കറുത്ത മഹാമാരിയുടെ ചെള്ളുകൾ പടർന്നിറങ്ങിയ ഗ്രാമം; കോവിഡിനും മുൻപേ ലോക്ഡൗൺ രക്ഷിച്ച ഈം
Mail This Article
കോവിഡ് ശക്തമായതിനെത്തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയത്ത് ലോകത്തു പലരും സങ്കടപ്പെട്ടിരുന്നു–ഞങ്ങൾക്കു മാത്രം എന്തുകൊണ്ട് ഈ ദുർവിധിയെന്ന്! സത്യത്തിൽ നൂറ്റാണ്ടുകൾക്കു മുൻപേ കോവിഡിനേക്കാളും മാരകമായ രോഗങ്ങളും തുടർന്ന് ലോക്ഡൗണുകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ രൂപത്തിലായിരുന്നില്ല ലോക്ഡൗൺ എന്നു മാത്രം. അതിൽ ഏറ്റവും പ്രശസ്തമാണ് (കുപ്രസിദ്ധവും) ഇംഗ്ലണ്ടിലെ ഈം (Eyam) ഗ്രാമത്തിൽ ഒരു വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ. മഹാമാരിയെ തടയുന്നതിൽ ഇന്നും ലോകത്തിനു മുന്നിലുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ‘പ്ലേഗ് വില്ലേജ്’ എന്നറിയപ്പെടുന്ന ഈം ഗ്രാമത്തിന്റെ അനുഭവം.
1665ലാണ് ഇംഗ്ലണ്ടിൽ കറുത്ത മഹാമാരി എന്നറിയപ്പെടുന്ന പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നത്. ലണ്ടനിൽ പതിനായിരങ്ങളെ കൊലപ്പെടുത്തിയ പ്ലേഗ് രോഗത്തിന്റെ വാഹകരായ ചെള്ളുകൾ എലികളിലൂടെയും മറ്റും പല പ്രദേശങ്ങളിലേക്കും അതിവേഗം പടർന്നു. ഈം ഗ്രാമത്തിലേക്കു പക്ഷേ എലികളിലൂടെയല്ല പ്ലേഗ് എത്തിയത്. ലണ്ടനിൽനിന്ന് ഒരു വസ്ത്രവ്യാപാരി ഈമിലേക്ക് ഒരു കെട്ട് തുണി അയച്ചുകൊടുത്തു. ഗ്രാമത്തിലെ തുന്നൽക്കാരനായ അലക്സാണ്ടർ ഹാഡ്ഫീൽഡിന്റെ സഹായി ജോർജ് വിക്കാർസ് എന്നയാളാണ് അത് ഏറ്റുവാങ്ങിയത്. ഗ്രാമത്തിലെ ചില ആഘോഷങ്ങളുടെ ഭാഗമായി വസ്ത്രങ്ങളൊരുക്കാൻ വന്നതായിരുന്നു ജോർജ്. അദ്ദേഹം ആ തുണിക്കെട്ട് ഉണക്കാനായി നെരിപ്പോടിനു സമീപം വിരിച്ചിട്ടു. അതോടെയാണ് തുണിക്കെട്ടിൽ ഒളിച്ചിരുന്ന ചെള്ളുകൾ കൂട്ടത്തോടെ ഗ്രാമത്തിലേക്കിറങ്ങിയത്.
ഈം ഗ്രാമത്തിൽ പ്ലേഗിന്റെ ആദ്യത്തെ ഇരയും ജോർജായിരുന്നു. ഓഗസ്റ്റിലാണ് ചെള്ളുകളടങ്ങിയ തുണിക്കെട്ട് ഈമിലെത്തിയത്. സെപ്റ്റംബർ ഏഴിന് ജോർജ് മരിച്ചു. 1666 വസന്തകാലമായപ്പോഴേക്കും 42 ഗ്രാമീണർ മരിച്ചു. പലരും ഗ്രാമം വിട്ടോടാൻ തീരുമാനിച്ചു. എന്നാൽ പുതുതായെത്തിയ റെക്ടർ വില്യം മോംപെസൺ ഗ്രാമത്തെ പ്ലേഗിനു വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. സമീപനഗരങ്ങളായ ഷെഫീൽഡിലേക്കും ബെയ്ക്ക്‌വെല്ലിലേക്കും ഉൾപ്പെടെ രോഗം എത്താതിരിക്കണമെങ്കിൽ ആരും ഈം ഗ്രാമം വിടാൻ പാടില്ലെന്നും വില്യം മനസ്സിലാക്കി. ആരും വീടിനു പുറത്തിറങ്ങാതെയിരിക്കുന്ന ലോക്ഡൗണിനു തുടക്കം കുറിച്ചത് അങ്ങനെയാണ്. ഗ്രാമത്തിലേക്ക് ആരും വരാൻ പാടില്ല. ആരും പുറത്തേക്കു പോകാനും പാടില്ല.
ഇത്തരമൊരു നിയന്ത്രണം അംഗീകരിക്കാൻ ഗ്രാമവാസികൾ ആദ്യം മടിച്ചു. എന്നാൽ പ്ലേഗിൽനിന്നു രക്ഷപ്പെടാനും അയൽ പ്രദേശങ്ങളിലേക്ക് അതു പടരാതെ കാക്കാനും ലോക്ഡൗണല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. മാത്രവുമല്ല, താൻ പറയുന്നത് അനുസരിച്ചാൽ അയൽനഗരങ്ങളിൽനിന്ന് ഈം ഗ്രാമത്തിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും കൃത്യമായി എത്തിക്കാമെന്നും വില്യം വാക്കു നല്‍കി. 14 മാസത്തോളം ലോക്ഡൗൺ തുടർന്നു. ഗ്രാമത്തെ ചുറ്റി ഒരു വേലിതന്നെ കെട്ടിത്തിരിച്ചാണ് ലോക്ഡൗൺ ഉറപ്പാക്കിയത്. ഈം ഗ്രാമം വിട്ട് ഒരു പ്ലേഗ് ബാധിതൻ പോലും പുറത്തുപോയില്ല. ഗ്രാമത്തിലേക്കും വന്നില്ല. ഗ്രാമത്തിലേക്ക് പുറത്തുനിന്നു ആരെങ്കിലും വരികയാണെങ്കില്‍ അവരെ കാത്തിരുന്നത് ‘പ്രവേശനമില്ല’ എന്ന ബോർഡുകളായിരുന്നു. ഇക്കാലയളവിൽ ഒരാളു പോലും ഗ്രാമത്തിനു പുറത്തുപോയില്ലെന്നതാണു സത്യം.
സമീപഗ്രാമങ്ങളിൽനിന്ന് തെക്കേ അതിർത്തിയിലേക്ക് ഇടയ്ക്കിടെ ഭക്ഷണവും മറ്റുമെത്തി. വിനാഗിരി നിറഞ്ഞ വെള്ളത്തൊട്ടികളിൽ നാണയമിട്ടായിരുന്നു പ്രതിഫലമായി നൽകിയിരുന്നത്. പ്ലേഗിന്റെ അണുക്കളെ കൊല്ലാൻ വിനാഗിരി സഹായിക്കുമെന്ന് അതിനോടകം പലരും തിരിച്ചറിഞ്ഞിരുന്നു. മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കാതെ മരിച്ചതിനു സമീപത്തുതന്നെ അടക്കി. മൃതദേഹം കാത്തുവയ്ക്കുന്നത് രോഗം പകരാൻ കാരണമാകുന്നു എന്നതിനാലായിരുന്നു അത്. പള്ളികളിൽ ഉൾപ്പെടെ ഒത്തുകൂടാനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കി. ഗ്രാമീണരെല്ലാം പരസ്പരം കാണാതെ, മിണ്ടാതെ സാമൂഹിക അകലം പാലിച്ച് വീടുകളിൽത്തന്നെയിരുന്നു. ഇംഗ്ലണ്ടിലെ വ്യാപാരശൃംഖലയുടെ നിർണായക കണ്ണിയായ ഈ ഗ്രാമം പാലിച്ച ജാഗ്രത രാജ്യത്തെ പ്ലേഗിന്റെ വ്യാപനം കുറയ്ക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ലെന്നു ചുരുക്കം.
പക്ഷേ ഗ്രാമത്തിന് വലിയ വിലതന്നെ ഇക്കാര്യത്തിൽ നൽകേണ്ടി വന്നു. 800 ആയിരുന്നു ഗ്രാമത്തിലെ പ്ലേഗിനു മുൻപുള്ള ജനസംഖ്യ. അതിൽ 260 പേർ പ്ലേഗ് ബാധിച്ചു മരിച്ചു. 76 കുടുംബങ്ങളെ രോഗം പ്രതികൂലമായി ബാധിച്ചു. ചില കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. എന്നാൽ നിർബന്ധിതമായ ക്വാറന്റീനും ലോക്ഡൗണും മഹാമാരികളെ തടയാനുള്ള ഏറ്റവും ഫലപ്രദമായ ‘മരുന്നായി’ അതോടെ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു. പിൽക്കാലത്ത് ഒട്ടേറെ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. കോവിഡ് കാലത്തും ഇം ഗ്രാമത്തിന്റെ മാതൃക പലയിടത്തും പിന്തുടർന്നു. വിനാഗിരിക്കു പകരം സാനിട്ടൈസറായിരുന്നു എല്ലാവരും ഉപയോഗിച്ചത്. ലോക്ഡൗണും ക്വാറന്റീനുമെല്ലാം മാസങ്ങളോളം തുടർന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ച് കോവിഡിൽനിന്നു നാം താൽക്കാലികമായെങ്കിലും രക്ഷ നേടിയപ്പോൾ ഈം ഗ്രാമത്തിലേതു പോലെ പല മുൻ മാതൃകകൾ നമുക്കു മുന്നിൽ വെളിച്ചം പരത്തി നിൽപുണ്ടെന്നതും മറക്കരുത്.
English Summary : Eyam English village recalls lessons from 1665 battle with plague