ADVERTISEMENT

നല്ല ചൂടു കാലാവസ്ഥ. എന്നാൽപ്പിന്നെ ഗോൾഫ് മൈതാനത്തെ കുളമൊന്നു വൃത്തിയാക്കാമെന്നു കരുതി ടെറ്റ്‌നി ഗോൾഫ് ക്ലബ് അധികൃതർ. 2018 ജൂലൈയിലാണു സംഭവം. അവരങ്ങനെ കുളം വൃത്തിയാക്കുന്നതിനിടയിലായിരുന്നു തികച്ചും അസാധാരണമായ ഒരു കാഴ്ച. മറ്റൊന്നുമല്ല, ഒരു ശവപ്പെട്ടി! ഗോൾഫ് മൈതാനത്തിനു നടുവിൽ ആരാണ് മൃതദേഹം കുഴിച്ചിട്ടത്? ആരായാലും അക്കാര്യം ആലോചിച്ചു ഞെട്ടിപ്പോകും. എന്നാൽ അധികൃതർ ഈ വിവരം ആദ്യം അറിയിച്ചത് പുരാവസ്തു ഗവേഷകരെയായിരുന്നു. കാരണം, ആ ശവപ്പെട്ടി ഇന്നത്തെക്കാലത്തേതു പോലെയേ ആയിരുന്നില്ല. പിന്നെയോ? ആ കഥയാണ് ഇനി പറയാൻ പോകുന്നത്.

ലിങ്കൻഷറിലെ ടെറ്റ്‌നി ഗോൾഫ് ക്ലബിൽ കണ്ടെത്തിയ ശവപ്പെട്ടി ഏകദേശം 4000 കൊല്ലം പഴക്കമുള്ളതാണ്. അതായത് ബ്രിട്ടനിൽ വെങ്കലയുഗമായിരുന്നു സമയത്തേത്. ബിസി 2000ത്തിലാണ് ബ്രിട്ടനിൽ വെങ്കലയുഗം ആരംഭിക്കുന്നത്. അതു പിന്നീട് 1500 വർഷം നീണ്ടു. ഇക്കാലത്താണ് വെങ്കലം ഉപയോഗിച്ചു നിർമിച്ച ഉപകരണങ്ങളും പാത്രങ്ങളും ആയുധങ്ങളുമെല്ലാം ഇവിടെ പ്രചാരത്തിലായത്. വെങ്കലയുഗത്തിൽ കണ്ടെത്തിയ ഒരു ശവപ്പെട്ടി, അതും മരംകൊണ്ടുള്ളത് ഇത്രയും കാലം കേടുകൂടാതെയിരിക്കുമോ എന്നതായിരുന്നു ഗവേഷകരുടെ സംശയം. 

coffin-found-in-golf-course-pond-contains-a-4000-year-old-man-buried-with-an-axe

എന്നാൽ മരത്തിന്റെ തടി തുരന്ന് അതിൽ ഇലകൾ നിരത്തിയായിരുന്നു മൃതദേഹം അടക്കിയിരുന്നത്. ശരിക്കും നമ്മുടെ നാട്ടിലെ വള്ളം നിർമിക്കുന്നതു പോലെ. ഒരുതരം ചൂരൽച്ചെടിയുടെ ഇലകളായിരുന്നു അകത്ത് മൃതദേഹം കിടത്താനായി ഉപയോഗിച്ചത്. മാത്രവുമല്ല, വായു കടക്കാത്ത വിധം ശവപ്പെട്ടിയുടെ എല്ലാ വശങ്ങളും ഭദ്രമായി അടച്ചിരുന്നു. ശവപ്പെട്ടി അടക്കിയ കാലത്ത് അതിനു മുകളിൽ ഒരു ചരൽക്കുന്ന് ഉണ്ടായിരുന്നതായും ഗവേഷകർ പറയുന്നു. 4000 വർഷം മുൻപ് പ്രദേശത്തെ കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം എങ്ങനെയായിരുന്നുവെന്ന് ഗവേഷകർക്കും കാര്യമായ പിടിയില്ല. ഉപ്പുവെള്ളം കയറിയിരുന്നോ, അതോ ഊഷരഭൂമിയായിരുന്നോ? ചോദ്യങ്ങളേറെ ബാക്കിയാണ്. 

എന്തൊക്കെയാണെങ്കിലും മൃതദേഹം അടക്കിയ മരത്തിനു കാര്യമായ കേടുപാടുകളൊന്നും പറ്റാത്ത വിധം സംരക്ഷിക്കുന്ന തരം കാലാവസ്ഥയായിരുന്നുവെന്നത് ഉറപ്പ്. സാധാരണ ഇത്രയേറെ പഴക്കമുള്ള ശവപ്പെട്ടികൾ പുറത്തെടുത്താൽ വൈകാതെതന്നെ അന്തരീക്ഷവുമായുള്ള പ്രതിപ്രവർത്തനവും സൂര്യപ്രകാശവുമെല്ലാം കാരണം പൊടിഞ്ഞു ദ്രവിച്ച് ഇല്ലാതാവുകയാണ് പതിവ്. പക്ഷേ ടെറ്റ്നി ഗോൾഫ് ക്ലബിലെ ശവപ്പെട്ടിക്ക് അക്കാര്യത്തിലും ഒരു ഭാഗ്യം ലഭിച്ചു. ഇതു കണ്ടെത്തുന്ന സമയത്ത് അധികം ദൂരെയല്ലാതെ ഷെഫീൽഡ് സർവകലാശാലയിൽ പുരാവസ്തു വകുപ്പിലെ ചില വിദഗ്ധരും വിദ്യാർഥികളുമുണ്ടായിരുന്നു. അവർ പെട്ടെന്നുതന്നെയെത്തി വേണ്ട സംരക്ഷണ നടപടികളെല്ലാം നടത്തി മരത്തെ വകുപ്പിനു കീഴിലേക്കു മാറ്റി. 

coffin-found-in-golf-course-pond-contains-a-4000-year-old-man-buried-with-an-axe2

 

ശവപ്പെട്ടിക്കുള്ളിൽ മൃതദേഹാവശിഷ്ടങ്ങളും ഇലകളും മാത്രമല്ല ഉണ്ടായിരുന്നത്. ഒരു ചെറിയ മഴുവും കണ്ടെത്തി. ഇന്നലെ നിർമിച്ചതു പോലെയുള്ള മഴുവെന്നാണ് അതിനെ ഗവേഷകർ വിശേഷിപ്പിച്ചത്. അത്രയേറെ കൃത്യമായിട്ടായിരുന്നു അക്കാലമത്രയും അത് സംരക്ഷിക്കപ്പെട്ടിരുന്നത്. മഴുവിന്റെ ഒരു ചിത്രമെടുത്ത് അഭിമാനത്തോടെ ഗോൾഫ് കോഴ്സിലെ ചുമരിൽ തൂക്കുകയും ചെയ്തു അധികൃതർ. അമൂല്യമായ ഈ കണ്ടെത്തലിനു പിന്നാലെ, സർക്കാരിനു കീഴിലെ ‘ഹിസ്റ്റോറിക് ഇംഗ്ലണ്ട്’ വിഭാഗം പദ്ധതിക്ക് 70,000 പൗണ്ടും അനുവദിച്ചു. 

 

10 അടി നീളമുള്ളതാണ് ശവപ്പെട്ടി. 3.3 അടിയാണ് വീതി. മഴുവിനെ കാലപ്പഴക്കം കൊണ്ടുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കാത്ത വിധം സംരക്ഷിക്കാനായിട്ടുണ്ട്. അതിനു പക്ഷേ 2 വർഷമെടുത്തു. ശവപ്പെട്ടിയും അത്തരത്തിൽ തയാറായിക്കഴിഞ്ഞാൽ ലിങ്കനിലെ കലക്‌ഷൻ മ്യൂസിയത്തിൽ പൊതുജനത്തിനായി പ്രദർശിപ്പിക്കാനാണു തീരുമാനം. ഇതാരുടെ ശവപ്പെട്ടിയാണ് എന്നതു സംബന്ധിച്ചും വ്യക്തതയൊന്നുമില്ല. മഴുവിന്റെ സാന്നിധ്യം വിരൽ ചൂണ്ടുന്നത്, സമൂഹത്തിൽ ഏറെ ഉന്നതമായ സ്ഥാനത്തുണ്ടായിരുന്ന ഒരാളാണെന്നാണ്. 

 

ഈജിപ്തിലെ മമ്മികളെപ്പോലെ വെങ്കലയുഗത്തിലും മൃതദേഹം സംസ്കരിക്കുന്നതിൽ പ്രത്യേക രീതികളുണ്ടായിരുന്നോ എന്നും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. മൃതദേഹം അടക്കം ചെയ്യാനുപയോഗിച്ച മരത്തിന്റെയും അകത്തുണ്ടായിരുന്ന ഇലകളുടെയുമെല്ലാം പ്രത്യേകതകളും ഗവേഷകർ പഠിക്കുകയാണ്. നേരത്തേ വർഷങ്ങളോളം കൃഷിസ്ഥലമായിരുന്നു ഇപ്പോൾ ഗോൾഫ് മൈതാനമായ സ്ഥലം. മൈതാനത്തിനു താഴെ ഇത്തരത്തിൽ മറ്റു ചരിത്രാവശിഷ്ടങ്ങളും മറഞ്ഞിരിപ്പുണ്ടോയെന്ന അന്വേഷണവും തുടരുകയാണ് ഗവേഷകർ.

 

English summary : Coffin found in golf course pond contains a 4000 year old man buried with an axe

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com