ഈ ഗിറ്റാർ കണ്ട് പേടിക്കരുതേ, ഇത് എന്റെ അമ്മാവനാണ്' ; അസ്ഥികൂടം കൊണ്ടാരു ഗിറ്റാർ
Mail This Article
തടിയിലും ലോഹത്തിലും ഒക്കെ തീർത്ത പലതരം സംഗീത ഉപകരണങ്ങൾ കൂട്ടുകാർ കണ്ടിട്ടുണ്ടാമല്ലോ. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ പ്രിൻസ് മിസ്നൈറ്റ് എന്നറിയപ്പെടുന്ന ഗിറ്റാറിസ്റ്റിന്റെ കയ്യിലുള്ള ഗിറ്റാർ പോലെ ഒന്ന് മറ്റെവിടെയും കണ്ടിട്ടുണ്ടാവില്ല എന്നുറപ്പ്. കാരണമെന്തെന്നല്ലേ? പ്രിൻസിന്റെ കയ്യിലുള്ള ഗിറ്റാർ ഒരു യഥാർത്ഥ അസ്ഥികൂടമാണ്!
തൻറെ അമ്മാവനായ ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോഗിച്ചാണ് പ്രിൻസ് സ്വന്തമായി ഗിറ്റാർ നിർമ്മിച്ചെടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുൻപാണ് ഫിലിപ്പ് മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി ശരീരം വിട്ടു നൽകുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം മെഡിക്കൽ കോളേജിന് ഫിലിപ്പിന്റെ ശരീരം ഇനി ഉപയോഗിക്കാനാവില്ല എന്ന നിലയിലായപ്പോൾ അസ്ഥികൂടം ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് അറിയിച്ചു. മതാചാരപ്രകാരം അസ്ഥികൂടം ദഹിപ്പിക്കാനാവില്ലയെന്ന് വന്നതോടെ അത് മാസ വാടകയ്ക്ക് സൂക്ഷിക്കാൻ ഏൽപ്പിക്കുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. അപ്പോഴാണ് സംഗീതപ്രേമി കൂടിയായിരുന്ന അമ്മാവനോടുള്ള ബഹുമാനം സൂചിപ്പിക്കാൻ അദ്ദേഹത്തിന്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാറു തന്നെ നിർമ്മിച്ചെടുത്താലോ എന്ന ആശയം പ്രിൻസിന്റെ മനസ്സിലുദിച്ചത്.
പിന്നെ വൈകിയില്ല. ഗിറ്റാർ നിർമ്മിക്കാൻ അറിയുന്ന രണ്ടു സുഹൃത്തുക്കളുടെ സഹായം കൂടി തേടി പ്രിൻസ് നിർമ്മാണം ആരംഭിച്ചു. അസ്ഥികൂടത്തിൽ സ്ട്രിംഗുകളും ശബ്ദം ക്രമീകരിക്കാനുള്ള നോബുകളും മറ്റു ഭാഗങ്ങളും എല്ലാം ഘടിപ്പിച്ചാണ് ഗിറ്റാറിന് രൂപം നൽകിയിരിക്കുന്നത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരെണ്ണം മറ്റാരും നിർമ്മിച്ചിട്ടില്ലയെന്ന് അറിഞ്ഞത് ഏറെ പ്രചോദനമായി എന്നും പ്രിൻസ് മിഡ്നൈറ്റ് പറയുന്നു. മറ്റേതൊരു ഇലക്ട്രിക് ഗിറ്റാറും പോലെ അനായാസമായി അസ്ഥികൂടത്തിൽ നിർമ്മിച്ച ഗിറ്റാർ വായിക്കുന്ന ദൃശ്യങ്ങളും പ്രിൻസ് പങ്കുവെച്ചിട്ടുണ്ട്.
സംഗീതം ആസ്വദിക്കാമെങ്കിലും പ്രിൻസിന്റെ ഗിറ്റാർ കണ്ടാൽ അതിൽ തൊടാൻ പോലും ആരും ഒന്നു ഭയപ്പെടുമെന്നുറപ്പാണ്. എന്നാൽ സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന തന്റെ അമ്മാവന് അദ്ദേഹത്തിന്റെ അസ്ഥികൂടx ഉപയോഗിച്ചു തന്നെ ഇത്തരത്തിലൊരു ആദരം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പ്രിൻസ്.
English Summary : Man built electric guitar from his uncles skeleton