ADVERTISEMENT

മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ, ബ്രിട്ടനിൽ ലേലത്തിൽ വയ്ക്കുന്നു. ഈ മാസം 23ന് ആണ് ലേലം. ബോൺഹാംസ് എന്ന പ്രശസ്ത ലേലക്കമ്പനിയാണു ലേലം നടത്തുന്നത്. 15 കോടി മുതൽ 20 കോടി വരെ രൂപയാണ് ഈ വാളിനു വിലയായി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

 

സുഖേല വിഭാഗത്തിൽപെടുന്ന സ്റ്റീൽ നിർമിത വാളാണ് ഇത്. 100 സെന്റിമീറ്ററാണ് ഇതിന്റെ നീളം. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മൂർച്ചയുള്ള ഈ വാൾ, വാൾമുനയിലേക്ക് എത്തുമ്പോഴേക്ക് ഇരുവശത്തും മൂർച്ചയുള്ളതായി മാറുന്നു. ധാരാളം ചിത്രപ്പണികളുള്ളതുമാണ് ഈ വാൾ. രാജസ്ഥാനിലെ മേവാറിൽ പ്രചാരത്തിലുണ്ടായിരുന്ന കോഫ്റ്റ്‌ഗിരി ശൈലിയിലുള്ള കലയാണ് പ്രധാനമായും ഈ വാളിൽ ഉപയോഗിച്ചിരിക്കുന്നത്. 

1799ൽ  മൈസൂറിനടുത്ത് ശ്രീരംഗപട്ടണത്തിൽ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ ടിപ്പു സുൽത്താൻ മരണപ്പെട്ട ശേഷം ശ്രീരംഗപ്പട്ടണത്തെ കൊട്ടാരത്തിൽ കണ്ടെത്തിയ വാൾ ബ്രിട്ടിഷ് സൈന്യം മേജർ ജനറൽ ഡേവിഡ് ബെയ്ർഡിനു സമ്മാനിക്കുകയായിരുന്നു. ബ്രിട്ടിഷ് സൈന്യത്തിലെ ലഫ്റ്റനന്റ് ജനറലായ ഹാരിസാണ് ബെയ്ർഡിന് ഈ വാൾ സമ്മാനിച്ചത്. 

 

2014ൽ ടിപ്പു സുൽത്താന്റെ സ്വർണമോതിരത്തിനു 1.45 ലക്ഷം പൗണ്ട്, അതായത് 1.42 കോടി രൂപ ലേലത്തിൽ ലഭിച്ചിരുന്നു. ക്രിസ്‌റ്റീസ് ഓക്ഷൻ ഹൗസിൽ നടന്ന ലേലത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിലെ മോതിരത്തിന് ഈ വില കിട്ടിയത്. 41.2 ഗ്രാമിന്റെ മോതിരം വാങ്ങിയത് ആരാണെന്നറിയില്ല  ഇന്ത്യൻ ബിസിനസുകാരനായ വിജയ് മല്യ 2004ൽ ഒന്നരക്കോടി രൂപ വിലനൽകി ടിപ്പുസുൽത്താന്റെ മറ്റൊരു വാൾ സ്വന്തമാക്കിയിരുന്നു. 

 

കർണാടകയിലെ ദേവനഹള്ളിയിൽ മൈസൂർ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഹൈദർ അലിയുടെ മകനായാണ് ടിപ്പു സുൽത്താൻ 1761ൽ ജനിച്ചത്.ഹൈദർ പിന്നീട് മൈസൂറിന്റെ ഭരണാധികാരിയായി. പിതാവ് ഹൈദറിന്റെ മരണത്തെത്തുടർന്ന് 1782ൽ അധികാരത്തിലേറിയ ടിപ്പു സുൽത്താൻ 1799ൽ തന്റെ മരണം വരെ അധികാരത്തിൽ തുടർന്നു.

 

 

Content Summary :Tipu Sultan's gold sword set to be auctioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com