ADVERTISEMENT

ഹെർമൻ മെവില്ലെ എന്ന പ്രശസ്ത ഇംഗ്ലിഷ് സാഹിത്യകാരൻ എഴുതിയ മോബി ഡിക്ക് എന്ന കൃതി വായിച്ചിട്ടുണ്ടോ?. തിമിംഗല വേട്ടയ്ക്കിറങ്ങിയ ക്യാപ്റ്റൻ അഹാബ് എന്ന നാവികന്റെയും അയാളുടെ കപ്പൽ തകർക്കുന്ന മോബി ഡിക്ക് എന്ന തിമിംഗലത്തിന്റെയും കഥ. ഇംഗ്ലിഷ് സാഹിത്യത്തിലെ മികവുറ്റ കൃതികളിലൊന്നായി വാഴ്ത്തപ്പെടുന്ന മോബി ഡിക്ക് ഒരു യഥാർഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എഴുതപ്പെട്ടത്. എസ്സെക്സ് കപ്പൽ ദുരന്തം. ലോകനാവിക ചരിത്രത്തിലെ തന്നെ അടയാളപ്പെട്ട ചരിത്രമായ ഈ സംഭവം നടന്നിട്ട് ഈ നവംബറിൽ 200 വർഷം തികയുകയാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദം...

തിമിംഗലവേട്ട അക്കാലത്തെ ഏറ്റവും ഗ്ലാമർ ജോലികളിലൊന്നായിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ വ്യാപകമാകാതിരുന്ന ആ കാലഘട്ടത്തിൽ അമേരിക്കയിലും യൂറോപ്പിലും വിളക്കുകൾ തെളിച്ചത് തിമിംഗലത്തിന്റെ എണ്ണയുപയോഗിച്ചായിരുന്നു. സോപ്പ്, ചില പാചക വസ്തുക്കൾ, വ്യാവസായികമായി ഉപയോഗമുള്ള ചില ഉത്പന്നങ്ങള്‍ എന്നിവയൊക്കെ ഈ എണ്ണ കൊണ്ട് ഉത്പാദിപ്പിപ്പിച്ചു. ചുരുക്കത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവായിരുന്നു തിമിംഗല എണ്ണ അക്കാലത്ത്.

അങ്ങനെ 1819ൽ യുഎസിലെ നാന്റെക്കെറ്റിൽ നിന്നു തിമിംഗല വേട്ടക്കപ്പലായ ‘എസെക്സ്’  പുറപ്പെട്ടു. വെറും 29 വയസ്സു പ്രായമുള്ള പൊള്ളാർഡ് ജൂനിയറായിരുന്നു കപ്പലിന്റെ ക്യാപ്റ്റൻ.നാവികനെന്ന നിലയിൽ നേരത്തെ പ്രകടിപ്പിച്ച മികവാണ് ഈ ചെറുപ്രായത്തിൽ തന്നെ ക്യാപ്റ്റൻ പദവി പൊള്ളാർഡിനു നേടിക്കൊടുത്തത്. തെക്കൻ അമേരിക്കയുടെ തീരങ്ങളിലേക്കു പുറപ്പെട്ട കപ്പലിന്റെ യാത്രയുടെ രണ്ടാം ദിനം തന്നെ കനത്ത ഒരു കാറ്റ് വേട്ടയാടി. ഈ സംഭവം അപശകുനമായി കണ്ട് നാവികർ പരിഭ്രാന്തരായെങ്കിലും പൊള്ളാർഡ് കുലുങ്ങിയില്ല. കാറ്റ് തെക്കനമേരിക്കയുടെ ദക്ഷിണ മുനമ്പായ ഗുഡ് ഹോണിലെത്തി.

എന്നാൽ പ്രതീക്ഷിച്ചതു പോലെ തിമിംഗലങ്ങളുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നില്ല. മേഖലയില്‍ നടന്നു വന്ന വൻതോതിലുള്ള തിമിംഗല വേട്ട മൂലം ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. പൊള്ളാർഡും സംഘവും നിരാശരായി. എന്നാൽ സാഹസികയാത്രയ്ക്കു തയാറെങ്കിൽ തെക്കൻ പസിഫിക് മേഖലയിലേക്കു പോയാൽ ഇഷ്ടം പോലെ തിമിംഗലങ്ങളെ കിട്ടുമെന്ന് മറ്റു ചില നാവികർ അവരോട് പറഞ്ഞു. അൽപം സാഹസികത കാട്ടാൻ തന്നെ പൊള്ളാർഡ് തീരുമാനിച്ചു.

അങ്ങനെ പൊള്ളാർഡിന്റെ എസക്സ് തെക്കൻ പസിഫിക്കിലേക്കു യാത്ര പുറപ്പെട്ടു. നീണ്ട യാത്രയ്ക്കായി ഭക്ഷണം നിറയ്ക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഗലപ്പഗോസിലെത്തിയ സംഘം അവിടത്തെ ചാൾസ് ദ്വീപിൽ നിന്ന് 60 വമ്പൻ ആമകളെ പിടികൂടി (ഗലപ്പഗോസിലെ ആമകൾ വലുപ്പമേറിയവയാണ്). എന്നാൽ കൂട്ടത്തിലൊരാൾ ഒരു വികൃതികാട്ടി. ദ്വീപിലെ ഉണങ്ങിയ കരിയിലകൾക്ക് അയാൾ തീയിട്ടു. വേനൽക്കാലമായതിനാൽ ഉണങ്ങി നിന്ന പുല്ലുകളിലും മരങ്ങളിലും തീ ആളിക്കത്തി. ദ്വീപ് മുഴുവൻ നിറഞ്ഞു കത്തിയെങ്കിലും പൊള്ളാർഡും സംഘവും അവിടെ നിന്ന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.ഇതായിരുന്നു ഇവർ ആ യാത്രയിൽ നേരിട്ട രണ്ടാമത്തെ അപകടം.

1820 നവംബർ 20നു കപ്പൽ ആഴക്കടലിലെ ഏതോ മേഖലയിൽ എത്തി. പൊള്ളാർഡ് തിമിംഗലവേട്ടയ്ക്കുള്ള ശ്രമങ്ങൾ തുടങ്ങി. കപ്പലിൽ കുറച്ചു ജോലിക്കാരും മേൽനോട്ടത്തിനു സഹക്യാപ്റ്റനും നിന്നു. പൊള്ളാർഡും സംഘവും തിമിംഗലവേട്ടയ്ക്കുള്ള ഹാർപൂണുകളുമായി ബോട്ടിൽ പുറപ്പെട്ടു. അപ്പോഴാണ് അതു സംഭവിച്ചത്. എങ്ങു നിന്നോ പ്രത്യക്ഷപ്പെട്ട ഒരു വന്‍ തിമിംഗലം, അവൻ ക്രോധത്തോടെ എസക്സിനു നേർക്കു പാഞ്ഞടുത്തു. സകല ശക്തിയും സമാഹരിച്ച് അവൻ ആ കപ്പലിനെ തലങ്ങും വിലങ്ങും അടിച്ചു. കപ്പലിന്റെ അടിത്തട്ട് തകർന്ന് വെള്ളം ഉള്ളിലേക്ക് ഇരച്ചു കയറി. പായ്മരങ്ങൾ ഒടിഞ്ഞു.

കപ്പലിലുള്ളവർക്ക് രക്ഷപ്പെടുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. അവർ ബോട്ടുകളിലേക്കു ചാടിക്കയറി. കരകാണാൻ കഴിയാത്ത ആഴക്കടലിലെ തങ്ങളുടെ ഏക അഭയകേന്ദ്രമായ കപ്പലും അതിലെ ഭക്ഷണവും ശുദ്ധജലവുമെല്ലാം മുങ്ങുന്നത് അവർ കണ്ണീരോടെയും ഭയത്തോടെയും നോക്കി നിന്നു. എസെക്സ് പൂർണമായി മുങ്ങിക്കഴിഞ്ഞപ്പോൾ 3 ബോട്ടുകളും 20 ആളുകളും ബാക്കി.

കപ്പൽ പോയി ഇനിയെന്ത്? തൊട്ടടുത്ത കരപ്രദേശമായ മാര്‍ക്വിസസ് ദ്വീപിലേക്കു പോകാമെന്നു പൊള്ളാർഡ് അഭിപ്രായപ്പെട്ടെങ്കിലും അവിടെ നരഭോജികളുണ്ടാകാമെന്നു കരുതി സംഘാംഗങ്ങൾ സമ്മതിച്ചില്ല. അവർ ബോട്ടുകളിലായി യാത്ര തുടർന്നു..ആഴക്കടലിലേക്ക്. വിശപ്പും ദാഹവും കടുത്ത ചൂടുമെല്ലാമേറ്റ് നരകതുല്യമായ 92 ദിവസത്തെ യാത്ര. പലരും മരിച്ചു. പൊള്ളാർഡ് ഉൾപ്പെടെയുള്ളവരുടെ മാനസികനില തെറ്റി. ഒടുവിൽ ഇവരിൽ ശേഷിച്ചവരെ മറ്റു ചില കപ്പലുകൾ രക്ഷപ്പെടുത്തി.

ക്യാപ്റ്റൻ പൊള്ളാർഡ് ഈ സംഭവത്തിനു ശേഷം മറ്റൊരു കപ്പലിന്റെ കൂടി ക്യാപ്റ്റനായി. എന്നാൽ ആ കപ്പലും പവിഴപ്പുറ്റിലിടിച്ചു തകർന്നു. ഇതോടെ രാശിയില്ലാത്തവനായി മുദ്രകുത്തപ്പെട്ട പൊള്ളാർഡ് ശിഷ്ടകാലം ഒരു പാറാവുകാരനായി ജീവിച്ചു. മോബി ഡിക്ക് എഴുതുന്നതിനു മുൻപായി ഹെർമൻ മെവില്ലെ നാന്റക്കിലെത്തുകയും പൊള്ളാർഡിനെ കാണുകയും ചെയ്തു. എന്നാൽ അദ്ദേഹത്തോട് പൊള്ളാർഡ് ഒന്നും സംസാരിച്ചിരുന്നില്ല.

 English Summary : The Tragedy Of The Whaleship Essex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com