ADVERTISEMENT

ആലിബാബയെ അറിയാത്തവരുണ്ടോ. ‘അറേബ്യൻ നൈറ്റ്സ്’ എന്ന വിശ്വപ്രസിദ്ധ ക്ലാസിക്കിലെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നിലെ നായകനായ ആലിബാബ. നാൽപതു കള്ളൻമാരെ കളിപ്പിച്ച് അവരുടെ നിധിശേഖരം കൈക്കലാക്കിയ തന്ത്രശാലി. ഇന്നു ലോകത്തെ ഏറ്റവും മുൻനിര കമ്പനികളിലൊന്നാണ് ആലിബാബ ഗ്രൂപ്പ്. ചൈനീസ് ശതകോടീശ്വരനായ ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള കമ്പനി. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം കൂടിയാണ് ജാക്ക് മാ. ഇടയ്ക്ക് രണ്ടു മാസത്തോളം ജാക്ക് മാ ലോകവേദിയിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ചർച്ചയായിരുന്നു. 

ചൈനീസ് സർക്കാരിനെ പരസ്യമായി വിമർശിച്ചതിനാൽ ചൈന അദ്ദേഹത്തെ ഒതുക്കിയതാണെന്ന നിലയിലൊക്കെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ‌

ചോദ്യമിതാണ്. എന്തു കൊണ്ട് ജാക്ക് മാ തന്റെ സംരംഭത്തിന് ആലിബാബ എന്നു പേരിട്ടു. ഒരു ചൈനക്കാരനായിട്ടും ചൈനീസ് പേരുകളോ അല്ലെങ്കിൽ ഇംഗ്ലീഷ് പേരുകളോ ഉപയോഗിക്കാതെ ഈ പേര് ഇടാൻ എന്താണു പ്രത്യേകിച്ചു കാരണം?

അങ്ങനെ വലിയ കാരണമൊന്നുമില്ല എന്നാണ് ഉത്തരം. യുഎസിലായിരിക്കെ 1999ലാണ് മാ പുതിയ സംരംഭത്തിനു തുടക്കമിടുന്നത്. അതിനകം തന്നെ നല്ലൊരു ബിസിനസുകാരനായി മാറിയിരുന്നു ജാക്ക് മാ. തന്റെ സംരംഭത്തിന് എല്ലാവർക്കും പരിചിതമായ, മനസ്സിലാകുന്ന ഒരു പേരു വേണമെന്ന് അദ്ദേഹത്തിനു തോന്നി. പേരു ചിന്തിച്ചു തലപുകഞ്ഞു നടന്ന ജാക്ക് മാ ഇതിനിടയിൽ സാൻ ഫ്രാൻസിസ്കോയിലെ ഒരു കാപ്പിക്കടയിൽ ചെന്നു കയറി. 

ആയിടയ്ക്ക് ആലി ബാബ എന്ന പേര് അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടായിരുന്നു. തനിക്ക് കാപ്പിയും ഭക്ഷണവുമായി വന്ന വെയ്ട്രസിനോട് ആലി ബാബ എന്ന പേരറിയുമോ എന്ന് മാ ചോദിച്ചു. അവർക്ക് അതറിയാമായിരുന്നു.  അവർ ചോദ്യത്തിന് തലകുലുക്കി. ‘എന്താണ് അറിയാവുന്നത്?’ എന്നായിരുന്ന മായുടെ അടുത്ത ചോദ്യം. 

‘ഓപ്പൺ സീസേം’ എന്ന് വെയ്ട്രസ് ഉത്തരം നൽകി.  ആ മന്ത്രം ചൊല്ലിയാണല്ലോ കഥയിൽ ആലിബാബ കള്ളൻമാരുടെ ഗുഹയ്ക്കകത്ത് കയറുന്നത്. ആലി ബാബയുടെ കഥ എല്ലാവർക്കും അറിയാമെന്ന് മായ്ക്ക് അതോടെ മനസ്സിലായി.  ഇതൊന്ന് ഉറപ്പിക്കണമല്ലോ, പുറത്തിറങ്ങിയ മാ തെരുവിൽ കണ്ട പലരോടും ചോദ്യം ആവർത്തിച്ചു. 

എല്ലാവർക്കും ആലി ബാബയെ അറിയാമായിരുന്നു. മായ്ക്ക്  സന്തോഷമായി. കാര്യം കള്ളൻമാരുടെ നിധിയൊക്കെ അടിച്ചുമാറ്റി വന്നെങ്കിലും നന്മയുള്ള കഥാപാത്രമാണ് ആലിബാബ. ചുറ്റുമുള്ളവരെയും തന്റെ ഗ്രാമത്തിലുള്ളവരെയും തനിക്കു കിട്ടിയ ധനം കൊണ്ട് ആലിബാബ സഹായിക്കുന്നുണ്ട്. ആ രീതിയിൽ ജനങ്ങൾക്ക് സഹായകരമായ ഒരു സംഗതിയായി പുതുസംരംഭത്തെ മാറ്റാനായിരുന്നു തന്റെ ലക്ഷ്യം. അതിനാൽ ഒന്നും നോക്കാതെ ആ പേരങ്ങ് ഉറപ്പിച്ചെന്ന് ജാക്ക് മാ പിന്നീട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. 

അവിശ്വസനീയമായ വളർച്ചയുടെ കഥ പറയാനുള്ള ഒരു വ്യക്തിത്വമാണ് ജാക്ക് മാ. ചൈനയിലെ ഹാങ്സുവിൽ 1964ൽ ജനിച്ച മായ്ക്ക് ഇംഗ്ലിഷ് ഭാഷയോട് നല്ല താൽപര്യമുണ്ടായിരുന്നു. എന്നാൽ കണക്ക് അത്ര വഴങ്ങാത്തതു മൂലം രണ്ടു തവണ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയില്‍ മാ പരാജിതനായി. 1988ൽ ഇംഗ്ലിഷിൽ ബിരുദം നേടിയ മാ, തുടർന്ന് അഞ്ച് വർഷത്തോളം ടീച്ചറായി ജോലി ചെയ്തു. 

തൊണ്ണൂറുകളുടെ പകുതിയിലാണ് മാ തന്റെ ആദ്യ സംരംഭം തുടങ്ങിയത്. ഹായ്ബോ ട്രാൻസ്‌ലേഷൻ ഏജൻസി. ചൈനീസിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള തർജമകൾ ചെയ്തു കൊടുക്കലായിരുന്നു കമ്പനിയുടെ പ്രധാന ബിസിനസ്. തുടർന്നാണ് ജാക്ക് മായുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവം നടന്നത്. 

‌1995ൽ അദ്ദേഹം യുഎസിലേക്ക് ഒരു യാത്ര പോയി. ഇന്ന് വിവരസാങ്കേതികമേഖലയിൽ മുൻപന്തിയിലാണെങ്കിലും ചൈനയിൽ 1994 വരെ ഇന്റർനെറ്റ് എത്തിയിരുന്നില്ല. യുഎസിൽ പോയ ജാക്ക് മായ്ക്ക് ഇന്റർനെറ്റ് എന്താണെന്ന് അറിയാനുള്ള അവസരമുണ്ടായി. ഇ–ലോകം ജാക്ക് മായെ വളരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.  ‘ബീയർ’ എന്നാണ് ആദ്യം താൻ ഇന്റർനെറ്റിൽ തിരഞ്ഞെതെന്ന് മാ പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. 

ഏതായാലും മാ ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു. ചൈനീസ് വെബ്സൈറ്റുകളുടെ സാന്നിധ്യം ഇന്റർനെറ്റിൽ വളരെ കുറവാണ്. ഇത് ഒരവസരം കൂടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് ചൈനീസ് ബിസിനസുകൾക്കായി വെബ്സൈറ്റുകൾ നിർമിച്ചു നൽകുന്ന ‘ചൈനാപേജസ്’ എന്ന വെബ്സൈറ്റിനു തുടക്കമിട്ടു. ചൈനയിലെ ആദ്യ ഇന്റർനെറ്റ് കമ്പനിയായിരുന്നു ഇത്. 

കുറച്ച് നാള്‍ കഴിഞ്ഞ് ഈ രംഗത്തു മത്സരം ഉടലെടുത്തതോടെ മാ ഈ കമ്പനി വിട്ടു.  തുടർന്നാണ് ആലിബാബയുടെ ജനനം.  ഇ– കൊമേഴ്സ് രംഗം ലക്ഷ്യമിട്ടു തുടങ്ങിയ ഈ കമ്പനി ചുരുങ്ങിയ കാലത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറി. 2005ൽ യാഹൂ, കമ്പനിയുടെ 40 ശതമാനം ഷെയർ ഏറ്റെടുത്തതോടെ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രാജ്യാന്തര തലത്തിൽ ജാക്ക് മാ പ്രശസ്തനായി. ലോകത്തിലെ വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമയായിട്ടും ജാക്ക് മായ്ക്ക് കംപ്യൂട്ടറിൽ സാധാരണ ഉപയോക്താവിനുള്ള പരിജ്ഞാനമേ ഉള്ളൂ. സാങ്കേതികമായ അറിവോ ഉയർന്ന ഐക്യുവോ അല്ല മറിച്ച് നിരീക്ഷണപാടവവും സ്ഥിരോൽസാഹവുമാണ് ജാക്ക് മാ എന്ന വ്യവസായ ചക്രവർത്തിയുടെ വളർച്ചയ്ക്ക് ഹേതുവായത്. 

English Summary : Jack Ma and Alibaba story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com