4300 വർഷം മുൻപ് ഈജിപ്തിൽ ‘മെസ്സി’ ജീവിച്ചിരുന്നു; മമ്മി കണ്ടെത്തി
Mail This Article
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിത്വങ്ങളിലൊരാളാണ്. നാല് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയ അദ്ദേഹം പിൽക്കാലത്ത് ബാർസിലോന എന്ന കൊടികെട്ടിയ ക്ലബിലേക്ക് എത്തി. പകരം വയ്ക്കാനില്ലാത്ത ഫുട്ബോൾ ചക്രവർത്തിയായി ഇവിടെ വളർന്ന അദ്ദേഹം ലോകമെങ്ങും ആരാധകരുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ താരവും പിൽക്കാലത്ത് ക്യാപ്റ്റനുമായി മാറി. ഒടുവിൽ കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീനയ്ക്ക് ലോകകിരീടവും സമ്മാനിച്ചു. ഇതെല്ലാം നമുക്കറിയാവുന്ന മെസ്സിയുടെ കഥ. എന്നാൽ നമുക്കറിയാത്ത, ചരിത്രത്തിന്റെ ഇടനാഴികളിൽ കഴിഞ്ഞ ഒരു മെസ്സി ഈജിപ്തിൽ ജീവിച്ചിരുന്നു.
പ്രാചീന ഈജിപ്തിൽ 4300 വർഷങ്ങൾക്കു മുൻപാണ് ഈ മെസ്സി ജീവിച്ചിരുന്നതത്രേ. പുരോഹിതനായിരുന്നു അദ്ദേഹം. ഈജിപ്തിലെ അഞ്ചാമത്തേതോ അല്ലെങ്കിൽ ആറാമത്തേതോ ആയ സാമ്രാജ്യങ്ങളുടെ കാലത്താണ് ഇദ്ദേഹം ജീവിച്ചതെന്ന് കരുതുന്നു. കണ്ടെത്തപ്പെട്ട കല്ലറയിൽ 9 പ്രതിമകളുണ്ടായിരുന്നു. ഇവിടെയുള്ള ഒരു വാതിലിലാണ് ‘മെസ്സി’ എന്ന പേര് എഴുതിയിരുന്നതെന്ന് പ്രശസ്ത ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ സാഹി ഹവാസ് പറയുന്നു. മെസ്സി എന്ന വാക്കിന് പ്രാചീനകാല ഈജിപ്ഷ്യൻ ഭാഷയിൽ നവജാതൻ എന്നാണ് അർഥം. ഈ വർഷം ജനുവരിയിലായിരുന്നു മെസ്സിയുടെ ഈ പ്രാചീന മമ്മി കണ്ടെത്തിയത്. ഹവാസിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷക സംഘമാണ് കണ്ടെത്തൽ നടത്തിയത്.
ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകൻമാരിലെ ഏറ്റവും പ്രശസ്തനായ വ്യക്തിത്വമാണ് സാഹി ഹവാസ്. രണ്ടുതവണ ഈജിപ്ത് പുരാവസ്തു വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Content Summary: Egyptian archaeologists discover tomb for a priest called Messi