170 കാരറ്റ് പരിശുദ്ധി, ഏറ്റവും വലുപ്പമുള്ള പിങ്ക് വജ്രം; കണ്ടെത്തിയത് ആഫ്രിക്കയിൽ
Mail This Article
ലോകത്തിൽ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾക്കിടെ കണ്ടെത്തപ്പെട്ട ഏറ്റവും വലുപ്പമുള്ള വജ്രങ്ങളിലൊന്ന് ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ കണ്ടെത്തി. 170 കാരറ്റ് പരിശുദ്ധിയും പിങ്ക് നിറവുമുള്ള ഈ വജ്രം ലുക്കാപ ഡയമണ്ട് കമ്പനിയും പങ്കാളികളും നടത്തിയ ഖനനത്തിലാണ് ലഭിച്ചത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രമുഖ ഖനന കമ്പനിയാണ് ലൂക്കാപ.
അംഗോളയിലെ ലുലോ എന്ന മേഖലയിലാണ് ഈ അപൂർവ വജ്രം കണ്ടെത്തപ്പെട്ടത്. ആയതിനാൽ ലുലോ റോസ് എന്ന പേര് ഇതിന് അധികൃതർ നൽകി. ലോകത്ത് ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ പിങ്ക് വജ്രങ്ങളിലൊന്നു കൂടിയാണ് ലുലോ റോസ്. ഈ വജ്രം അംഗോളൻ നാഷനൽ ഡയമണ്ട് ട്രേഡിങ് കമ്പനി നടത്തുന്ന ലേലത്തിൽ വിൽക്കാനാണു തീരുമാനം. ഇതുവരെ ലേലത്തിൽ വിറ്റ വജ്രങ്ങളിൽ ഏറ്റവും കൂടുതൽ ലേലത്തുക ലഭിച്ചിട്ടുള്ളത് ഒരു പിങ് വജ്രത്തിനാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ വജ്രം ഏഴുകോടി യുഎസ് ഡോളറിനാണു വിറ്റത്. ഹോങ്കോങ്ങിലായിരുന്നു ലേലം.
നേരത്തെയും ലുലോ മേഖലയിൽ നിന്നു വലിയൊരു വജ്രം ലഭിച്ചിരുന്നു. ഫോർത്ത് ഫെബ്രുവരി സ്റ്റോൺ എന്നു പേരുള്ള ഈ വജ്രത്തിന് 404 കാരറ്റ് പരിശുദ്ധിയാണ് വിദഗ്ധർ കണക്കാക്കുന്നത്.
വജ്രനിക്ഷേപത്തിനും വജ്രഖനനത്തിനും ഏറെ പേരുകേട്ട ഭൂഖണ്ഡമാണ് ആഫ്രിക്ക. ലോകത്തിലെ തന്നെ ഏറ്റവും പെരുമയേറിയ ഒരുപിടി വജ്രങ്ങൾ ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്. ആളുകളെയും കുട്ടികളെയും നിർബന്ധിത തൊഴിലെടുപ്പിന് വിധേയമാക്കുന്ന ഖനനപ്രവർത്തനങ്ങൾ ചില ആഫ്രിക്കൻ രാജ്യങ്ങളിലുള്ളത് വ്യാപക വിമർശനത്തിന് കാരണമായിരുന്നു.
ആഫ്രിക്കയിൽ നിന്നു കണ്ടെത്തപ്പെട്ട ഏറ്റവും പ്രശസ്തമായ വജ്രം കള്ളിനൻ എന്നു പേരുള്ള വജ്രമാണ്. ദക്ഷിണാഫ്രിക്കയിലെ ഒരു വജ്രഖനിയിൽ നിന്നാണ് ഇതു കണ്ടെത്തപ്പെട്ടത്. ഇത് 105 കഷണങ്ങളായി പിന്നീട് മുറിക്കപ്പെട്ടു. കള്ളിനൻ 1 അഥവാ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന പേരിൽ ഇത് ബ്രിട്ടിഷ് രാജത്വത്തിന്റെ ആഭരണശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എലിസബത്ത് ടെയ്‌ലർക്ക് റിച്ചഡ് ബർട്ടണിൽ നിന്നു സമ്മാനമായി ലഭിച്ച ടെയ്‌ലർ ബർട്ടൺ എന്ന വജ്രവും ആഫ്രിക്കയിൽ നിന്നുള്ളതാണ്.
ആഫ്രിക്കയിലെ മൂന്നാമത്തെ വജ്ര ഉത്പാദക രാജ്യമാണ് ബോട്‌സ്വാന. ഒട്ടേറെ അമൂല്യമായ വജ്രങ്ങൾ ബോട്‌സ്വാനയിലുണ്ടെന്നാണു കരുതപ്പെടുന്നത്. രാജ്യത്തിന്‌റെ സമ്പദ് വ്യവസ്ഥയിൽ വജ്രഖനനം വലിയ സ്ഥാനം വഹിക്കുന്നുണ്ട്.
English Summary: Pure pink diamond discovered in Angola