ഒജിൻജിയോ, കാൽനീട്ടുന്ന കണവ: കൊറിയയിലെ യഥാർഥ ‘സ്ക്വിഡ് ഗെയിം’
Mail This Article
ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയാണു സ്ക്വിഡ് ഗെയിം. കൊറിയൻ ഡ്രാമ അഥവാ കെ–ഡ്രാമ എന്ന വിഭാഗത്തിൽ പെട്ട ഈ സീരീസ് ഞൊടിയിടയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ കവരുകയും നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വിജയകരമായ സീരീസായി മാറുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട 456 ആളുകൾ കോടിക്കണക്കിന് ഡോളറുകൾക്കായി അപകടകരമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് സീരീസിന്റെ പ്ലോട്ട്. കഴിഞ്ഞദിവസം ഉത്തരകൊറിയയിൽ ഈ ഗെയിം വിറ്റ ഒരാളെ കിം ജോങ് ഉൻ സർക്കാർ വധശിക്ഷയ്ക്കു വിധിച്ച വാർത്ത പുറത്തറിഞ്ഞതോടെ സംഭവം വീണ്ടും ശ്രദ്ധേയമായി.
2021 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഈ സീരീസിന്റെ പേരായ സ്ക്വിഡ് ഗെയിം യഥാർഥത്തിൽ കൊറിയയിൽ കുട്ടികൾ കളിക്കുന്ന ഗെയിമാണ്. ഒജിൻജിയോ എന്നാണ് ഇതിന്റെ അവിടത്തെ പേര്. നമ്മുടെ നാട്ടിൽ കുട്ടികൾ കിളിത്തട്ട് പോലുള്ള കളികൾ കളിക്കുന്നതുപോലൊരു ഗെയിമാണ് ഒജിൻജിയോ.
എങ്ങനെയാണ് ഈ കളിക്ക് സ്ക്വിഡ് ഗെയിം അഥവാ ഒജിൻജിയോ എന്നു പേരു വന്നത്? ഇതിന്റെ കളിക്കളം അഥവാ ബോർഡ് വരച്ചാൽ കാലുകൾ നീട്ടിയിരിക്കുന്ന ഒരു കണവയുടെ രൂപം പോലെയാണ്. കണവയുടെ ഇംഗ്ലിഷ് പേരാണ് സ്ക്വിഡ്. രണ്ടു ടീമുകളായാണ് സ്ക്വിഡ് ഗെയിം കളിക്കുന്നത്. ഒരു വൃത്തവും ഒരു സമചതുരവും ഒരു ത്രികോണവും ബോർഡിലുണ്ടാകും. ആക്രമണസന്നദ്ധമായിരിക്കും ഒരു ടീം. വൃത്തമാണ് ഈ ടീമിന്റെ താവളം പ്രതിരോധ സന്നദ്ധമായിരിക്കും മറ്റേ ടീം. സമചതുരമായിരിക്കും ഇതിന്റെ താവളം. ഇരുവർക്കും സാന്നിധ്യമുള്ള മേഖലയാണ് ത്രികോണം.
ആക്രമണ സന്നദ്ധമായ ടീം അംഗങ്ങൾ വൃത്തത്തിൽ നിന്നിറങ്ങി ത്രികോണത്തിലൂടെ സമചതുരത്തിലെത്തി തിരികെ വൃത്തത്തിലെത്തുന്ന രീതിയിലാണ് കളി. പ്രമോഷൻ എന്നൊരു സംഭവം കളിയിലുണ്ട്. ഇതു ലഭിക്കുന്നത് വരെ ഒറ്റക്കാലിൽ ചാടിച്ചാടി പോകണം. പ്രമോഷൻ കിട്ടിക്കഴിഞ്ഞാൽ ഇരുകാലുകളും ഉപയോഗിക്കാം. പ്രതിരോധത്തിലൂന്നിയ ടീം ആക്രമണസന്നദ്ധരായ ടീമിനെ തള്ളി ഒരു വര കടക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. നമ്മുടെ കബഡിയിലൊക്കെ ഉള്ളപോലെ ഒരു രീതി. വരയ്ക്കു പുറത്തുപോകുന്നവർ ഗെയിമിൽ നിന്നു നിഷ്കാസിതരാകും.
ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും ഒരേ പോലെ പ്രചാരമുള്ള സ്ക്വിഡ് ഗെയിമിന് പലയിടത്തും പല വകഭേദങ്ങളാണ്. ഒജിൻജിയോ ടായേങ് എന്ന കളിയാണു കൊറിയയിലെ പ്രധാന നഗരമായ ബുസാനിൽ കളിക്കുന്നത്. കൊറിയയിലെ രാജവാഴ്ച കാലത്ത് ഉടലെടുത്തതാണ് ഇത്തരം കളികൾ എന്നു കരുതപ്പെടുന്നു. പിന്നീട് ഇതു തലമുറകളിലൂടെ കൈമാറി വന്നു.
English Summary : Real Korean children's game Ojingeo in Squid game