ആയിരം കാരറ്റ്, ആഫ്രിക്കയിൽ കണ്ടെത്തിയത് വമ്പൻ വജ്രം ; ലോകത്തിലെ മൂന്നാമത്തേത്
Mail This Article
ആഫ്രിക്കൻ രാജ്യം ബോട്സ്വാനയിലെ ജ്വാനെങ് ഖനിയിൽ നിന്നു കണ്ടെത്തിയത് വമ്പൻ വജ്രം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമാണിതെന്ന് ബോട്സ്വാനയിലെ സർക്കാരിന്റെ സംയുക്ത ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഡേബ്സ്വാന അറിയിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ലിനറ്റ് ആംസ്ട്രോങ് വജ്രം ബോട്സ്വാനൻ പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസിയുടെ സമീപമെത്തിച്ചു. ഇതു വരെ പേരിട്ടിട്ടില്ലാത്ത വജ്രം വിറ്റഴിക്കാനാണു കമ്പനിയുടെ തീരുമാനം. ബോട്സ്വാനയുടെ വികസനത്തിനായി വിറ്റുകിട്ടുന്ന ലാഭം ഉപയോഗിക്കും.
1905ൽ ബോട്സ്വാനയുടെ അയൽരാജ്യമായ ദക്ഷിണാഫ്രിക്കിയിൽ നിന്നു കണ്ടെത്തിയ 3106 കാരറ്റ് വജ്രമായ കള്ളിനനാണു നിലവിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വജ്രം. ഇതു പിന്നീട് ബ്രിട്ടനിലേക്കു കൊണ്ടുപോകുകയും അവിടെവച്ചു വിവിധ രത്നങ്ങളാക്കി മുറിക്കപ്പെടുകയും ചെയ്തു.നിലവിൽ ഈ രത്നങ്ങൾ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ കൈവശമാണുള്ളത്.
ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം കണ്ടെടുത്തത് ബോട്സ്വാനയിൽ തന്നെയാണ്. 2015ലാണു ലെസേഡി ലാ റോണ എന്ന 1109 കാരറ്റ് വജ്രം കണ്ടെത്തിയത്. 400 കോടി രൂപയ്ക്കാണ് ഇതു കച്ചവടം ചെയ്യപ്പെട്ടത്.ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉത്പാദക രാജ്യമായ ബോട്സ്വാനയിൽ കുറച്ചു കാലമായി വജ്ര വ്യവസായം കോവിഡ് മൂലം പരുങ്ങലിലായിരുന്നു. ഇതിനു പുത്തനുണർവു നൽകുന്ന സംഗതി കൂടിയാണു പുതിയ വജ്രത്തിന്റെ കണ്ടെത്തൽ.
കുറച്ചു ദിവസം മുൻപ് ദക്ഷിണാഫ്രിക്കയിൽ ക്വാഹലാതി ഗ്രാമത്തിൽ വജ്രനിക്ഷേപമുണ്ടെന്ന വാർത്ത പരന്നതോടെ ഒട്ടേറെ ഗ്രാമീണർ വജ്രം തേടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആഫ്രിക്കയിലെ വജ്രനിക്ഷേപം ഒരേസമയം തന്നെ പ്രസിദ്ധവും അതിനു വേണ്ടിയുള്ള പ്രക്രിയകൾ കുപ്രസിദ്ധവുമാണ്. അനധികൃത ഖനനത്തിനായി വജ്രമാഫിയകൾ ആളുകളെ നിർബന്ധിച്ചു ചേർക്കാറുണ്ടെന്നും കുട്ടികളെ ഉപയോഗിക്കാറുണ്ടെന്നുമൊക്കെ പല തവണ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ബ്ലഡ് ഡയമണ്ട് എന്നു വിളിക്കുന്ന, ഈ അനധികൃത ഖനനത്തിലൂടെ കിട്ടുന്ന വജ്രം ഉപേക്ഷിക്കണമെന്ന ആവശ്യവും വിദേശരാജ്യങ്ങളിൽ കുറേക്കാലമായി ഉയരുന്നുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ സിയറ ലിയോൺ, ലൈബീരിയ, അംഗോള, കോംഗോ, ഐവറി കോസ്റ്റ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ആഭ്യന്തരപ്പോരാട്ടങ്ങളും യുദ്ധങ്ങളും വജ്രഖനനവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുണ്ട്. ബോട്സ്വാനയിൽ തന്നെ ഖനനത്തിന്റെ പേരിൽ ആദിമവാസികളെ അവരുടെ താമസമേഖലയിൽ നിന്നു കുടിയിറക്കുന്നതായും മറ്റും സന്നദ്ധ സേവാ സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
English summary: Botswana state miner digs one of only four 1000 carat plus diamonds ever found