തൂത്തൻ ഖാമന്റെ മമ്മി കണ്ടെത്തിയ ദിനം: ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാതരാജാവ്
Mail This Article
ഈജിപ്തിൽ ഒട്ടേറെ മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം അന്നുമിന്നും തൂത്തൻ ഖാമന്റെ മമ്മി തന്നെ. ലോകമെമ്പാടും വിഖ്യാതനായ ഈ ഈജിപ്ഷ്യൻ കൗമാരചക്രവർത്തിയുടെ കല്ലറയിൽ അദ്ദേഹത്തിന്റെ മമ്മി കണ്ടെത്തിയതിന്റെ തൊണ്ണൂറ്റിയൊൻപതാം വാർഷികമാണ് ഇന്ന്. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ നടത്തിയത് ഹോവാർഡ് കാർട്ടർ എന്ന പര്യവേക്ഷകനാണ്.
1891ൽ പലരാജ്യങ്ങളെപ്പോലെ ഈജിപ്തും ബ്രിട്ടന്‌റെ അധീനതയിലായിരിക്കെയാണ് ബ്രിട്ടിഷ് പര്യവേക്ഷകനായ ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെത്തിയത്.ബ്രിട്ടനിൽ ദരിദ്രനായ ഒരു പെയിന്ററുടെ 11 മക്കളിൽ ഒരാളായിരുന്നു കാർട്ടർ.
ആയിടെ കാർട്ടർ തന്‌റെ പഠനമെല്ലാം, ഈജിപ്ഷ്യൻ ചരിത്രത്തിൽ അധികം അറിയപ്പെടാതിരുന്ന കൗമാര പ്രായത്തിൽ മരിച്ച തൂത്തൻ ഖാമൻ എന്ന ചക്രവർത്തിയിലേക്കു കേന്ദ്രീകരിച്ചു.ഈജിപ്തിൽ പല രാജാക്കന്മാരുടെയും കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും തൂത്തൻഖാമന്റേത് അതുവരെ കണ്ടെത്തിയിരുന്നില്ല.
കാർട്ടർക്ക് ഗവേഷണം നടത്താൻ സാമ്പത്തിക പിന്തുണ അത്യാവശ്യമായിരുന്നു. ബ്രിട്ടനിലെ സമ്പന്നനായ കാർണാർവോൻ പ്രഭു അദ്ദേഹത്തിനത് നൽകി.തൂത്തൻഖാമന്‌റെ കല്ലറ കണ്ടെത്താനുള്ള കാർട്ടറുടെ ശ്രമങ്ങൾക്കു പണം മുടക്കാൻ തയാറായി പ്രഭു മുന്നോട്ടു വന്നു.
ആറു വർഷങ്ങളോളം ശ്രമിച്ചിട്ടും കാർട്ടറിനും സംഘത്തിനും തൂത്തൻ ഖാമനെ കണ്ടെത്താൻ സാധിച്ചില്ല.1922 നവംബർ ഒന്നിന് കാർട്ടർ ഒരു അവസാന ശ്രമത്തിനു തുടക്കമിട്ടു.ഈജിപ്തിലെ പ്രശസ്തമായ മൃതനഗരിയായ രാജാക്കൻമാരുടെ താഴ്‌വരയിലായിരുന്നു അദ്ദേഹത്തിന്‌റെ തിരച്ചിൽ.തൂത്തൻ ഖാമന്‌റെ മുദ്രകൾ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കൾ കിട്ടിയത് കാർട്ടർക്കു പ്രതീക്ഷ നൽകി.
നവംബർ അഞ്ചിന് ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകൾ കാർട്ടറും സംഘവും കണ്ടെത്തി.അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കാണ് അവ നയിച്ചത്.ആരുടെ കല്ലറയാണിതെന്നോ, അതിനുള്ളിൽ എന്തായിരുന്നെന്നോ കാർട്ടർക്ക് അറിയില്ലായിരുന്നു.ഏതായാലും അതിനുള്ളിൽ കടന്ന് തിരച്ചിൽ നടത്തി.നവംബർ അവസാനത്തോടെ കല്ലറയുടെ വാതിൽ പര്യവേക്ഷകർ പൊളിച്ചുമാറ്റി.അതിലൂടെ പ്രവേശിച്ച കാർട്ടർ 26 അടി ദൂരം നടന്നപ്പോൾ അടഞ്ഞു കിടന്ന മറ്റൊരു വാതിലിനു സമീപമെത്തി.രണ്ടാമത്തെ വാതിലിൽ ഒരു ദ്വാരമുണ്ടായിരുന്നു.അതിനുള്ളിലേക്ക് ഒരു മെഴുകുതിരി നീട്ടിക്കൊണ്ട് കാർട്ടർ പരിശോധിച്ചു.
ദ്വാരത്തിലൂടെ കണ്ട കാഴ്ചയിൽ കാർട്ടർ ഞെട്ടിത്തരിച്ചു പോയി.സ്വർണത്തിൽ നിർമിച്ച വിവിധ വസ്തുക്കൾ...ഒരായുഷ്‌കാലത്തിന്‌റെ നിധി.ആന്‌റ് ചേംബർ എന്നറിയപ്പെട്ട ആ മുറിയിൽ സ്വർണം കൂടാതെ മറ്റനേകം ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുണ്ടായിരുന്നു.
ആന്‌റ് ചേംബറിലെ വസ്തുക്കൾ മാറ്റിയ ശേഷം കാർട്ടർ നിരീക്ഷണം തുടർന്നു.അപ്പോളേക്കും ഫെബ്രുവരി 17 ആയിരുന്നു.ആന്‌റ് ചേംബറിലുള്ള മറ്റൊരു വാതിലിലേക്കു കാർട്ടറുടെ ശ്രദ്ധ തിരിഞ്ഞു.ആ വാതിൽ തുറന്നു കാർട്ടർ കയറിയത്, ഒരു വലിയ അറയിലേക്കായിരുന്നു.ഇവിടെ പരിശോധനകൾ നടത്തിയ കാർട്ടറും സംഘവും കുറേ തിരച്ചിലുകൾക്കും പൊളിക്കലുകൾക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു.ആ പേടകത്തിന്‌റെ മൂടി തുറന്നപ്പോൾ മനുഷ്യരൂപത്തിൽ നിർമിച്ച മറ്റൊരു പേടകം..പൂർണമായും സ്വർണം കൊണ്ടുള്ളത്.
താൻ ഏറെ നാളായി തേടി നടന്ന തൂത്തൻ ഖാമന്‌റെ പേടകമാണിതെന്നു വൈകാതെ കാർട്ടറിനു മനസ്സിലായി.ഏറെ ശ്രദ്ധയോടെ ആ പേടകം പരീക്ഷണശാലയിലേക്കു മാറ്റി.പിന്നീട് ഒന്നര വർഷത്തെ തയാറെടുപ്പുകൾക്കു ശേഷമാണ് വീണ്ടും പേടകം തുറന്നത്.വിവിധപാളികളായുള്ള മൂടികൾ തുറന്നു നീക്കിയതോടെ തൂത്തൻ ഖാമന്റെ മമ്മി ലോകത്തിനു മുന്നിൽ അനാവൃതമായി.
അതുവരെ ഈജിപ്തിൽ നിന്നു കിട്ടിയിട്ടുള്ള മമ്മികളേക്കാളെല്ലാം പ്രശസ്തി തൂത്തൻ ഖാമനു കൈവന്നു.ആദ്യമായാണ് ഒട്ടും നശിക്കാത്ത രീതിയിൽ ഒരു ഈജിപ്ഷ്യൻ ചക്രവർത്തിയുടെ മമ്മി ലോകത്തിനു കിട്ടുന്നത്.
English Summary : Why is Tutankhamun so Famous