ഈ വമ്പൻ പർവതത്തിന് എവറസ്റ്റ് കൊടുമുടിയുടെ 3 മടങ്ങ് പൊക്കം!
Mail This Article
ഏറ്റവും വലിയ പർവതമേതാണ്. എല്ലാവരും ഒന്നു ചിന്തിക്കുക കൂടി ചെയ്യാതെ ഉത്തരം പറയും...എവറസ്റ്റ് കൊടുമുടി. എന്നാൽ മനുഷ്യന് ഇതുവരെ അറിവായിട്ടുള്ള ഏറ്റവും പൊക്കമുള്ള കൊടുമുടി എവറസ്റ്റല്ല. അത് റിയാസിൽവിയ എന്ന മറ്റൊരു കൊടുമുടിയാണ്. സൗരയൂഥത്തിലെ ഛിന്നഗ്രഹമായ വെസ്റ്റയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 22.5 കിലോമീറ്റർ ഉയരം ഇതിനു കണക്കാക്കപ്പെടുന്നു. അതായത്, താരതമ്യം ചെയ്താൽ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഏകദേശം മൂന്ന് മടങ്ങുവരും ഇതിന്റെ പൊക്കം.
സൗരയൂഥത്തിലെ വമ്പൻ ഛിന്നഗ്രഹങ്ങളിലൊന്നാണു വെസ്റ്റ. ഇതിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റിയാസിൽവിയ എന്ന ഗർത്ത ഘടനയെപ്പറ്റിയുള്ള വിവരങ്ങൾ നമുക്ക് നൽകിയത് നാസയുടെ ഡോൺ എന്ന പര്യവേക്ഷണ ദൗത്യമാണ്. നേരത്തെ ഹബ്ബിൾ ടെലിസ്‌കോപ്പും ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. റിയാസിൽവിയ എന്ന പേര് ഈ പടുകുഴിക്ക് ലഭിച്ചത് റോമൻ ഐതിഹ്യങ്ങളിൽ നിന്നാണ്.
സൗരയൂഥത്തിന്റെ ആദിമകാലത്ത് ഈ ഛിന്നഗ്രഹത്തിൽ ഒരു കൂട്ടയിടി നടന്നു, ഏതോ ഒരു വസ്തു ശക്തിയിൽ ഇവിടെ വന്നിടിച്ചു. ഇതോടെയാണ് 500 കിലോമീറ്റർ വ്യാസമുള്ള റിയാസിൽവിയ ഗർത്തം വെസ്റ്റയിൽ പപ്പെട്ടത്. ഇതിന് ഒത്ത നടുക്കായാണ് നേരത്തെ പറഞ്ഞ പർവതം ഉടലെടുത്തത്.
റിയാസിൽവിയയുടെ ഉയരം ശാസ്ത്രജ്ഞർ നിർണയിക്കുന്നതിനു മുൻപ് ചൊവ്വയിലെ ഒളിംപസ് മോൺസ് എന്ന കൊടുമുടിയായിരുന്നു നമുക്ക് അറിയാവുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി. 21.9 കിലോമീറ്റർ ആണ് ഇതിന്റെ ഉയരം. റിയാസിൽവിയയുടെ ഏകദേശം അടുത്തുവരും ഈ ഉയരം. എന്നാൽ ഉയരങ്ങൾ നിർണയിക്കുന്നതിൽ എപ്പോഴും തെറ്റുപറ്റാമെന്നും ഒളിംപസ് മോൺസ് തന്നെയാകാം ഇപ്പോഴും സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ചില ശാസ്ത്രജ്ഞർ വാദിക്കുന്നു.
ചൊവ്വയിലെ താർസിസ് മോണ്ടിസ് മേഖലയിലാണ് ഒളിംപസ് മോൺസ് ഉള്ളത്. ഒരു കാലത്ത് വളരെ സജീവമായ അഗ്നിപർവതമായിരുന്നു ഒളിംപസ് മോൺസ്. ഈ മേഖലയിൽ ഡസൻ കണക്കിന് അഗ്നിപർവതങ്ങൾ വേറെയുണ്ട്.
Content Summary : Giant asteroid mountain taller than Mt. Everest