പേടകം വിഴുങ്ങാൻ വാപൊളിച്ച് ഛിന്നഗ്രഹം! ഓസിരിസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
2016ൽ ആണ് ഓസിരിസ് റെക്സ് എന്ന നാസയുടെ ബഹിരാകാശ പേടകം ഭൂമിയിൽനിന്നു യാത്ര തിരിച്ചത്. ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ദൗത്യമായിരുന്നു ഇത്. ഭൂമിക്കരികിൽ സ്ഥിതി ചെയ്യുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെ കൊണ്ടുവരിക. ഏഴുവർഷം ദൈർഘ്യമുള്ള ഓസിരിസ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇതായിരുന്നു. 2020 ൽ ആയിരുന്നു ഓസിരിസ് ബെന്നുവിനു സമീപം എത്തിയത്. ഛിന്നഗ്രഹത്തിലേക്ക് ഊളിയിട്ടിറങ്ങി കുറച്ചു സാംപിളുകളുമായി തിരികെ പോകാമെന്ന് ഓസിരിസ് കരുതി. എന്നാൽ വൻ ചതി കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഭൂമിയിൽ ചില ചതുപ്പുനിലങ്ങളിലും മറ്റും ആളുകൾ അകപ്പെടുന്നതും മുങ്ങിത്താഴുന്നതുമൊക്കെ സിനിമകളിലും മറ്റും കണ്ടിട്ടുണ്ടല്ലോ. അതുപോലൊരു ചതിക്കെണി ബെന്നുവിലും കാത്തിരിക്കുന്നുണ്ടായിരുന്നു. വിചാരിച്ചത് പോലെ ഉറച്ച പാറ പോലെയുള്ള ഘടനയായിരുന്നില്ല ബെന്നുവിന്. മറിച്ച് ഇളകിക്കിടക്കുന്ന പ്രതലമായിരുന്നു. പൂഴിമണൽ വിരിച്ചതുപോലുള്ള പ്രതലം.
ബെന്നുവിലെ നൈറ്റിങ്ഗേൽ എന്ന മേഖലയിലേക്കാണ് ഓസിരിസ് ഇറങ്ങാനായി ചെന്നത്. സുഖമായിട്ട് ഇറങ്ങാം എന്നു പ്രതീക്ഷിച്ചിറങ്ങിയ ദൗത്യത്തിനു തെറ്റി. ഓസിരിസ് ഉപരിതലത്തിൽ തൊട്ടതും മണ്ണ് ഇളകിത്തെറിച്ച് ഭീമാകാരമായ ഒരു ഗർത്തം രൂപപ്പെട്ടു. ഇരവിഴുങ്ങാൻ വാപൊളിക്കുന്നതു പോലെയായിരുന്നു അത്. ഓസിരിസ് അതിലേക്കു മുങ്ങിപ്പോയേക്കുമെന്ന് ഒരു നിമിഷം ശാസ്ത്രജ്ഞർ കരുതി. എന്നാൽ ഓസിരിസിൽ ഘടിപ്പിച്ചിരുന്ന ചെറു റോക്കറ്റുകൾ ഉടനടി തന്നെ പ്രവർത്തിച്ചു. ഇതുമൂലം ദൗത്യം മുകളിലേക്കുയർന്നു. ഇതിനിടയിൽ കുറച്ചു സാംപിളുകളും ശേഖരിച്ചു.
അടുത്ത വർഷം ദൗത്യം സാംപിളുകളുമായി തിരികെയെത്തും. പ്രാചീന ഈജിപ്ഷ്യൻ വിശ്വാസത്തിലെ ഒരു പക്ഷിയുടെ പേരാണ് ബെന്നു. 1999 സെപ്റ്റംബറിലാണ് ബെന്നുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഒരു പേരിടൽ മൽസരം നടത്തി. ഇതിൽ 9 വയസ്സുള്ള ഒരു കുട്ടിയാണ് ബെന്നുവിന് ആ പേര് നൽകിയത്.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. ഭാവിയിൽ ശുക്രനിൽ പതിച്ച് ഈ ഛിന്നഗ്രഹം നശിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.
English summary : OSIRIS-REx Touches Asteroid Bennu