ADVERTISEMENT

പ്രാചീനകാലത്തെ പല നിർമിതികളും ഇന്നും ലോകത്തിനു മുന്നിലെ അദ്ഭുതങ്ങളാണ്. ചിലതെല്ലാം എന്തിനാണു നിർമിച്ചതെന്നു പോലും ചരിത്രകാരന്മാർക്കു കണ്ടെത്താനായിട്ടില്ല. അവയുടെ നിർമാണത്തിലെ ഭംഗിയും കൃത്യതയും കണ്ട് അന്തംവിട്ടു നിൽക്കാനേ ഇന്നു സാധിക്കുന്നുള്ളൂ. അത്തരത്തിലൊരു കാഴ്ച ജപ്പാനിലെ മസൂഡ ഗ്രാമത്തിൽ പോയാൽ കാണാം. തകായ്ചി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടത്. എഡി 250–552 കാലഘട്ടത്തില്‍ ഈ ഗ്രാമത്തിൽ ഒരു ജനത ജീവിച്ചിരുന്നിരുന്നു. ടുമുലസ് കാലഘട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓൾഡ് മൗണ്ട് കാലഘട്ടമെന്നും വിശേഷിപ്പിക്കാറുണ്ട്. 

 

കുന്നിൻമുകളിലെ ഈ ഗ്രാമത്തിൽ, നിർമാണ വിദ്യകളിൽ ഏറെ പ്രാവീണ്യമുള്ള ഒരു ജനത ആയിരക്കണക്കിനു വർഷങ്ങൾ മുന്‍പുണ്ടായിരുന്നു എന്നു വിശ്വസിക്കാൻതന്നെ പലര്‍ക്കും ഇന്നും ബുദ്ധിമുട്ടാണ്. എന്നാൽ മസൂഡയിൽ പലയിടത്തും കാണപ്പെടുന്ന പാറകൊണ്ടുള്ള നിർമിതികൾ നമ്മുടെ സംശയങ്ങളെയെല്ലാം മാറ്റിമറിക്കും. പ്രത്യേകരീതിയിലുള്ള ചില പാറക്കൽ നിർമിതികളുണ്ട് മസൂഡയിൽ. പലതും പല ആകൃതികളിലാണു നിർമിച്ചിരിക്കുന്നത്. എന്നാൽ കൂട്ടത്തിൽ ഒരെണ്ണം മാത്രം വേറിട്ടു നിൽക്കുന്നു. അതിന്റെ പേരാണ് മസൂഡ–നൊ–ഇവാഫ്യൂൻ. ജാപ്പനീസ് ഭാഷയിൽ മസൂഡയിലെ പാറക്കപ്പൽ എന്നർഥം. 

 

ഒറ്റനോട്ടത്തിൽ കാടിനു നടുവിലൊരു കപ്പലിരിക്കുകയാണെന്നു തോന്നും. വലിയൊരു പാറയിൽ അതിസൂക്ഷ്മതയോടെ കൊത്തിയുണ്ടാക്കിയതാണ് മസൂഡ–നൊ–ഇവാഫ്യൂൻ. ഒരു കുന്നിൻമുകളിനു സമീപത്താണ് ഇതിന്റെ സ്ഥാനം. ഏകദേശം 11 മീറ്റർ വരും നീളം, എട്ടു മീറ്റർ വീതി. ഉയരമാകട്ടെ 4.7 മീറ്ററും. 800 ടണ്ണോളം വരും ആകെ ഭാരം. മുകൾ ഭാഗം പരത്തി ചെത്തിയെടുത്ത നിലയിലാണ്. ചതുരാകൃതിയിലുള്ള രണ്ട് ദ്വാരങ്ങളുമുണ്ട് മുകളിൽ. അതിൽ വെള്ളംനിറഞ്ഞ നിലയിലും. താഴെ നിരയായി പല്ലുകൾ പോലുള്ള അടയാളങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം നിർമിതികൾക്കു ചുറ്റും കിടങ്ങുകൾ കുഴിക്കുന്ന രീതിയും ജപ്പാനിലുണ്ടായിരുന്നു. എന്തിനാണിവ നിർമിച്ചത്, ആരാണു നിർമിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പക്ഷേ ഇന്നേവരെ ഉത്തരം ലഭിച്ചിട്ടില്ല. ചില നിഗമനങ്ങളുയർന്നു വന്നിട്ടുണ്ടെന്നു മാത്രം. 

 

മസൂഡയ്ക്കു ചുറ്റും ഒട്ടേറെ ബുദ്ധവിഹാരങ്ങളുണ്ടായിരുന്നു. ആചാരപരമായ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി അവർ നിർമിച്ചതാകാമെന്നാണ് ഒരു വാദം. എന്നാൽ ജപ്പാനിലെ ഒരിടത്തും ബുദ്ധമതക്കാർ ഇത്തരം നിർമിതികൾ തയാറാക്കിയിട്ടില്ലെന്നതാണു സത്യം. പിന്നെ മസൂഡയിൽ മാത്രമെങ്ങനെ വന്നു? പണ്ടുകാലത്ത് നിർമിക്കപ്പെട്ട മസൂഡ തടാകത്തിന്റെ ഓർമയ്ക്കു നിർമിച്ചതാണെന്നും വാദങ്ങളുണ്ട്. പക്ഷേ തടാകം ഇപ്പോൾ വറ്റിവരണ്ട നിലയിലാണ്. തടാകത്തിനു വേണ്ടി ഇത്രയേറെ കൃത്യതയോടെ എന്തിനാണൊരു നിർമിതിയെന്ന ചോദ്യവും പ്രസക്തം. വാനനിരീക്ഷണത്തിനു വേണ്ടി നിർമിച്ചതാണെന്നാണു മറ്റൊരു വാദം. 

 

വർഷത്തിൽ ഒരു പ്രത്യേകദിവസം മസൂഡ–നൊ–ഇവാഫ്യൂനിന്റെ മുകളിലെ നേർരേഖയോട് സമീപത്തെ കുന്നിനു മുകളിൽ ഉദിക്കുന്ന സൂര്യന്റെ പ്രകാശം കൂടിച്ചേരുമെന്നാണു കരുതുന്നത്. ജപ്പാനിൽ ചാന്ദ്ര കലണ്ടർ പ്രകാരം കാർഷിക സീസണിനു തുടക്കം കുറിക്കുന്നത് ആ ദിവസമാണത്രേ. എന്നാൽ വിദഗ്ധര്‍ ഈ വാദത്തെയും തള്ളിയിട്ടുണ്ട്. രാജവംശത്തിന്റെ ശവകുടീരമാണെന്നാണ് മറ്റൊരു വിഭാഗം ഗവേഷകർ പറയുന്നത്. പണിതീരാത്ത ഒരു ശവകുടീരത്തിലേക്കുള്ള കവാടമാണെന്നു പറയുന്നവരുമുണ്ട്. എന്നാൽ ഇവിടെനിന്നു മൃതദേഹ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. മസൂഡ–നൊ–ഇവാഫ്യൂനിന്റെ ഓരോ ഇഞ്ചും പരിശോധിച്ച്, രേഖാചിത്രങ്ങൾ തയാറാക്കിയും ആന്തരികഘടന വിശകലനം ചെയ്തുമെല്ലാം ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഇന്നും ഇവയ്ക്കു പിന്നിലെ രഹസ്യം ലോകത്തിനു മുന്നിൽ അന്യമാണ്.

 

English Summary : Mysterious monoliths rock ship Masuda No Iwafune in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com