റാസ്പുടിനെ വധിച്ച യഥാർഥ കൊലയാളി ശരിക്കും ബ്രിട്ടിഷ് ചാരനായിരുന്നോ?
Mail This Article
റാസ്പുടിൻ... റഷ്യയിൽ ഒരു സാധാരണക്കാരനായി ജനിച്ച് പിന്നീട് റഷ്യയുടെ ഭരണചക്രം തിരിക്കുന്നതു വരെയെത്തി നിന്നതായിരുന്നു റാസ്പുടിന്റെ നിയോഗം. എന്നാൽ പിന്നീട് റാസ്പുടിൻ വധിക്കപ്പെട്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിഗൂഢമായ വധങ്ങളിലൊന്നായിരുന്നു റാസ്പുടിന്റേത്. റഷ്യൻ ഭരണത്തിൽ റാസ്പുടിൻ പുലർത്തുന്ന സ്വാധീനത്തിൽ ഈർഷ്യ പൂണ്ട യൂസുപോവ് രാജകുമാരൻ, അധോസഭയായ ഡ്യൂമയിലെ ഉന്നത പ്രതിനിധി വ്ലാഡിമിർ പുരിഷ്കേവിച്ച്, ഗ്രാൻഡ് ഡ്യൂക്ക് ഡിമിത്രി പാവ്‌ലോവിച്ച് എന്നിവർ റാസ്പുടിനെ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണു പൊതുവെ കരുതിപ്പോരുന്നത്. വിഷം ചേർത്ത കേക്ക് കൊടുത്തിട്ടും റാസ്പുടിൻ മരിക്കാഞ്ഞതോടെയായിരുന്നു ഇത്. പിന്നീട് മൃതശരീരം നദിയിൽ തള്ളി.
എന്നാൽ ഇവരാരുമല്ല മറിച്ച് റാസ്പുടിനെ കൊലപ്പെടുത്തിയയാൾ ബ്രിട്ടിഷ് ചാരനായ ഓസ്‌വാൾഡ് റെയ്നറാണെന്ന അഭ്യൂഹം പണ്ടേയുണ്ട്. റഷ്യയിലെ ഭരണാധികാരിയായിരുന്ന നിക്കോളാസ് രാജാവിന്റെ അനന്തരവൻ യൂസുപോവ് രാജകുമാരന്റെ അടുത്ത കൂട്ടുകാരനായിരുന്നു റെയ്നർ. അന്നത്തെ കാലത്ത് ബ്രിട്ടന് റാസ്പുടിന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധം നടക്കുന്ന കാലമാണ്. റാസ്പുടിൻ റഷ്യൻ ഭരണകൂടത്തെ സ്വാധീനിച്ച് തങ്ങളുടെ എതിരാളികളായ ജർമനിയുമായി സഖ്യത്തിലേർപ്പെടാൻ ശ്രമിക്കുമെന്ന് ബ്രിട്ടൻ ഭയന്നിരുന്നെന്നാണ് അഭ്യൂഹം. റഷ്യ അന്ന് ബ്രിട്ടന്റെ സഖ്യകക്ഷിയാണ്. റാസ്പുടിന്റെ ശരീരത്തിൽ നിന്ന് ഒരു ബ്രിട്ടിഷ് നിർമിത തോക്കിലെ ബുള്ളറ്റ് കണ്ടെത്തിയത് ഇതിനു തെളിവായി ഈ വാദമുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഒരു വാദമെന്ന നിലയ്ക്കപ്പുറം യാതൊരു സ്ഥിരീകരണവും ഇതിനു ലഭിച്ചിട്ടില്ല.
സൈബീരിയയിലെ ട്യൂമെനിൽ 1869ലാണു ഗ്രിഗറി യെഫിമോവിച്ച് നോവ്യക് ജനിച്ചത്. ചെറുപ്പകാലത്തെ വികൃതിത്തരങ്ങളും സംയമനമില്ലാത്ത സ്വഭാവവും കാരണം ഗ്രിഗറിക്ക് റാസ്പുടിൻ എന്ന പേരു കൂടി ലഭിച്ചു. സ്കൂളിൽ പോയിട്ടുണ്ടെങ്കിലും റാസ്പുടിൻ നിരക്ഷരനായിരുന്നു. 19ാം വയസ്സിൽ പ്രോസ്കോവ്യ ഡുബ്രോവിന എന്ന റഷ്യൻ പെൺകൊടിയെ റാസ്പുടിൻ വിവാഹം കഴിച്ചു.അതിൽ നാലു കുട്ടികളുമുണ്ടായി. കുറച്ചു കാലത്തിനു ശേഷം വീടുവിട്ടിറങ്ങിയ ശേഷം ഗ്രീസിലെ അഥോസ് പർവതത്തിലേക്കും ഏഷ്യയിലേക്കുമൊക്കെ റാസ്പുടിൻ ഏകാന്തസഞ്ചാരങ്ങൾ നടത്തി.
റഷ്യയിൽ പല മേഖലകളിൽ അലഞ്ഞു തിരിഞ്ഞ ശേഷം 1903ൽ റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ റാസ്പുട്ടിന് ഇവിടെ പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഉടലെടുത്തു. അക്കാലത്ത് റഷ്യയുടെ തലസ്ഥാനമായിരുന്നു സെന്റ് പീറ്റേഴ്സ് ബർഗ്, സാർ രാജവംശത്തിന്റെ ആസ്ഥാനം. സാർ നിക്കോളാസ് രണ്ടാമനും പത്നി അലക്സാൻഡ്രയുമായിരുന്നു അന്നത്തെ റഷ്യൻ ചക്രവർത്തിയും മഹാറാണിയും.
നാലു പെൺകുട്ടികളുണ്ടായിരുന്ന നിക്കോളാസും അലക്സാൻഡ്രയും രാജ്യാധികാരം കൈമാറാൻ ഒരു ആൺകുട്ടിക്കായി കൊതിച്ചിരുന്നു.അങ്ങനെയാണ് 1904ൽ അവർക്ക് അലക്സി എന്ന പുത്രൻ ജനിക്കുന്നത്.
മകന്റെ അസുഖം ചികിൽസിച്ചു ഭേദമാക്കാനായി റഷ്യയിലെ പല ഡോക്ടർമാരെയും രാജാവും റാണിയും സമീപിച്ചെങ്കിലും വലിയ പുരോഗതിയുണ്ടായിരുന്നില്ല. അപ്പോൾ അവരുടെ ശ്രദ്ധ മന്ത്രവാദികളിലേക്കും മറ്റും തിരിഞ്ഞു. അങ്ങനെയൊരു കാലഘട്ടത്തിലാണ് റാസ്പുടിനുമായി രാജകുടുംബം പരിചയത്തിലാകുന്നത്. ഒരിക്കൽ വളരെ ആകസ്മികമായി അലക്സി രക്ഷപ്പെട്ടു. ഇത് അലക്സാൻഡ്രയ്ക്ക് റാസ്പുടിനിലുള്ള വിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചു. റാസ്പുടിനു രാജകുടുംബത്തിനു മേലും അതുവഴി റഷ്യൻ ഭരണത്തിലും ശക്തമായ സ്വാധീനം പുലർത്താൻ അവസരമൊരുങ്ങുകയായിരുന്നു.
രാജവംശത്തിന്റെ ഉപദേശകനാകാൻ ഭാഗ്യം കിട്ടിയെങ്കിലും വിവാദപരമായ ജീവിതം റാസ്പുടിൻ തുടർന്നു കൊണ്ടുപോയി. സെന്റ് പീറ്റേഴ്സ് ബർഗിലെ മദ്യവിതരണ കേന്ദ്രങ്ങളിലും നൃത്തശാലകളിലുമെല്ലാം അദ്ദേഹം സ്ഥിരം സാന്നിധ്യമായി. ഇതെക്കുറിച്ച് നിരവധി പരാതികൾ നിക്കോളാസ് രണ്ടാമന്റെ കാതുകളിലെത്തി.എന്നാൽ അവയൊന്നും വിശ്വസിക്കാൻ നിക്കോളാസും പ്രത്യേകിച്ച് അലക്സാൻഡ്രയും തയാറായിരുന്നില്ല.
പരാതികൾ കൊടുത്തവർ തങ്ങളുടെ പദവികളിൽ നിന്നും നീക്കപ്പെട്ടു. രാജ്യത്തെ വിദൂരമേഖലകളിലേക്കു നാടുകടത്തപ്പെട്ടവരും കുറവല്ല. 1911 ആയതോടെ റാസ്പുടിൻ ഒരു വിവാദനായകനായി തുടങ്ങി. റഷ്യൻ പ്രധാനമന്ത്രിയായ സ്റ്റോളിപിൻ നേരിട്ട് രാജാവിനു പരാതി നൽകി. രാജാവിനുമേൽ വലിയ സ്വാധീനമുള്ളയാളായിരുന്നു സ്റ്റോളിപിൻ. ഇതെത്തുടർന്ന് റാസ്പുട്ടിനെ നാടുകടത്തി. അലക്സാൻഡ്ര പ്രതികരിച്ചെങ്കിലും രാജാവ് വിലയ്ക്കെടുത്തില്ല.
എന്നാൽ സ്റ്റോളിപിൻ താമസിയാതെ കൊല്ലപ്പെട്ടു. അലക്സാൻഡ്രയുടെ നിർദേശപ്രകാരം റാസ്പുടിനെ തിരികെയെത്തിക്കുകയും ചെയ്തു. ആ സമയത്ത് ഒന്നാം ലോകയുദ്ധത്തിൽ റഷ്യയെ നേരിട്ടു നയിക്കാൻ സാർ നിക്കോളാസ് നേരിട്ടു പടക്കളത്തിലെത്തി. ഇതോടെ രാജ്യഭരണം അലക്സാൻഡ്രയുടെ കൈകളാലായി. റാസ്പുടിന്റെ സുവർണകാലമായിരുന്നു അത്. പിന്നീടുള്ള കുറേക്കാലം റഷ്യയിലെ ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളിലും മറ്റും റാസ്പുടിൻ തന്റെ ഇഷ്ടക്കാരെ കുത്തിക്കയറ്റി.തന്നെ എതിർത്തവർക്കൊക്കെ കഴിയും വിധം പണികൊടുത്തു.
Content Summary :How was Russian mystic Rasputin murdered