മാസ്റ്റർപീസ് ചിത്രങ്ങൾ സൂചിക്കുഴയ്ക്കുള്ളിൽ: അര മില്ലിമീറ്റർ വരുന്ന ചിത്രങ്ങൾ വരച്ചത് ഒരു മാസംകൊണ്ട്
Mail This Article
വരച്ച ചിത്രങ്ങൾ മറ്റുള്ളവർ കണ്ടാസ്വദിക്കുന്നതാണ് ഓരോ ചിത്രകാരന്റെയും സന്തോഷം. എന്നാൽ ഡേവിഡ് എ ലിൻഡൺ എന്ന കലാകാരൻ വരച്ച ചിത്രങ്ങൾ അങ്ങനെയങ്ങ് കണ്ട് ആസ്വദിക്കാൻ സാധിക്കില്ല. ഈ ചിത്രങ്ങൾ കാണണമെങ്കിൽ ഒരു മൈക്രോസ്കോപ്പ് കൂടിയേതീരൂ. കാരണം അര മില്ലിമീറ്റർ മാത്രമാണ് അദ്ദേഹം വരച്ച ചിത്രങ്ങളുടെ വലിപ്പം. അതായത് സൂചിക്കുഴയ്ക്കുള്ളിൽ കൃത്യമായി ഒതുങ്ങിനിൽക്കാവുന്നത്ര വലിപ്പം മാത്രം.
എന്തെങ്കിലും ചെറിയ വരകളാണ് ഇത്തിരിക്കുഞ്ഞൻ രൂപത്തിൽ ഒപ്പിച്ചെടുത്തത് എന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. വിൻസെന്റ് വാൻഗോഗിന്റെയും യോഹാൻ വെർമീറിന്റെയുമടക്കം ആറ് ലോകോത്തര കലാകാരന്മാരുടെ മാസ്റ്റർ പീസുകളാണ് ഡേവിഡ് പുനരാവിഷ്കരിച്ചത്. വാൻഗോഗിന്റെ സ്റ്റാറിനൈറ്റ്, സൺഫ്ലവേഴ്സ് എന്നിവയും വെർമീറിന്റെ ഗേൾ വിത്ത് എ പേൾ ഇയർറിങ്, എഡ്വേർഡ് മഞ്ചിന്റെ ദ സ്ക്രീം, ക്ലോഡ് മോണീറ്റിന്റെ വാട്ടർ ലില്ലി, ബാങ്ക്സിയുടെ ഗേൾ വിത്ത് ബലൂൺ എന്നിവയുമാണ് മൈക്രോ ആർട്ടായി ഡേവിഡ് അവതരിപ്പിച്ചിരിക്കുന്നത്.
വില്ല്യാർഡ് വീഗൻ എന്ന മൈക്രോ ആർട്ടിസ്റ്റിനെ കുറിച്ചുള്ള ഒരു ടെലിവിഷൻ പരിപാടി കണ്ടതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഡേവിഡ് ഈ ചിത്രങ്ങൾ അത്രയും വരച്ചത്. ചിത്രരചനയ്ക്കായി സാങ്കേതികവിദ്യകളുടെ ഒന്നും സഹായം തേടിയിട്ടില്ല. യഥാർത്ഥ ചിത്രങ്ങൾ വരച്ച അതേ രീതിയിൽ സസൂക്ഷ്മം കൈകൊണ്ടുതന്നെ പെയിന്റ് ചെയ്തതാണ് ഇവയെല്ലാം. മാസ്റ്റർപീസുകളുടെ കലാമൂല്യം നഷ്ടപ്പെടാതെ അതേ രീതി പകർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധയും ഏകാഗ്രതയും വേണ്ടിവന്നതിനാൽ ഒരു മാസക്കാലത്തോളം എടുത്താണ് ഓരോ ചിത്രവും പൂർത്തീകരിച്ചത്. വരയ്ക്കുന്ന സമയത്ത് ഏറെ പ്രയാസങ്ങൾ നേരിട്ടെങ്കിലും അവ പൂർത്തിയാക്കാൻ സാധിച്ചപ്പോഴുള്ള സംതൃപ്തിയും ചിത്രങ്ങൾ കണ്ടവരുടെ അത്ഭുതവും താൻ ഏറെ ആസ്വദിച്ചതായി ഡേവിഡ് പറയുന്നു.
മുൻപും ധാരാളം ചിത്രങ്ങൾ ഡേവിഡ് വരച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പരീക്ഷണം ഇതാദ്യമാണ്. പ്രദർശനത്തിനുവച്ച ചിത്രങ്ങൾ ഓരോന്നും 15 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഒക്ടോബർ 29 വരെ വുൾവർഹാംപ്റ്റണിലെ ലൈറ്റ്ഹൗസ് മീഡിയ സെന്ററിർ ചിത്രപ്രദർശനം തുടരും.
English summary : Mini paintings masterpieces fit eye needle sell for 90000