ADVERTISEMENT

ഈജിപ്തിലെ മമ്മികൾ...മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്ഷ്യർ മൃതശരീരങ്ങൾ സംരക്ഷിക്കാനായി അവ പ്രത്യേക പ്രക്രിയകൾക്ക് വിധേയരാക്കി അവയെ സംരക്ഷിച്ചു വച്ചു. ഒരേ സമയം കൗതുകകരവും അതേസമയം ദുരൂഹവുമായ ഈ മൃതമനുഷ്യരെ ലോകം മമ്മികളെന്നു വിളിച്ചു. ഈജിപ്ഷ്യൻ ചരിത്രത്തിലെ ഏറ്റവും പ്രബല ഫറവോയായ റാമിസസ് രണ്ടാമനുൾപ്പെടെയുള്ളവരുട മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും പ്രശസ്തമായ മമ്മി ഏതെന്നു ചോദിച്ചാൽ അതു തൂത്തൻ ഖാമന്റേതു തന്നെയായിരിക്കും. തൂത്തൻ ഖാമന്റെ മമ്മി കണ്ടെത്തിയത്തിന്റെ നൂറാം വർഷത്തിലേക്ക് ഇന്നു കടക്കുകയാണ്. അതീവ ചരിത്ര പ്രാധാന്യമുള്ള ഒരു കണ്ടെത്തലായിരുന്നു ഇത്. ലോകമെമ്പാടും ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ചും ആദിമസംസ്കാരത്തെക്കുറിച്ചും വലിയ താൽപര്യം ഉടലെടുക്കാൻ ഇതു കാരണമായി.

ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് തൂത്തൻ ഖാമന്റെ നിധി കണ്ടെത്തിയത്. ബ്രിട്ടിഷ് ധനികനായ കാർണാർവോൻ പ്രഭു ഇതിന് സാമ്പത്തികപരമായ സഹായം നൽകി. ഹോവാർഡിന്റെ പര്യവേക്ഷണത്തിൽ പ്രത്യക്ഷമായും പരോക്ഷമായും വലിയ സ്വാധീനവും പങ്കും പ്രഭു പുലർത്തി.

 

ഈജിപ്ഷ്യൻ മമ്മികളെ ശല്യപ്പെടുത്തുന്നവരെ വിധി വെറുതേ വിടില്ലെന്ന വിശ്വാസം അക്കാലത്തു ദൃഢമായിരുന്നു. തൂത്തൻ ഖാമന്റെ കല്ലറയിൽ കയറിയവരുടെ അനുഭവങ്ങൾ ഈ വിശ്വാസം ഉറയ്ക്കാൻ സഹായകമായി.

തൂത്തൻഖാമന്‌റെ മമ്മി കണ്ടെത്തി, പിറ്റേവർഷം കാർണാർവോൻ പ്രഭു കൊല്ലപ്പെട്ടതോടെയാണു ശാപകഥകളും വിശ്വാസങ്ങളും പ്രചരിക്കാൻ തുടങ്ങിയത്.

 

പ്രഭുവിന്റെ ഇടതുകവിളിൽ ഒരു കൊതുകു കടിക്കുകയും ഒരു വലിയ തുടിപ്പ് രൂപപ്പെടുകയും ചെയ്തു. പിന്നീട് താടിവടിക്കുന്നതിനിടെ ഈ തുടിപ്പു മുറിയുകയും വ്രണമാകുകയും ചെയ്തു.തുടർന്ന് ഈ വ്രണത്തിൽ അണുബാധയുണ്ടാകുകയും ഇതിന്‌റെ ഫലമായി പ്രഭു അന്തരിക്കുകയും ചെയ്തു.തൂത്തൻ ഖാമന്‌റെ ശാപം നിമിത്തമാണ് ഇതു സംഭവിച്ചതെന്ന് വലിയ വാർത്ത പരന്നു.യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഭൂരിഭാഗം പേരും ഇതു വിശ്വസിക്കുകയും ചെയ്തു.

അക്കാലത്ത് ഇറ്റാലിയൻ ഏകാധിപതി മുസ്സോളിനിക്ക് ഈജിപ്തിൽ നിന്നു സമ്മാനമായി ഒരു മമ്മിയെ ലഭിച്ചിരുന്നു. റോമിലെ മ്യൂസിയത്തിൽ സ്ഥാപിച്ച ഈ ഈജിപ്ഷ്യൻ മമ്മിയെ ഉടനടി തിരിച്ചുകൊടുക്കാൻ അദ്ദേഹം നിർദേശം നൽകി.

 

ചരിത്രത്തിലെ ഏറ്റവും ദൃഢചിത്തൻമാരിലൊരാളായ ഏകാധിപതിയെപ്പോലും പേടിപ്പിക്കാൻ മമ്മിയുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങൾക്കു കഴിഞ്ഞു.

കാർണാർവോൻ പ്രഭുവിനു ശേഷം,തൂത്തൻ ഖാമന്റെ മൃതസ്ഥലം ഖനനം ചെയ്യാൻ അനുമതി നൽകിയ, ഈജിപ്തിലെ രാജകുമാരൻ അലി കമേൽ ഫാഹ്മി ബെയെ ഭാര്യ വെടിവച്ചു കൊന്നു.

മമ്മിയിൽ എക്സ്റേ പരിശോധന നടത്തിയ സർ ആർച്ചിബാൾഡ് റീഡ് 1924ൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു.പര്യവേക്ഷക സംഘത്തിനു പ്രോത്സാഹനം കൊടുത്ത സർ ലീ സ്റ്റാക് കെയ്റോയിൽ വച്ചു കൊല്ലപ്പെട്ടു.പര്യവേക്ഷക സംഘത്തിലുണ്ടായിരുന്ന ആർതർ മേസ്, ആർസനിക് വിഷാംശം ഉള്ളിൽ ചെന്നതു മൂലം മരണപ്പെട്ടു.കാർട്ടറിന്റെ സെക്രട്ടറിയായ റിച്ചഡ് ബെഥെലിനെ ശ്വാസം മുട്ടി മരിച്ച നിലയിൽ പിന്നീട് കിടക്കയിൽ നിന്നു കണ്ടെടുത്തു.തൂത്തൻ ഖാമന്റെ ശാപത്തെക്കുറിച്ച് ശക്തമായ വിശ്വാസം പരക്കാൻ ഇതു വഴിവച്ചു.എന്നാൽ പ്രധാന പര്യവേക്ഷകനായ ഹോവാഡ് കാർട്ടർ മരണം വരെ ഇതിലൊന്നും വിശ്വസിച്ചില്ല.പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞ് 1939ലാണ് കാർട്ടർ കാൻസർ ബാധിച്ച് മരിച്ചത്.

മമ്മികളെക്കുറിച്ചുള്ള ഈ പേടി നിരവധി കൃതികൾക്കും സിനിമകൾക്കും വരെ പശ്ചാത്തലമായി പിൽക്കാലത്ത് മാറി.


English Summary : Mystery of Tutankhamun Mummy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com