രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ബഹാമാസിലെ നീല ഗർത്തം !
Mail This Article
ഭൂമി എന്നും എപ്പോഴും അതിശയങ്ങളുടെ ഒരു കലവറയാണണെന്ന് കൂട്ടുകാർക്കറിയാമല്ലോ അല്ലേ?. ഭൂമിയെ ചുറ്റിപ്പറ്റി കണ്ട് പിടിക്കപ്പെട്ടതും ഇനിയും കണ്ടു പിടിക്കപ്പെടേണ്ടതായുള്ളതുമായ അനേകം കാര്യങ്ങളുണ്ട്. അത്തരത്തിൽ ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമായി അവശേഷിക്കുകയാണ് ബഹാമാസിലെ നീല ഗർത്തം. അത്ഭുതത്തിന്റെയും ഭൂഗർഭ രഹസ്യങ്ങളുടെയും ആകെത്തുകയാണ് ഈ ഗർത്തം. പ്രകൃതിയുടെ വിസ്മയം എന്ന് പറഞ്ഞൊതുക്കാൻ കഴിയുന്ന ഒന്നല്ലയിത്. ക്ലാരൻസ് ടൗണിലെ ലോങ് ദ്വീപിലാണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പു ഗർത്തമാണിത് എന്ന് പറയപ്പെടുന്നു. 663 അടിയാണ് ഈ ഗർത്തത്തിന്റെ ആഴം. ഉപരിതലത്തിൽ 80 x 120 അടി (25 x 35 മി) ആണ്, എന്നാൽ 60 അടി (20 മീറ്റർ) വിസ്തീർണ്ണത്തിൽ 330 അടി (100 മീറ്റർ) വ്യാസമുള്ള ഒരു ഗുഹാ കവാടം തുറക്കപ്പെടുന്നു. ഇതേപ്പറ്റിയുള്ള പഠനങ്ങൾ ഇന്നും നടക്കുകയാണ്. തെളിഞ്ഞ തീരക്കടലിനു സമീപം സ്ഥിതി ചെയ്യുന്ന ഡീന്‍സ് ബ്ലൂ ഹോള്‍ കാഴ്ചയ്ക്ക് അതിമനോഹരമാണ്. മാത്രമല്ല, സ്‌കൂബ ഡൈവേഴ്സിനു പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്.
ഭൂമിയുടെ രഹസ്യങ്ങൾ എല്ലാംതന്നെ അതിമനോഹരമായിട്ടായിരിക്കും പ്രകൃതി അണിയിച്ചൊരുക്കുക. അതിനുള്ള ഉദാഹരണമാണ് ബഹാമാസിലെ നീല ഗർത്തം. ഭൂമിയിലെ ഏറ്റവും മനോഹരമായൊരു ദ്വീപിലാണ് ഉള്ളത്. ഏറെ മനോഹരമായ സ്ഥലമാണെങ്കിലും ഈ ദ്വീപിലെ താമസക്കാരൊന്നും ഈ ഗർത്തത്തിനരികിലേക്കു വരാറില്ല. അതിനുള്ള കാരണം ദ്വീപിലെ ജനങ്ങൾക്ക് ഗർത്തത്തോട് തോന്നിയ ഭയമാണ്. നൂറ്റാണ്ടുകൾക്കിപ്പുറവും ആ ഭയം നിലനിൽക്കുന്നു എന്നതാണ് മറ്റൊരു അത്ഭുതം.
ആഴത്തിലുള്ള ഈ ഗർത്തത്തിൽ ചെകുത്താന്റെ സാന്നിധ്യമുണ്ട് എന്നാണ് ദ്വീപ് വാസികൾ പറയുന്നത്. എന്നാൽ ആ വിശ്വാസം ശരിവയ്ക്കുന്ന തെളിവുകൾ ഒന്നും തന്നെ ഇവരുടെ കൈവശമില്ല. ദ്വീപ് വാസികൾ അകന്നു നിന്നാലും വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാനുള്ള അവസരങ്ങൾ പരമാവധി മുതലാക്കുന്നുണ്ട്. എങ്ങനെയാണ് ഈ ഗർത്തം രൂപപ്പെട്ടെതെന്ന് ഇപ്പോഴും അവ്യക്തമാണ്. ചുണ്ണാമ്പു ഗർത്തം കടലെടുത്തതാകാമെന്നാണു ജിയോളജിസ്റ്റുകളുടെ അഭിപ്രായം.
കടലിനുള്ളിൽ നിരവധി ഗർത്തങ്ങളുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇത്. തെളിഞ്ഞ നീല ജയാശലയത്തിന്റെ 115 അടി താഴ്ചവരെ വ്യക്തമായി കാണാനാകും. തുടർച്ചയായി മണ്ണ് വീഴ്ചയുണ്ടെങ്കിലും ഗർത്തത്തിന് ഒന്നും സംഭവിക്കുന്നുമില്ല. കടലാമകളും കടൽക്കുതിരകളും വമ്പൻ മത്സ്യങ്ങളുമെല്ലാം ഈ നിഗൂഢ ഗർത്തത്തിൽ നീന്തുന്നത് വ്യക്തമായി കാണാനും ആസ്വദിക്കാനും കഴിയും. 1992 ൽ ജിം കിംഗ് എന്ന വ്യക്തി ഗർത്തത്തിന്റെ ഏറ്റവും താഴെ വരെ നീന്തിയെത്തി.
English summary : Dean's Blue Hole, Long Island Bahamas