ഈജിപ്തിൽ കണ്ടെത്തിയത് വമ്പൻ തുരങ്കം; ക്ലിയോപാട്രയുടെ കല്ലറയിലേക്കുള്ള വഴി?
Mail This Article
ഈജിപ്തിൽ പുരാവസ്തുഗവേഷകർക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ച് വമ്പൻ തുരങ്കം കണ്ടെത്തി. ഒന്നരക്കിലോമീറ്റർ നീളമുള്ള തുരങ്കമാണ് ഈജിപ്തിലെ പുരാവസ്തു പര്യവേക്ഷകർ കണ്ടെത്തിയത്. ഈജിപ്തിലെ തപോസിരിസ് മാഗ്ന ആരാധനാലയത്തിനു 13 മീറ്റർ താഴെയായി സ്ഥിതി ചെയ്യുന്ന നിലയിലായിരുന്നു തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് 1.8 മീറ്റർ പൊക്കമാണുള്ളത്. ഇതു കണ്ടെത്തിയ നാളു മുതൽ തന്നെ പുരാവസ്തു ഗവേഷകരുടെയും മറ്റു വിദഗ്ധരുടെയും ശക്തമായ നിരീക്ഷണത്തിലായിരുന്നു. ഈജിപ്തിൽ പഠനം നടത്തുന്ന ഡൊമിനിക്കൻ റിപ്ലബ്ലിക്കിലെ സാൻ ഡൊമിംഗോ സർവകലാശാലയിലെ ഡോ. കാത്‌ലിൻ മാർട്ടിനസിനു കീഴിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്. ഈജിപ്തിലെ വിഖ്യാത റാണിയായിരുന്ന ക്ലിയോപാട്രയുടെ കല്ലറയിലേക്കുള്ള വഴിയാണിതെന്നു താൻ വിശ്വസിക്കുന്നെന്ന് ഡോ. കാത്‌ലിൻ പറയുന്നു. അങ്ങനെയെങ്കിൽ പ്രശസ്തനായ റോമൻ ജനറൽ മാർക്ക് ആന്റണിയുടെ മൃതപേടകവും ഇതിലുണ്ടാകാൻ സാധ്യതയുണ്ട്.
ഈജിപ്തിലെ പ്രമുഖ ദേവതയായിരുന്ന ഓസിരിസിന്റെ ആരാധനാലയമാണ് തപോസിരിസ് മാഗ്ന. അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു. ക്ലിയോപാട്രയും ഈ ഗ്രീക്ക് വംശജരായ രാജകുടുംബത്തിൽ പെട്ടതാണ് തുരങ്കം. കൂടാതെ സിറാമിക് പാത്രങ്ങൾ, മൺകുടങ്ങൾ, ചില ശിൽപങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ ചെറിയൊരു ഭാഗം കടലിനടിയിൽ മുങ്ങിയ നിലയിലാണെന്നു ഗവേഷകർ പറയുന്നു. 320 മുതൽ 13030 എഡി വരെയുള്ള കാലയളവിൽ ഈ മേഖലയിൽ സംഭവിച്ച ഭൂചലനങ്ങളാണ് ഈ കടലേറ്റത്തിനു കാരണമെന്നും അവർ പറയുന്നു.
അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.
അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.
സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.
ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. തപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യതയും ചരിത്രകാരൻമാർ പങ്കുവച്ചിരുന്നു.പുരാതന ഈജിപ്തിന്റെ അവസാന റാണിയായ ക്ലിയോപാട്രയുടെ കല്ലറ കണ്ടെത്തിയാൽ സമീപകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തലാകും അത്.
Content Summary : Huge tunnel found beneath Egyptian temple