രാജാവിനെ തൂക്കിക്കൊന്ന പാർലമെന്റ് : പിന്നെ ബ്രിട്ടൻ റിപ്പബ്ലിക്, ഒരു പതിറ്റാണ്ടുകാലം മാത്രം
Mail This Article
ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജവംശമേതെന്നു ചോദിച്ചാൽ ബ്രിട്ടിഷ് രാജവംശമെന്നായിരിക്കും പലരുടെയും ഉത്തരം. എലിസബത്ത് രാജ്ഞിയുടെ സിംഹാസനം അവരുടെ മരണത്തോടെ ചാൾസിലേക്ക് എത്തിയിരിക്കുകയാണ്. ബ്രിട്ടന്റെ പുതിയ രാജാവായ ചാൾസ് മൂന്നാമന്റെ മേയ് 6നു നടക്കുന്ന കീരീടധാരണത്തിന് ഉപയോഗിക്കാനായി പ്രശസ്തമായ സെന്റ് എഡ്വേർഡ്സ് കിരീടം അതു സൂക്ഷിച്ചിരുന്ന ടവർ ഓഫ് ലണ്ടൻ കെട്ടിടത്തിൽ നിന്നു മാറ്റിയെന്നാണു പുതിയ വാർത്ത. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിലുള്ള ഈ കിരീടമാണ്, കിരീടധാരണ വേളയിൽ 1661 മുതൽ ഉപയോഗിച്ചു വരുന്നത്.
അക്കാലത്ത് രാജാവായി അഭിഷേകം ചെയ്യപ്പെട്ട ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ പവിഴം, വൈഡൂര്യം, മരതകം, പുഷ്യരാഗം, മാണിക്യം തുടങ്ങിയ രത്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. പിന്നീട് അന്നു മുതൽ ഈ കിരീടം വിവിധ ഭരണാധികാരികൾ കിരീടധാരണത്തിനായി ഉപയോഗിച്ച് വരുന്നു. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമായിരുന്നു.
എന്നാൽ 360 വർഷം പഴക്കമുള്ള ഈ കിരീടം ബ്രിട്ടന്റെ ചരിത്രത്തിലെ വഴിത്തിരിവുകളായ ചില സംഭവങ്ങളുടെ ബാക്കിപത്രമാണ്.1661നു മുൻപ് മെഡീവൽ ക്രൗൺ എന്ന കിരീടമായിരുന്നു ഉപയോഗിച്ചിരുന്നത്. 11 നൂറ്റാണ്ടു മുതലുള്ള ആ കിരീടം ബ്രിട്ടിഷ് ആഭ്യന്തരയുദ്ധത്തിനു ശേഷം രാജത്വം നിരോധിച്ച പാർലമെന്റ് സമിതി 1649ൽ ഉരുക്കിക്കളഞ്ഞു. അന്നു മുതൽ 1660 വരെ ബ്രിട്ടനിൽ രാജാവോ റാണിയോ ഉണ്ടായിരുന്നില്ല. ജനങ്ങൾ രാജ്യമേധാവിയെ തിരഞ്ഞെടുക്കുന്ന റിപ്പബ്ലിക് രീതിയായിരുന്നു അക്കാലയളവിൽ ബ്രിട്ടനിൽ നടന്നത്.
ബ്രിട്ടനിൽ ചാൾസ് ഒന്നാമൻ രാജാവ് ഭരിച്ചിരുന്ന കാലം. 1642ൽ ഒരു വേനൽക്കാലത്ത് രാജാവിനെ അനുകൂലിക്കുന്നവരും പാർലമെന്ററി ഭരണരീതിയെ അനുകൂലിക്കുന്നവരും തമ്മിൽ യുദ്ധം തുടങ്ങി. ബ്രിട്ടിഷ് ആഭ്യന്തര യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പാർലമെന്ററി സേനയുടെ ശക്തനായ നേതാവായിരുന്നു ഒലിവർ ക്രോംവെൽ. 1648 വർഷത്തിൽ ക്രോംവെല്ലിന്റെ സേന ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കുകയും ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ക്രോംവെൽ ഒരു അനിഷേധ്യശക്തിയായി ഉയരുകയും ചെയ്തു.
പിന്നീട് രാജാവിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങളെ സൈനിക നടപടിയിലൂടെ ക്രോംവെൽ പുറത്താക്കി. റംപ് പാർലമെന്റ് എന്നാണ് ശേഷിക്കുന്ന അംഗങ്ങൾ അറിയപ്പെട്ടത്. ഇവർ ചേർന്ന് ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലാൻ നടപടിയിട്ടു. ഒടുവിൽ ഇതു നടപ്പായി. ഇതെത്തുടർന്ന് കുറെക്കാലം റംപ് പാർലമെന്റ് ബ്രിട്ടന്റെ അധികാരം കൈയാളി. ഒടുവിൽ ഈ സഭ പിരിച്ചുവിട്ട ക്രോംവെൽ, ലോഡ് പ്രൊട്ടക്ടർ എന്ന നിലയിൽ ബ്രിട്ടൻ ഭരിച്ചു. ഇത് 5 വർഷക്കാലം തുടർന്നു.രാജാവില്ലാത്ത ഈ കാലയളവ് 1949 മുതൽ 1960 വരെ തുടർന്നു.
Content Summary : British throne history