അനാക്കോണ്ടയുടെ ഇരട്ടിനീളം; ലോകത്ത് ജീവിച്ചിരുന്ന പാമ്പുകളുടെ പൂർവികൻ
Mail This Article
കഴിഞ്ഞ വർഷം...ഗൂഗിൾ മാപ്പിൽ ഫ്രാൻസിലെ ചില പ്രദേശങ്ങൾ തിരഞ്ഞ ഒരു ഉപയോക്താവിനു ലഭിച്ചത് ഭൂമിയോട് ചേർന്നു പതിഞ്ഞു കിടക്കുന്ന രീതിയിൽ ഒരു കൂറ്റൻ പാമ്പിന്റെ അസ്ഥികൂടത്തിന്റെ ചിത്രമായിരുന്നു. ഫ്രഞ്ച് തീരത്തിനടുത്തായുള്ള പ്രദേശത്താണ് ഈ വമ്പൻ പാമ്പിന്റെ ശരീരം പതിഞ്ഞത്. ഉപഗ്രഹങ്ങളിൽ പോലും പ്രത്യക്ഷപ്പെടണമെടണമെങ്കിൽ എത്രത്തോളം വലുപ്പമായിരിക്കും ഈ പാമ്പിനുള്ളതെന്ന് ഉപയോക്താവ് അദ്ഭുതം കൂറി. പാമ്പിനു 30 മീറ്ററിലധികം നീളമുണ്ടെന്നും ഭൂമിയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും നീളമുള്ള പാമ്പാണ് ഇതെന്നും തുടങ്ങി അഭ്യൂഹങ്ങൾ പ്രചരിച്ചു. ചരിത്രാതീത കാലത്ത് ഭൂമിയിൽ അധിവാസമുറപ്പിച്ചിരുന്ന ടൈറ്റനോബോവ എന്ന വമ്പൻ പാമ്പിന്റെ ഫോസിലാണ് ഇതാണെന്ന് താമസിയാതെ പ്രചാരണമുണ്ടായി.
എന്നാൽ ഗൂഗിൾ മാപ്പിൽ കണ്ടത് ടൈറ്റനോബോവയാണെന്ന് ഉറച്ച് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ചില ഓൺലൈൻ ഉപയോക്താക്കൾ പിന്നീട് ഇതെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. ഇതിനൊടുവിലാണു വമ്പൻ പാമ്പിന്റെ കള്ളിവെളിച്ചത്തായത്. ലേ സെർപന്റ് ഡി ഓഷൻ എന്ന പാമ്പിന്റെ ആകൃതിയിലുള്ള പ്രശസ്തമായ ഒരു ശിൽപമായിരുന്നത്രേ ഇത്. 425 അടിയാണ് ഇതിന്റെ നീളം. ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്തിനടുത്താണ് ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. ചൈനീസ്–ഫ്രഞ്ച് ശിൽപിയായ ഹുവാങ് യോങ് പിങ് ആണ് എസ്റ്റുവറി കലാ പ്രദർശനത്തിന്റെ ഭാഗമായി ഈ ശിൽപം തയാറാക്കിയത്.
പക്ഷേ ടൈറ്റനോബോവ അതോടെ വളരെ പ്രശസ്തമായി. ഇന്ന് രാജ്യാന്തര പാമ്പുദിനം. പാമ്പുകളുടെ ഈ വമ്പൻ പൂർവികന്റെ വിശേഷങ്ങളൊന്നറിഞ്ഞാലോ. ഇന്നു നമ്മുടെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നീളമുള്ള പാമ്പാണ് റെറ്റിക്കുലേറ്റഡ് പൈഥൺ. ഈ വമ്പൻ പെരുമ്പാമ്പിന്റെ 2 ഇരട്ടി വലുപ്പമുള്ളവായിരുന്നു ടൈറ്റനോബോവ.
തെക്കൻ അമേരിക്കൻ രാജ്യം കൊളംബിയയിലെ ലാ ഗ്വാജിറയിലുള്ള കൽക്കരി ഖനിയിലാണ് ഈ പാമ്പിന്റെ ഫോസിലുകൾ കിട്ടിയത്.42 അടി നീളവും 1135 കിലോ വരെ ഭാരവും വയ്ക്കുന്നവയായിരുന്നത്രേ ഈ പാമ്പുകൾ.6 കോടി വർഷങ്ങൾ മുൻപാണ് ഇവ ഭൂമിയിൽ ജീവിച്ചതെന്നു കരുതപ്പെടുന്നു.മത്സ്യങ്ങളെയായിരുന്നു ഈ പാമ്പുകൾ പ്രധാനമായും ഭക്ഷിച്ചിരുന്നത്. ഈ പാമ്പുകളെക്കുറിച്ച് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് 2012ൽ പുറത്തിറക്കിയ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. ഇതിലൂടെയാണ് ജനങ്ങൾക്കിടയിൽ ടൈറ്റനോബോവ ശ്രദ്ധ നേടിയത്.
English Summary: Story about Titanoboa Snake