ADVERTISEMENT

കൊള്ളയടി കരയിലും കടലിലുമുണ്ട്. കടലിലെ കൊള്ളക്കാരെ നമ്മൾ സിനിമയിലും മറ്റും ധാരാളം കണ്ടിട്ടുമുണ്ട്. പൈറേറ്റ്‌സ് ഓഫ് ദ കരീബിയനിലെ ക്യാപ്റ്റൻ ജാക്ക്‌സ്പാരോയെപ്പോലെയുള്ള കൊള്ളക്കാർ.ജാക്ക് സ്പാരോ ഒരു സാങ്കൽപിക കഥാപാത്രമാണ്. എന്നാൽ ശരിക്കുമുള്ള വില്ലൻമാർ പലരുമുണ്ടായിരുന്നു. ബ്ലാക്ക് ബേഡ്, ക്യാപ്റ്റൻ കിഡ്, ഹെന്റി ഡ്രേക്ക്... അങ്ങനെ കുറേപ്പേർ.

എന്നാൽ ഇവർക്കിടയിലെ കൊടുംഭീകരിയാണ് ചിങ് ഷി. പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ ചൈനാക്കടലിനെ വിറപ്പിച്ച, ഭരിച്ച കടൽക്കൊള്ളക്കാരി. ചൈനയിലെ ശക്തമായ ക്വിങ് രാജവംശത്തിനു പോലും നിരന്തര തലവേദനയായിരുന്ന ഇവരുടെ കഥയൊന്നറിഞ്ഞാലോ.

1775ൽ ചൈനീസ് നഗരമായ കാന്‌റണിലെ ഒരു ദരിദ്രകുടുംബത്തിലാണു ചിങ്ങിന്‌റെ ജനനം. 26 വയസ്സുള്ളപ്പോൾ ചൈനയിലെ അക്കാലത്തെ കുപ്രസിദ്ധനായ ഒരു കടൽക്കൊള്ളക്കാരനായ ഴെങ് യി അവളോട് വിവാഹാഭ്യർഥന നടത്തി. ചിങ് വിവാഹത്തിനു സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന വച്ചു. ഴെങ്ങിന്‌റെ സ്വത്തുക്കളിൽ പാതി ചിങ്ങിനു കൊടുക്കണം, ഇനിയുള്ള കൊള്ളയടികളിൽ കിട്ടുന്ന ധനത്തിന്‌റെ പാതിയും. ഴെങ്ങ് ഇതെല്ലാം അംഗീകരിച്ചു.

വിവാഹം കഴിഞ്ഞു. ചിങ്ങും ഴെങ്ങും റെഡ് ഫ്‌ളാഗ് എന്ന ഒരു കടൽക്കൊള്ളക്കാരുടെ സംഘത്തെ വാർത്തെടുത്തു. തെക്കൻ ചൈനാക്കടലിലൂടെ പോകുന്ന കപ്പലുകൾ ഇവരുടെ കൊള്ളയ്ക്കിരയായി. അക്കാലത്ത് അവിടെയുള്ള മക്കാവു എന്ന പ്രദേശത്ത് പോർച്ചുഗീസ് നാവിക സേനയുടെ ഒരു കേന്ദ്രമുണ്ടായിരുന്നു. ഇവിടെ വച്ച് പോർച്ചുഗീസുകാരോട് ഏറ്റുമുട്ടാനും ചിങ്ങിന്‌റെ സംഘം ധൈര്യപ്പെട്ടു. ഏറ്റുമുട്ടലിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ചിങ്ങിന്‌റെ സംഘം വളർന്നു വലുതായി. 1800 കൊള്ളക്കപ്പലുകളുണ്ടായിരുന്നു അന്ന് അവരുടെ കീഴിൽ.

തന്‌റെ സംഘത്തിലെ കൊള്ളക്കാർക്കായി നിശിതമായ നിയമങ്ങൾ ചിങ് നടപ്പാക്കി. അതു ലംഘിക്കുന്നവരെ കാത്തിരുന്നത് ക്രൂരമായ പീഡനമോ മരണമോ ആയിരുന്നു. മക്കളില്ലാതിരുന്ന ഴെങ്ങും ചിങ്ങും ഇതിനിടെ ച്യൂങ് പോ എന്നൊരു യുവാവിനെ മകനായി ദത്തെടുത്തു. അവനും കൊള്ളസംഘത്തിലെ പ്രമുഖനായി ഉയർന്നു.

അങ്ങനെ ആറു വർഷങ്ങൾ പിന്നിട്ടു. ഇതിനിടെ ഴെങ് മരിച്ചു. ചിങ് എല്ലാ അർഥത്തിലും കൊള്ളസംഘത്തിന്‌റെ അനിഷേധ്യ നേതാവായി. ചൈനീസ് കപ്പലുകളെ മാത്രമല്ല, കാന്‌റൺ വിട്ടു പോകുന്ന ഫ്രഞ്ച്, ബ്രിട്ടിഷ് കപ്പലുകളെയും ആക്രമിക്കാനും കൊള്ളയടിക്കാനും ചിങ്ങിന്‌റെ സംഘത്തിനു യാതൊരു മടിയുമുണ്ടായില്ല. പതിയെ പതിയ തെക്കൻ ചൈനാക്കടലിന്‌റെ നാവികഭരണം ഇവർ ഏറ്റെടുത്തു തുടങ്ങി. കടന്നു പോകുന്ന കപ്പലുകൾക്ക് കരം ഏർപ്പെടുത്തി. ഇതു കൊടുക്കാത്ത കപ്പലുകൾ കൊള്ളയടിച്ചു.

ചിങ്ങിന്‌റെ ഇത്തരം പ്രവൃത്തികൾ ചൈനീസ് ചക്രവർത്തിയായ ജിയാൻക്വിങ്ങിനു വലിയ തലവേദനയായി മാറി. അവരെ അമർച്ച ചെയ്യാനായി ഒരു വലിയ കപ്പൽപടയെ ചക്രവർത്തി അയച്ചു. എന്നാൽ ഈ കപ്പൽപട യുദ്ധത്തിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ചക്രവർത്തിയുടെ നാവികസേനയിലെ പലരും കടൽക്കൊള്ള സംഘത്തിൽ ചേരുകയും ചെയ്തു.

ഇതിനിടെയാണു വീണ്ടും പ്രശ്‌നം ഉടലെടുത്തത് പോർച്ചുഗീസ് നാവികസേനയുമായി ചിങ്ങിന്‌റെ സംഘം വീണ്ടും ഉരസൽ നടത്തി. നേരത്തെ പരാജയപ്പെട്ടതിന്‌റെ ചൊരുക്ക് പോർച്ചുഗീസുകാർക്കുണ്ടായിരുന്നു. അതിനാൽ തന്നെ തങ്ങളുടെ പ്രശസ്ത സൈനികനായ ക്യാപ്റ്റൻ ജോസ് പിന്‌റോ അൽക്കൊഫൊറാദോയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ പോർച്ചുഗീസ് പട എത്തിയത്. എണ്ണത്തിൽ കുറവെങ്കിലും വളരെ മെച്ചപ്പെട്ട കപ്പലുകളും വെടിക്കോപ്പുകളും ഇവർക്കുണ്ടായിരുന്നു.

ക്യാപ്റ്റൻ അൽക്കൊഫൊറാദോയുടെ യുദ്ധതന്ത്രങ്ങളോടു പിടിച്ചു നിൽക്കാൻ ചിങ്ങിന്‌റെ കടൽക്കൊള്ള സൈന്യം ബുദ്ധിമുട്ടി. പോർച്ചുഗീസുകാർ ഒടുവിൽ അവരെ ദയനീയമായി തറപറ്റിക്കുക തന്നെ ചെയ്തു. എന്നാൽ ചിങ്ങ് ബുദ്ധിമതിയായിരുന്നു. ശക്തി ക്ഷയിച്ചെന്നു ബോധ്യപ്പെട്ട അവർ കീഴടങ്ങുകയും ചൈനീസ് ചക്രവർത്തിയോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ചിങ്ങിനോട് ക്ഷമിച്ച ചക്രവർത്തി അവരെ മോചിതയാക്കുകയും ഇതുവരെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കാൻ അനുവദിക്കുകയും ചെയ്തു.ചിങ്ങിന്‌റെ കൊള്ളസംഘത്തിലുണ്ടായിരുന്ന മിക്ക കൊള്ളക്കാരെയും തന്‌റെ നാവികസേനയിലെടുക്കാനും ചക്രവർത്തി സൗമനസ്യം കാട്ടി.

ഇതോടെ കൊള്ളജീവിതം അവസാനിപ്പിച്ച ചിങ് ഷി, മക്കാവുവിലേക്ക് താമസം മാറ്റി. പിന്നീട് തന്‌റെ 69ാം വയസ്സിൽ അവർ മരിച്ചു. ചരിത്രത്തിലെ ഏറ്റവും ഭീകരിയായ ഒരു കൊള്ളത്തലവിയുടെ ജീവിതത്തിനാണ് അതോടെ തിരശ്ശീല വീണത്.

English Summary : Ching shi The Chinese Female Pirate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com