ADVERTISEMENT

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ഡാർട്ട് എന്ന ബഹിരാകാശ പേടകം ഡൈഫോർമോസ് എന്ന ഛിന്നഗ്രഹത്തെ ഇന്നലെ പോയി ഇടിച്ചതിന്റെ വാർത്തകൾ കൂട്ടുകാർ അറിഞ്ഞുകാണുമല്ലോ. ഭാവിയിൽ ഭൂമിയെ പ്രതിസന്ധിയിലാക്കി ഏതെങ്കിലും ഛിന്നഗ്രഹം കടന്നുവന്നാൽ അതിനെ വഴിതിരിച്ചുവിടാനായാണ് ഡാർട്ടിനെ നാസ തയാറാക്കിയത്. ഭൂമിയിൽ നമ്മുടെ അറിവിൽ കുറച്ചു ഛിന്നഗ്രഹ സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. ഇതി‍ൽ ഏറ്റവും പ്രശസ്തമായത് ആറരക്കോടി വർഷം മുൻപ് ക്രെറ്റേഷ്യൻ കാലഘട്ടത്തിലാണു സംഭവിച്ചത്. അന്ന് ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്നത് ദിനോസറുകളായിരുന്നു. 

 

അന്ന് ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്ന് ഒരു  ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തി.ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്നയിടത്താണ് ഈ ഛിന്നഗ്രഹം വീണത്. അതിനാൽ ഇതിനെ ചിക്സുലബ് ഛിന്നഗ്രഹമെന്നും വിളിക്കുന്നു.ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു.എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല.

danger-do-asteroids-pose-to-life-on-earth
Representative image. Photo Credits: Elena11o/ Shutterstock.com

 

1908ൽ സൈബീരിയയിലെ  ടുംഗുസ്‌കയിലും ഒരു വലിയ ഛിന്നഗ്രഹ സ്‌ഫോടനം നടന്നു.പൊടുന്നനെ ഉയർന്ന താപനിലയിൽ എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇത്തരമൊരു കാഴ്ച ലോകം കാണുന്നത് 37 വർഷം കഴിഞ്ഞാണ്. യുഎസ് ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആക്രമണം നടത്തിയപ്പോൾ..

റഷ്യയിലെ സൈബീരിയയിൽ ഒഴുകുന്ന ഒരു നദിയാണു പോഡ്കമെന്നായ ടുംഗുംസ്‌ക. ഇതിനു മുകളിലുള്ള ഒരു കാട്ടിലായിരുന്നു സംഭവം. ടോക്കിയോ നഗരത്തിന്റെ വിസ്തീർണത്തിൽ, ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി ഈ സ്‌ഫോടനത്തിൽ നശിച്ചു. പ്രദേശത്ത് അധിവസിച്ച ഒട്ടേറെ റെയിൻഡീർ മാനുകളും കൊല്ലപ്പെട്ടു. റെയിൻ20 മെഗാടൺ ടിഎൻടി അളവിലുള്ള സ്‌ഫോടനമാണ് ഇവിടെ സംഭവിച്ചതെന്നു കണക്കാക്കപ്പെടുന്നു. ഹിരോഷിമയിൽ വീണ അണുബോംബിന്റെ ആയിരമിരട്ടി ശേഷി.

 

പ്രദേശത്തു മനുഷ്യവാസം കുറവായതിനാൽ ആർക്കും മരണമുണ്ടാകുകയോ ചെയ്തില്ല. നാട്ടുകാർക്കും എന്താണ് സംഭവമെന്നു മനസ്സിലായില്ല. തങ്ങളുടെ ദൈവമായ ഓഗ്ഡി വന്നതാണെന്നായിരുന്നു സൈബീരിയയിലെ പ്രാദേശിക ജനതയുടെ വിശ്വാസം. അവർ അതിനെക്കുറിച്ച് ഒന്നും പുറത്തു പറഞ്ഞില്ല. 1927ൽ ലിയോനിഡ് കുലിക് എന്ന സോവിയറ്റ് ശാസ്ത്രജ്ഞനാണ് ടുംഗുസ്‌കയിലേക്ക് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആദ്യ പര്യടനം നടത്തിയത്. ഇദ്ദേഹം സ്‌ഫോടനമേഖലയിലെത്തി പരിശോധനകൾ നടത്തി. ഇതിനു സമീപം താമസിച്ചിരുന്ന നാട്ടുകാരോട് സംവദിക്കുകയും വീണ മരങ്ങളും മറ്റും പരിശോധിക്കുകയും ചെയ്തു. 2013ൽ റഷ്യയിലെ ചെല്യബിൻസ്കിലും ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു. ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായ ഊർജവിതരണത്തിൽ 1600 പേർക്കു പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു.

 

 

Content Summaery : What danger do asteroids pose to life on earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com