മിക്കി മൗസും മെറ്റാവേഴ്സിൽ: സന്തോഷ ഇടം ഒരുക്കാൻ ഡിസ്നി
Mail This Article
കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ ശ്രദ്ധേയമായ ആശയമാണ് മെറ്റാവേഴ്സ്. ഫെയ്സ്ബുക് സിഇഒ ആയ മാർക് സക്കർബർഗ്, സമൂഹമമാധ്യമം എന്ന നില വിട്ട് അടുത്ത ഘട്ടമായി തങ്ങൾ മെറ്റാവേഴ്സിലേക്ക് ഇറങ്ങുന്നു എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നതു പോലെയൊക്കെ നമുക്കായി ഒരു കൃത്രിമ ലോകം സൃഷ്ടിക്കുകയാണു മെറ്റാവേഴ്സ് ചെയ്യുന്നത്.
തലമുറകളോളമുള്ള കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസും ഈ സങ്കൽപത്തിലേക്ക് എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. മിക്കി മൗസിന്റെ സ്രഷ്ടാക്കളായ വാൾട് ഡിസ്നി കമ്പനിയുടെ സിഇഒ ബോബ് ചാപെക്കാണ് ഇപ്പോൾ വിവരം അറിയിച്ചിരിക്കുന്നത്. മിക്കി മൗസ് മാത്രമല്ല, ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകൾ, മറ്റു സിനിമാ –കാർട്ടൂൺ കഥാപാത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയടങ്ങിയ അനുഭവവും ഡിസ്നിയുടെ മെറ്റാവേഴ്സ് സൃഷ്ടിക്കുമെന്ന് ചാപെക്ക് പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഒരു വെർച്വൽ ‘സന്തോഷ ഇടമാണ്’ ഡിസ്നിയുടെ മനസ്സിൽ.
1992ൽ നീൽ സ്റ്റീഫൻസൻ എന്ന എഴുത്തുകാരന്റെ സ്നോ ക്രാഷ് എന്ന നോവലിലാണ് ആദ്യമായി മെറ്റാവേഴ്സ് എന്ന ആശയം ഉപയോഗിക്കപ്പെട്ടത്. സമീപഭാവിയിൽ, ഒരു വമ്പൻ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ലൊസാഞ്ചലസ് നഗരത്തിൽ ദുസ്സഹമായജനങ്ങൾ സൈബർ ലോകത്ത് ഒരു കൃത്രിമ ഇടം കണ്ടെത്തി താവളമുറപ്പിക്കുന്നതായാണ് മെറ്റാവേഴ്സിന്റെ ആശയം നോവലിൽ അവതരിപ്പിക്കപ്പെട്ടത്.
മെറ്റാവേഴ്സിൽ നിങ്ങളുടെ മുറിയിലിരുന്നുകൊണ്ട് മറ്റുള്ളവരെ നിങ്ങൾക്ക് പരിചയപ്പെടാം. അവരോടൊപ്പം ആശയവിനിമയം നടത്താം, മെറ്റവേഴ്സിലെ സ്ഥലങ്ങളും കെട്ടിടങ്ങളും നിങ്ങൾക്ക് ക്രിപ്റ്റോ കറൻസിയുപയോഗിച്ച് വാങ്ങിയിടാം. ആവശ്യം വരുമ്പോൾ വിൽക്കാം.അ വിടത്തെ സർവകലാശാലകളിൽ പോയി പുതിയ കോഴ്സുകൾ പഠിക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ ബാഹ്യലോകവും ഡിജിറ്റൽ ലോകവുമായുള്ള അതിരുകൾ മാഞ്ഞ് വളരെ സങ്കീർണമായ ഒരവസ്ഥ.
വാൾട് ഡിസ്നി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയമായ കഥാപാത്രമാണു മിക്കി മൗസ്. മോർട്ടിമർ എന്നായിരുന്നു ആദ്യം മിക്കിയുടെ പേര്. പിന്നീട് അതു മാറ്റി.1928ൽ സ്റ്റീംബോട്ട് വില്ലി എന്ന അനിമേറ്റഡ് വിഡിയോയിലൂടെയാണു മിക്കിയെ ലോകത്തിനു മുന്നിൽ ഡിസ്നി അവതരിപ്പിച്ചത്. പിന്നീട് മിക്കി ലോകം കീഴടക്കി. മിക്കിയുടെ കൂട്ടുകാരിയായ മിന്നി മൗസ്, ഡോണൾഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയ ലോകപ്രശസ്ത കഥാപാത്രങ്ങളും മിക്കി മൗസ് ചിത്രങ്ങളിലൂടെ രംഗത്തു വന്നു.
English Summary : Mickey Mouse Into Facebook's Metaverse