ഒറ്റയ്ക്ക് വന്ന് ലോകം കീഴടക്കിയ ‘മോൺസ്റ്റർ’: കിങ് കോങ്ങിന്റെ പിറവിയുടെ കഥ
Mail This Article
ലോകമെമ്പാടും ആരാധകർ കാത്തിരുന്ന ‘ഗോഡ്സില വേഴ്സസ് കോങ് ’ എന്ന ചിത്രം മാർച്ചിൽ റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ ഏറ്റവും പ്രശസ്ത ഭീകരജീവികളായ കിങ് കോങ്ങും ഗോഡ്സിലയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപായിരുന്നു യൂട്യൂബിൽ ലഭിച്ചത്. ഗോഡ്സിലയുടെ പിന്നിലുള്ള ചരിത്രം പലർക്കുമറിയാം. ജപ്പാനിൽ യുഎസ് നടത്തിയ ആണവാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗോഡ്സിലയുടെ ജനനകഥ ഒരുങ്ങിയത്. ഒരു തരത്തിൽ പറഞ്ഞാൽ ആണവയുദ്ധത്തിനെതിരെയുള്ള ജാപ്പനീസ് ജനതയുടെ നിശ്ശബ്ദ പ്രതിഷേധം കൂടിയായിരുന്നു ഗോഡ്സില. എന്നാൽ കിങ് കോങ്ങോ ? നീണ്ട നാളുകളായി നമ്മളെ അഭ്രപാളികളിൽ ഞെട്ടിക്കുന്ന ഈ വമ്പൻ ഗൊറില്ലയുടെ പിറവിക്കു പിന്നിലെ കഥയെന്ത്?
∙മെറിയൻ സി. കൂപ്പർ
കിങ് കോങ് എന്ന ആശയം സൃഷ്ടിച്ചത് മെറിയൻ സി. കൂപ്പർ എന്ന അമേരിക്കക്കാരനാണ്. ഒരു സൈനികനായിരുന്ന മെറിയന്റെ ജീവിതം എന്നും ഉദ്വേഗനിമിഷങ്ങൾ നിറഞ്ഞതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും മറ്റു ചില യുദ്ധങ്ങളിലുമൊക്കെ പങ്കെടുത്തിട്ടുള്ള കൂപ്പർ ഇടയ്ക്കു കുറച്ചുനാൾ യുദ്ധത്തടവുകാരനായും ജീവിച്ചു. ഏതായാലും മിലിട്ടറി കരിയർ തീർന്നശേഷം കൂപ്പർ മറ്റൊരു ജോലിയിലേക്കു പ്രവേശിച്ചു. ഒരു റിപ്പോർട്ടർ എന്ന നിലയിലായിരുന്നു ഇത്. കൂപ്പറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഇത്.
ശരിക്കുമുള്ള മൃഗങ്ങളെ ചിത്രീകരിച്ച, ആ വിഡിയോയിൽ കുറേ കഥാസന്ദർഭങ്ങളൊക്കെ കയറ്റി ‘നാച്ചുറൽ ഡ്രാമ’ എന്ന പേരിൽ ഇതിനിടെ കുറേ ചിത്രങ്ങൾ കൂപ്പർ പുറത്തിറക്കി. ഇതിനു വലിയ സ്വീകാര്യത ലഭിച്ചു. തികച്ചും ശാസ്ത്രീയമായ വിവരങ്ങൾ ആണെന്നൊക്കെ കാണുന്നവർക്കു തോന്നുമെങ്കിലും വിനോദത്തിനു വേണ്ടി മാത്രമുള്ളവയായിരുന്നു അവ.
ആയിടയ്ക്ക് കുറച്ചു ബബൂൺ കുരങ്ങൻമാരെ കൂപ്പർ കാണാനിടയായി. അതോടെ അദ്ദേഹത്തിനു കുരങ്ങൻമാരിൽ വലിയ താൽപര്യമുണ്ടാകുകയും അവയെവച്ച് ഒരു വിഡിയോ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ 1930ൽ കൂപ്പർ മറ്റൊരു വിചിത്രജീവിയെക്കുറിച്ച് സുഹൃത്തായ ഡഗ്ലസ് ബർഡനിൽ നിന്ന് അറിഞ്ഞു. ഇന്തൊനീഷ്യയിലുള്ള കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ പല്ലിയായിരുന്നു ആ ജീവി. ഇതോടെ കൂപ്പറിന്റെ ചിന്ത വേറൊരു വഴിക്ക് പോയി. എന്തു കൊണ്ട് ഒരു പുതിയ കഥ ആലോചിച്ചുകൂടാ? ഭയങ്കരനായ കൊമോഡോ ഡ്രാഗണിനെ എതിർത്തു തോൽപിക്കുന്ന ഒരു അതിഭീകരൻ ഗോറില്ല.
∙കിങ് കോങ്
അന്നത്തെ കാലത്ത് പാശ്ചാത്യ ലോകത്ത് ഗൊറില്ല അത്രയ്ക്ക് പരിചിതമായ ഒരു മൃഗമല്ല. ആഫ്രിക്കൻ വനാന്തരങ്ങളിൽ ജീവിക്കുന്ന ഈ ആൾക്കുരങ്ങുകളെപ്പറ്റി ഒട്ടേറെ മിത്തുകളും അന്ധവിശ്വാസങ്ങളും ആൾക്കാർക്ക് ഉണ്ടായിരുന്നു താനും. അങ്ങനെ കൂപ്പർ ഒരു കഥ മെനഞ്ഞു. ഒരു വിദൂര ദ്വീപിൽ താമസിക്കുന്ന ഒരു വമ്പൻ കൊമോഡോ ഡ്രാഗണും ഗൊറില്ലയും. ഇവ തമ്മിൽ ഒരിക്കൽ പൊരിഞ്ഞ അടി നടക്കുകയും ആ അടിക്കിടെ ഗൊറില്ല പിടിയിലാകുകയും അതിനെ ന്യൂയോർക്കിൽ എത്തിക്കുകയും ചെയ്യും. പിന്നീട് ഈ ഗൊറില്ല അമേരിക്കയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ഇതിവൃത്തം.
ഈ കഥ നേരത്തെ പറഞ്ഞ നാച്ചുറൽ ഡ്രാമയാക്കാൻ ഒരു സ്പോൺസറെ തപ്പി നടന്ന കൂപ്പറുടെ ചെരിപ്പ് തേഞ്ഞതല്ലാതെ ഒന്നും നടന്നില്ല. കാരണം കൂപ്പറിന്റെ പ്ലാൻ അനുസരിച്ച് ശരിക്കുമൊരു ഗൊറില്ലയെ ആഫ്രിക്കയിൽ നിന്നു പിടികൂടി അമേരിക്കയിലെത്തിച്ച് വിഡിയോ ഷൂട്ട് ചെയ്യണം. ഇതൊക്കെ വലിയ ചെലവുള്ള കാര്യമാണ്. 1930 കാലഘട്ടത്തിൽ ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയായിരുന്നെന്ന് ഓർക്കണം. അങ്ങനെ കൂപ്പറിന്റെ ഐഡിയ പെട്ടിയിലായി.
എന്നാൽ ഇതിനിടെ ഒരു സിനിമാക്കമ്പനിയിൽ അസിസ്റ്റന്റായി കൂപ്പറിനു ജോലി കിട്ടി. അവിടെ വച്ചാണ് വിൽസ് ഓ ബ്രയൻ എന്ന അനിമേറ്ററെ പരിചയപ്പെടുന്നത്. ഇന്നത്തെ കാലത്തെ അനിമേഷനുമായൊന്നും താരതമ്യപ്പെടുത്താൻ സാധിക്കാത്ത അനിമേഷന്റെ പ്രാചീനരൂപമായിരുന്നു അക്കാലത്ത്. മിടുമിടുക്കനായിരുന്നു വിൽസ്.
തൊണ്ണൂറുകളിൽ ചരിത്രം സൃഷ്ടിച്ച ജുറാസിക് പാർക് സിനിമകൾ കണ്ടിരിക്കുമല്ലോ. ദിനോസറുകൾ അണിനിരക്കുന്ന ഈ സിനിമകൾ പ്രശസ്ത എഴുത്തുകാരൻ ആർതർ കോനൻ ഡോയ്‌ലിന്റെ ലോസ്റ്റ് വേൾഡ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചത്. ഈ നോവൽ 30കളിൽ സിനിമയാക്കിയപ്പോൾ അനിമേറ്ററായത് വിൽസ് ഓ ബ്രയനാണ്. ഇതെല്ലാം കണ്ട കൂപ്പറിനു സംഭവം നന്നേ ഇഷ്ടപ്പെട്ടു. കൊമോഡോ ഡ്രാഗണിനു പകരം ദിനോസറുകളെ നേരിടുന്ന ഗൊറില്ല. . . അദ്ദേഹം തന്റെ മനസ്സിലെ കഥ ഇങ്ങനെ മാറ്റി.
പക്ഷേ ഒരു കുഴപ്പം, ദിനോസറിനെ ഒക്കെ ഇടിച്ചു തറപറ്റിക്കണമെങ്കിൽ സാധാരണ ഗൊറില്ലയ്ക്കൊന്നും പറ്റില്ല. പിന്നെന്ത് ചെയ്യും? എന്തിനും കൂപ്പറിനു പരിഹാരമുണ്ടായിരുന്നു. അങ്ങനെ കഥയിലെ ഗൊറില്ലയ്ക്ക് 12 അടി പൊക്കം ഉടനടി നിശ്ചയിച്ചു.
താമസിയാതെ തന്നെ കഥ സിനിമയായി. തന്റെ കഥാപാത്രത്തിനു പേരും കൂപ്പർ നിശ്ചയിച്ചു. കോങ്. ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യത്തിന്റെ പേര് ലോപിപ്പിച്ചാണ് ഈ പേര് നൽകിയത്. എന്നാൽ മറ്റൊരു പ്രമുഖ സംവിധായകന്റെ നിർദേശപ്രകാരം കിങ് എന്നു കൂടി കൂട്ടിച്ചേർത്തു. അങ്ങനെ കൂപ്പറിന്റെ കഥാപാത്രം ജനിച്ചു. . . കിങ് കോങ്. . . പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ മൃഗകഥാപാത്രമായി കിങ് കോങ് മാറുമെന്ന് കൂപ്പർ ഒരിക്കലും ചിന്തിച്ചുകാണില്ല.
ചിത്രത്തിനു രണ്ടു സംവിധായകൻമാരായിരുന്നു. കൂപ്പറും ഏണസ്റ്റ് ഷോഡ്സാക്കും. പ്രശസ്ത ബ്രിട്ടിഷ് സയൻസ് ഫിക്‌ഷൻ എഴുത്തുകാരൻ എഡ്ഗർ വാലസും കഥയെഴുത്തിൽ കൂപ്പറിനൊപ്പം കൂടി. അന്നത്തെ കാലത്തെ അഞ്ച് ലക്ഷം യുഎസ് ഡോളർ ചെലവിലാണ് ചിത്രം നിർമിച്ചത്. അന്ന് ആ ബജറ്റ് കൊണ്ട് രണ്ടു ചിത്രങ്ങൾ പിടിക്കാം. സിനിമയ്ക്കായി ഒരു വലിയ കിങ് കോങ് പ്രതിമ ഉണ്ടാക്കി. റബ്ബറിലും സ്റ്റീലിലും സ്പോഞ്ചിലുമൊക്കെയാണ് ഇതു നിർമിച്ചത്. മൂന്നു പേർ ചേർന്നാണ് ഇതിനെ പ്രവർത്തിപ്പിച്ചത്. സ്റ്റോപ് മോഷൻ അനിമേഷൻ, അന്നത്തെ കാലത്ത് അന്യമായിരുന്ന മറ്റു സ്പെഷൽ ഇഫക്ടുകൾ എന്നിവയെല്ലാം ചിത്രത്തിൽ ഉപയോഗിച്ചു. ഒടുവിൽ ചിത്രം പൂർത്തിയായി.
1933 മാർച്ച് 12നു പുറത്തിറങ്ങിയ കിങ് കോങ് ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. അക്കാലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു ചിത്രം. പിൽക്കാലത്ത് ഈ ചിത്രം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച 50 ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും യുഎസ് നാഷനൽ ഫിലിം റജിസ്ട്രിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഏതായാലും ആ ചിത്രത്തോടെ കിങ് കോങ്ങിനു ധാരാളം ആരാധകർ ഉണ്ടായി. ആ വർഷം തന്നെ സൺ ഓഫ് കോങ് എന്ന പേരിൽ കിങ് കോങ്ങിന്റെ തുടർച്ചിത്രവും ഇറങ്ങി. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി 9 ചിത്രങ്ങളിൽകൂടി കിങ് കോങ് അലറി. 2017ൽ പുറത്തിറങ്ങിയ സ്കൾ ഐലൻഡാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്. ഇവയല്ലാതെ ഒട്ടേറെ സിനിമകളിൽ കിങ് കോങ് അതിഥി താരമായൊക്കെ എത്തിയിട്ടുണ്ട്.
English Summary : Real story behind King kong movie