വായിച്ചാൽ വരുന്നത് ലോകമഹായുദ്ധം; കാഹളം മുഴക്കി തുത്തൻഖാമന്റെ നിഗൂഢ ട്രംപറ്റുകൾ
Mail This Article
എത്ര പറഞ്ഞാലും തീരാത്തത്ര ശാപകഥകളാണ് ഈജിപ്തിലെ തുത്തൻഖാമന്റെ കല്ലറയില്‍ ‘അടക്കം’ ചെയ്യപ്പെട്ടിരിക്കുന്നത്. 1922ൽ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകർ ഹൊവാർഡ് കാർട്ടർ ഈ ഫറവോയുടെ കല്ലറയിൽ കണ്ടെത്തിയ അപൂർവ വസ്തുക്കളുടെ കൂട്ടത്തിൽ ഏതാനും കുഴൽവാദ്യങ്ങളുമുണ്ടായിരുന്നു (ട്രംപറ്റ്). യുദ്ധത്തിനൊരുങ്ങാൻ പടയാളികൾക്കു മുന്നറിയിപ്പ് നൽകുന്ന, യുദ്ധകാഹളം മുഴക്കാൻ ഉപയോഗിക്കുന്നതായിരുന്നു അവ. ചെമ്പിലും വെള്ളിയിലും തീർത്ത കുഴൽവാദ്യങ്ങളാണു കണ്ടെത്തിയത്. ഇവ പിന്നീട് കയ്‌റോ മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു.
ബിസി 14–ാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന അവ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ലോഹ സംഗീതോപകരണമായാണ് അറിയപ്പെടുന്നത്. ഏകദേശം 3000 വർഷത്തോളം വെളിച്ചം കാണാതെ മരുഭൂമിയിലെ കല്ലറയുടെ ഇരുട്ടിൽ ആ കുഴൽവാദ്യങ്ങളിരുന്നു. എത്രയോ യുദ്ധങ്ങൾക്കു ശബ്ദം മുഴക്കിയ വാദ്യങ്ങൾ! ഭംഗിയായി അലങ്കരിച്ച അവയ്ക്കു കാര്യമായ കേടുപാടുകളുമുണ്ടായിരുന്നില്ല. ഡോക്യുമെന്ററി സംവിധായകനും റേഡിയോ ബ്രോഡ്‌കാസ്റ്ററുമായ റെക്സ് കീറ്റിങ് 1939ൽ ഈ വാദ്യങ്ങൾ വായിപ്പിച്ച് അവയുടെ ശബ്ദം റിക്കാർഡ് ചെയ്തെടുത്തു. ചരിത്രാതീത കാലത്തിൽ ഈജിപ്തിൽ മുഴങ്ങിക്കേട്ട യുദ്ധകാഹളം മ്യൂസിയം അധികൃതരുടെ അനുമതിയോടെ ബിബിസിയിലും പ്രക്ഷേപണം ചെയ്തു. തുത്തൻഖാമന്റെ നിധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലോകത്തിനു മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്.
ബ്രിട്ടിഷ് സൈന്യത്തിലെ ഒരു ബാൻഡ് അംഗമായിരുന്നു ആദ്യം ട്രംപറ്റ് വായിച്ചത്. എന്നാൽ ഉപകരണത്തെപ്പറ്റിയുള്ള കൃത്യമായ ധാരണയില്ലാത്തതിനാൽ ശബ്ദം പോലും പുറത്തുവന്നില്ല, ട്രംപറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ രണ്ടാം തവണ ലക്ഷ്യം വിജയം കണ്ടു. ബ്രിട്ടിഷ് സൈന്യത്തിലെ മറ്റൊരു ബാൻഡ് അംഗമായ ജയിംസ് ടപ്പേണ്‍ ട്രംപറ്റ് വായിച്ചത് ഈജിപ്ഷ്യൻ മ്യൂസിയത്തിൽനിന്നു ലൈവായി 15 കോടി ജനങ്ങളിലേക്കാണ് എത്തിയത്. 1939ലെ ഈ സംഭവം നടന്ന് ഏതാനും മാസം കഴിഞ്ഞപ്പോഴേക്കും ബ്രിട്ടൻ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായി. ബ്രിട്ടിഷ് സൈന്യത്തിന് യുദ്ധത്തിനൊരുങ്ങാനുള്ള മുന്നറിയിപ്പ് നൽകുകയായിരുന്നു തുത്തൻഖാമന്റെ ട്രംപറ്റെന്ന പ്രചാരവും ശക്തമായി! ഈജിപ്തോളജിസ്റ്റ് ഹാല ഹസ്സൻ പറയുന്നത് ഈ ട്രംപറ്റ് പിന്നീട് രണ്ടു തവണ കൂടി വായിച്ചിട്ടുണ്ടെന്നാണ്. 1967ലും 1990ലും.
1967ൽ ഇതു വായിച്ചതിനു പിന്നാലെയാണ് ഈജിപ്തും ഇസ്രയേലും തമ്മിൽ ‘സിക്‌സ്–ഡേ വാർ’ എന്ന പേരിൽ പ്രശസ്തമായ യുദ്ധമുണ്ടായത്. 1990ലാകട്ടെ ട്രംപറ്റ് കാഹളം മുഴക്കിയത് ഗൾഫ് യുദ്ധത്തിനു മുന്നോടിയായിട്ടായിരുന്നു. തുത്തൻഖാമനെപ്പറ്റി പഠനം നടത്തുന്ന വിദ്യാർഥികളായിരുന്നു രണ്ടു തവണയും കൗതുകത്തിന് ട്രംപറ്റ് വായിച്ചത്. 2011ൽ മ്യൂസിയത്തിലെ ഒരു സ്റ്റാഫും ഈ ട്രംപറ്റ് വായിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഈജിപ്ഷ്യൻ ഭരണകൂടത്തിനെതിരെ ജനങ്ങൾ നയിച്ച വിപ്ലവവും പൊട്ടിപ്പുറപ്പെട്ടു. തുത്തൻഖാമന്റെ ‘ശക്തി’യെപ്പറ്റി പ്രചരിക്കുന്ന അനേകം കെട്ടുകഥകളിൽ ഒന്നുമാത്രമാണിതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ ഹാല ഹസ്സനെപ്പോലുള്ള ഗവേഷകർ ഇന്നും ഇത്തരം കഥകളിൽ വിശ്വസിക്കുന്നവരാണ്. എന്തായാലും നിലവിൽ ഉപയോഗിക്കാൻ പോലുമാകാത്ത വിധം പഴക്കം സംഭവിച്ചിരിക്കുന്നു രണ്ട് ട്രംപറ്റുകൾക്കും. ഒരെണ്ണം തുത്തൻഖാമന്റെ കല്ലറയിലെ മറ്റു കൗതുകവസ്തുക്കൾക്കൊപ്പം ലോകം ചുറ്റുകയാണ്. മറ്റൊരു ട്രംപറ്റാകട്ടെ കയ്‌റോയിലെ മ്യൂസിയത്തിലും. രണ്ടിലും തൊടാൻ പോലും ആരെയും ഇപ്പോൾ അനുവദിക്കാറില്ല. കഥയിലാണെങ്കിൽപ്പോലും ഇനിയുമൊരു യുദ്ധം വരുന്നത് ആരും ആഗ്രഹിക്കുന്നില്ലല്ലോ!
English Summary : Silver trumpets of Tutankhamun