിയായിരുന്നു അത്. ഒരു വെടിക്ക് രണ്ടു പക്ഷി– ദ്വീപിൽ ഓസ്ട്രേലിയയ്ക്ക് അധികാരം ഉറപ്പിക്കാനാകും എന്നതായിരുന്നു രണ്ടാമത്തേത്.
എന്തായാലും വൻതോതിൽ കുറ്റവാളികളെ ദ്വീപിലേക്ക് കൊണ്ടുവരാൻ തുടങ്ങി. ഇവിടേക്കു വരുന്നതുതന്നെ കുറ്റവാളികളുടെ പേടിസ്വപ്നമായി. രക്ഷപ്പെടാൻ യാതൊരു വഴിയുമില്ല. നീന്തി രക്ഷപ്പെടാനാകാത്ത വിധം ചുറ്റിലും കടലാണ്. ഇടയ്ക്കിടെ വരുന്ന കപ്പലുകളിലാകട്ടെ കർശനമായ കാവലും പരിശോധനയും. ദ്വീപിൽ അതികഠിനമായ ജോലികളും ശിക്ഷകളും ഏകാന്ത തടവുമൊക്കെയായിരുന്നു കാത്തിരുന്നത്. പലരും ഭ്രാന്തു പിടിച്ചു മരിച്ചു, ഒട്ടേറെ പേരേ വധശിക്ഷയ്ക്കു വിധേയരാക്കി. പിന്നെയുമേറെപ്പേർ വിവിധ രോഗങ്ങൾ ബാധിച്ചു മരിച്ചു. അതിനിടെ സിഡ്നിയിലേക്കും മറ്റും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്തു നൽകേണ്ട ബാധ്യതയും നോർഫക് ഐലന്റിൽ താമസിക്കുന്നവരുടെ മേൽ വന്നു ചേർന്നു. അതോടെ കൊടുംകുറ്റവാളികൾക്കൊപ്പം ചെറിയ കുറ്റം ചെയ്തവരെയും കുട്ടികളെയും ഉൾപ്പെടെ ദ്വീപിലേക്കു കൊണ്ടു വരാൻ തുടങ്ങി. ദ്വീപിലും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വർധിക്കാൻ തുടങ്ങി. കടലിൽ ചാടി രക്ഷപ്പെടാൻ നോക്കിയവരുടെ മൃതദേഹങ്ങളും അടിക്കടി തീരത്തടിഞ്ഞു.
യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാരും ദ്വീപിൽ അഭയം പ്രാപിച്ചിരുന്നു. 1835ൽ ഇവിടെ കിങ്സ്റ്റനെന്ന പേരിൽ ആശുപത്രിയും നിർമിക്കപ്പെട്ടു. എന്നാൽ പതിയെ എല്ലാം നശിച്ചു. അങ്ങനെയാണ് സെമിത്തേരിക്കല്ലുകൾക്കൊപ്പം പ്രേതകഥകളും തല പൊക്കാൻ തുടങ്ങിയത്. പഴയകാല വസ്ത്രങ്ങൾ ധരിച്ച് രാത്രിയിൽ റോന്തു ചുറ്റുന്നവരെപ്പറ്റിയുള്ള കഥകൾ ദ്വീപിൽ നിറഞ്ഞു. ചിലപ്പോൾ ആ പ്രേതങ്ങൾ പട്ടാളവേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്ട്രേലിയയുടെ പ്രധാന വ്യോമതാവളങ്ങളിലൊന്നു കൂടിയായിരുന്നു ഈ ദ്വീപ്. ബീച്ചുകളിലും രാത്രി അനാഥപ്രേതങ്ങളുടെ നിഴലനക്കങ്ങൾ പതിവായി. 1930കളിൽ നോർഫക് ദ്വീപുമായി ബന്ധപ്പെട്ട പ്രേതകഥകൾ മുഖ്യധാരാ മാധ്യമങ്ങളിലും വാർത്തയായി. ദ്വീപിൽ ഇന്നു താമസിക്കുന്നവരിൽ പകുതിയിലേറെ പേർക്കും ഏതെങ്കിലും തരത്തിലുള്ള ഒരു പ്രേതാനുഭവം പറയാനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ഉർവശീശാപം ഉപകാരമാവുകയായിരുന്നു. പ്രേതദ്വീപെന്നും പസിഫിക്കിലെ നരകമെന്നുമെല്ലാം വിശേഷണങ്ങൾ വന്നതോടെ ലോക ടൂറിസം ഭൂപടത്തിലും ഈ കൊച്ചുദ്വീപ് ഇടംപിടിക്കുകയായിരുന്നു.