ADVERTISEMENT

ഒളിച്ചുവച്ച നിലയിലുള്ള ബ്രിട്ടണിലെ ഏറ്റവും വലിയ നിധിശേഖരം എവിടെനിന്നാണു ലഭിച്ചതെന്നറിയാമോ? ഏതെങ്കിലും വീട്ടിന്റെ നിലവറയില്‍നിന്നോ പൂന്തോട്ടത്തിൽ കുഴിച്ചിട്ട നിലയിലോ ഒന്നുമല്ല. ഒരു പിയാനോയുടെ ഉള്ളിൽനിന്നാണ്. 2016ലായിരുന്നു സംഭവം. ഷ്റോപ്ഷയിലെ ബിഷപ്‌സ് കാസിൽ കമ്യൂണിറ്റി കോളജിലേക്ക് ഒരു പിയാനോ സമ്മാനമായി ലഭിച്ചു. ലണ്ടനിലെ പ്രശസ്ത പിയാനോ നിർമാണ കമ്പനിയായ ജോൺ ബ്രോഡ്‌വുഡ് ആൻഡ് കമ്പനി നിർമിച്ച വർഷങ്ങൾ പഴക്കമുള്ള ഒരു പിയാനോയായിരുന്നു അത്. 1906ൽ എസ്സെക്സിലുള്ള രണ്ട് സംഗീത അധ്യാപകർക്കാണ് ആദ്യമായി അതു വിറ്റത്. പിന്നീട് 1983വരെ അതിനെപ്പറ്റി കാര്യമായ വിവരമില്ലായിരുന്നു. 

1983ൽ പിയാനോ ഹെമ്മിങ് കുടുംബം സ്വന്തമാക്കി. വൈകാതെ അവർ താമസം ഷ്റോപ്ഷയിലേക്കു മാറ്റുകയും ചെയ്തു. 33 വർഷത്തോളം പിയാനോ അവർ സൂക്ഷിച്ചു. 2016ൽ ഹെമ്മിങ് കുടുംബത്തിലെ ദമ്പതികളായ ഗ്രഹാമും മെഗും പിയാനോ കാസിൽ കമ്യൂണിറ്റി കോളജിനു കൈമാറാൻ തീരുമാനിച്ചു. കുട്ടികളെ സംഗീതം പഠിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അത്. കോളജിലെ പിയാനോ ട്യൂണറായ അറുപത്തിയൊന്നുകാരന്‍ മാർട്ടിൻ ബാക്ക്ഹൗസിനായിരുന്നു ചുമതല. ഒരു ദിവസം അതിന്റെ കീബോർഡ് പരിശോധിക്കുമ്പോഴാണ് ചില കട്ടകൾ പ്രവർത്തിക്കുന്നില്ലെന്നു മനസ്സിലായത്. അതോടെ പിയാനോ അഴിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. ക്രിസ്മസ് കാലമായിരുന്നു അത്. 

കീബോർഡ് അഴിച്ചുമാറ്റുമ്പോൾ മാർട്ടിന് അറിയില്ലായിരുന്നു തനിക്കുള്ള വലിയൊരു ക്രിസ്മസ് സമ്മാനം അതിനകത്തു കാത്തിരിക്കുന്നുണ്ടെന്ന്. കീബോർഡിനു താഴെ ഏതാനും ചെറു സഞ്ചികളാണ് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രാണികളെ അകറ്റാൻ വേണ്ടി എന്തെങ്കിലും മരുന്നുവച്ച സഞ്ചിയാണെന്നാണു കരുതിയത്. പക്ഷേ എടുത്തുനോക്കിയപ്പോൾ നാണയം പോലെ എന്തോ കിലുങ്ങുന്നു! ഒരു സഞ്ചി തുറന്നപ്പോൾത്തന്നെ കണ്ണഞ്ചിപ്പോയി, തിളങ്ങുന്ന സ്വർണനാണയങ്ങളായിരുന്നു നിറയെ. ആകെ ഏഴ് തുണിസഞ്ചികളും ഒരു തുകൽ പഴ്സുമായിരുന്നു ഉണ്ടായിരുന്നത്. അതിലാകട്ടെ ആകെ 913 സ്വർണനാണയങ്ങളും അർധസ്വർണനാണയങ്ങളും. ഭൂരിപക്ഷം നാണയങ്ങളും ശുദ്ധസ്വർണത്തിൽ തീർത്തതായിരുന്നു. ചിലതു മാത്രം പാതി സ്വർണത്തിൽ നിർമിച്ചതും. 

മാർട്ടിനു ലഭിച്ച നാണയങ്ങൾ ബ്രിട്ടിഷ് മ്യൂസിയം അധികൃതർ പരിശോധിച്ചപ്പോൾ അത് 1847 മുതൽ 1915 വരെ പല കാലങ്ങളിലായി പ്രചാരത്തിലുണ്ടായിരുന്നതായിരുന്നെന്നു തെളിഞ്ഞു. വിക്ടോറിയ രാജ്ഞി, എഡ്വേഡ് ഏഴാമൻ, ജോർജ് അഞ്ചാമൻ രാജാക്കന്മാരുടെ കാലത്തെയായിരുന്നു നാണയങ്ങൾ. ആകെ ആറു കിലോഗ്രാമിലേറെ ഉണ്ടായിരുന്നു നാണയത്തിലെ സ്വർണത്തൂക്കം. 1926നും 1946നും ഇടയിലാണ് അവ പിയാനോയിൽ ഒളിപ്പിച്ചതെന്ന സൂചനയും സഞ്ചികളിലുണ്ടായിരുന്നു. അക്കാലത്തെ ഒരു ധാന്യലേലത്തിന്റെ പരസ്യമായിരുന്നു അത്. എന്നാൽ ഇത്രയേറെ സ്വർണം ആരാണ് പിയാനോയിൽ ഒളിപ്പിച്ചതെന്നു മാത്രം കണ്ടെത്താനായില്ല. പിയാനോയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് അൻപതോളം പേർ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ വാദങ്ങളും വ്യാജമാണെന്നു തെളിഞ്ഞു. 

 

2017ൽ കോടതി സ്വർണശേഖരം ‘നിധി’യായി പ്രഖ്യാപിച്ച് സർക്കാരിന്റെ ഉടമസ്ഥതയിലേക്കു കണ്ടുകെട്ടി. 1996ൽ നിലവിൽ വന്ന നിയമപ്രകാരം അവകാശികളില്ലെങ്കിൽ അത്തരം നിധികൾ സർക്കാരിനാണു സ്വന്തമാവുക. പിന്നീട് ബ്രിട്ടിഷ് മ്യൂസിയത്തിലെ നിധി മൂല്യനിർണയ സമിതി അതിനൊരു വിലയിടും. സ്വന്തമായി അതേറ്റെടുക്കുകയോ ഏതെങ്കിലും മ്യൂസിയങ്ങൾക്കു വിൽക്കുകയോ ചെയ്യും. ലഭിക്കുന്ന തുകയുടെ ഒരു ഭാഗം നിധി കണ്ടെത്തിയ മാർട്ടിനും പിയാനോയുടെ ഉടമസ്ഥാവകാശമുള്ള കാസിൽ കമ്യൂണിറ്റി കോളജിനും ലഭിക്കും. കോടിക്കണക്കിനു രൂപ മൂല്യമുള്ളതാണ് സ്വർണനാണയമെന്ന് ബ്രിട്ടിഷ് മ്യൂസിയം അധികൃതർ തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയിരുന്നു. 

English summary : Gold sovereign hoard found in piano declared as treasure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com