ADVERTISEMENT

ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് ഈജിപ്ഷ്യൻ റാണി ക്ലിയോപാട്ര അറിയപ്പെടുന്നത്. വിചിത്രമായ പല സൗന്ദര്യസംരക്ഷണ രീതികളും ക്ലിയോപാട്ര പ്രയോഗിച്ചിരുന്നത്രേ. ചർമ്മത്തിൽ ചുളിവുകളുണ്ടാകുന്നതു തടയാനായി ക്ലിയോപാട്ര കഴുതപ്പാലിൽ കുളിച്ചിരുന്നു.700 കഴുതകളെ ഇതിനായി പ്രത്യേകം വളർത്തിയിരുന്നു. കഴുതപ്പാലിലടങ്ങിയ ചില പോഷണങ്ങൾ ചർമ്മത്തിനു നല്ലതാണതെന്നായിരുന്നു വിശ്വാസം.

 

മുഖസൗന്ദര്യവും തിളക്കവും കൂട്ടാനായി വിചിത്രമായ ഒരു ഫേഷ്യലും ക്ലിയോപാട്ര പരീക്ഷിച്ചിരുന്നു. കഴുതപ്പാലിൽ മുതലക്കാഷ്ഠം ചാലിച്ച് ഒരു ഫേഷ്യലാക്കി മുഖത്തുപുരട്ടുന്നതായിരുന്നു ഇത്. അതു പോലെ തന്നെ ക്ലിയോപാട്ര വിശ്വവിഖ്യാതമായ തന്റെ കൺപീലികൾക്കു നീലഛായം നൽകാനായി ലാപിസ് ലസൂലി ചാലിച്ച കൺമഷി ഉപയോഗിച്ചിരുന്നു. ആകാശക്കല്ല് എന്നാണ് ലാപിസ് ലസൂലിയുടെ പേർഷ്യൻ ഭാഷയിലെ അർഥം, കടുംനീലനിറമുള്ള ഈ ധാതു അഫ്ഗാനിസ്ഥാനിലെ ബഡാക്ഷാൻ മേഖലയിലുള്ള കൊക്ച താഴ്‌വരയിലാണ് ഏറ്റവും കൂടുതലുള്ളത്. ഇവിടത്തെ സാരി സംഗ് ഖനിയിൽ നിന്ന് ആറായിരം വർഷങ്ങളായി ഇതു ഖനനം ചെയ്‌തെടുക്കുന്നു. സ്വന്തമായി ഒരു പെർഫ്യൂം നിർമാണശാലയും ക്ലിയോപാട്രയ്ക്കുണ്ടായിരുന്നു.

 

Read more : 2000 ചെമ്മരിയാട്ടിൻ തലകൾ മമ്മി രൂപത്തിൽ; കണ്ടെത്തിയത് ഈജിപ്തിലെ പ്രാചീന നഗരത്തിൽ

queen-cleopatras-beauty-secrets1
Representative image. Photo Credits: LightField Studios/ Shutterstock.com

അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 323 മുതൽ റോമിന്റെ ഈജിപ്ത് പിടിച്ചടക്കൽ നടന്ന ബിസി 30 വരെയുള്ള കാലയളവിലാണ് ഗ്രീസിൽ വേരുകളുള്ള മാസിഡോണിയൻ രാജവംശം ഈജിപ്ത് ഭരിച്ചത്. ഈ രാജവംശത്തിൽപെടുന്ന ടോളമി പന്ത്രണ്ടാമന്റെ മകളായിട്ടായിരുന്നു ബിസി 69ൽ ക്ലിയോപാട്രയുടെ ജനനം. സഹോദരനായ ടോളമി പതിമൂന്നാമനുമായി രാജ്യാധികാരത്തിനായി അവർ യുദ്ധം ചെയ്തിരുന്നു.

അക്കാലത്ത് ഈജിപ്തിലെത്തിയ പ്രമുഖ ജനറലും വിശ്വവിഖ്യാത ഭരണാധികാരിയുമായ ജൂലിയസ് സീസറുമായി ക്ലിയോപാട്ര സ്നേഹത്തിലായിരുന്നു. ഈജിപ്തിൽ അധികാരം വീണ്ടുമുറപ്പിക്കാൻ സീസർ ക്ലിയോപാട്രയ്ക്ക് പിന്തുണ നൽകി. ജൂലിയസ് സീസർ കൊല്ലപ്പെടുന്ന സമയത്ത് ക്ലിയോപാട്ര റോമിലുണ്ടായിരുന്നു.

 

സീസറിന്റെ മരണത്തിനു ശേഷം റോമിന്റെ അധികാരിയായ മാർക് ആന്റണിയെ ക്ലിയോപാട്ര വിവാഹം കഴിച്ചു. എന്നാൽ ജൂലിയസ് സീസറുടെ അനന്തരവനായ ഒക്ടേവിയനുമായുള്ള യുദ്ധങ്ങൾ മാർക്ക് ആന്റണിയുടെ അധികാരം കുറച്ചുകൊണ്ടുവന്നു. ഒടുവിൽ ആക്ടിയം കടൽയുദ്ധത്തിൽ മാർക് ആന്റണിയുടെ പട ഒക്ടേവിയനു മുന്നിൽ പരാജയപ്പെട്ടു. തുടർന്ന് ക്ലിയോപാട്രയുടെ രാജധാനിയായ അലക്സാൻഡ്രിയ നഗരവും ഒക്ടേവിയൻ അധീനതയിലാക്കി.

 

ഇതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയും പിന്നീട് ഇതേ രീതിയിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്തെന്നാണ് പ്ലൂട്ടാർക്കിനെപ്പോലുള്ള ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ക്ലിയോപാട്രയുടെ കല്ലറ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അലക്സാൻഡ്രിയ നഗരത്തിലെവിയെടോ അല്ലെങ്കിൽ കടലിനടിയിലോ ആകാം ഈ കല്ലറയെന്നാണ് കരുതപ്പെട്ടിരുന്നു. തപോസിരിസ് മാഗ്നയിലാകാനുള്ള സാധ്യതയും ചരിത്രകാരൻമാർ പങ്കുവച്ചിരുന്നു. ഈജിപ്തിലെ പ്രമുഖ ദേവതയായിരുന്ന ഓസിരിസിന്റെ ആരാധനാലയമാണ് തപോസിരിസ് മാഗ്ന. അലക്സാണ്ടറുടെ പടയോട്ടത്തിനു ശേഷം ഈജിപ്തിൽ താവളമുറപ്പിച്ച ഗ്രീക്ക് വംശജരായ രാജകുടുംബാംഗങ്ങൾ ഓസിരിസിനെ ആരാധിച്ചിരുന്നു.

 

Content summary : Queen Cleopatra's Beauty Secrets:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com