കളിപ്പാട്ടങ്ങളും ഇനി ചാറ്റ്ജിപിടിയിൽ: പുതിയ വിപ്ലവത്തിനൊരുങ്ങി കുട്ടിക്കാലം
Mail This Article
എന്തൊരു കുട്ടിക്കാലമായിരുന്നു എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ. മച്ചിങ്ങയും ഈർക്കിലും ഓലക്കാലുമൊക്കെ വച്ചുള്ള നാടൻ കളിപ്പാട്ടങ്ങൾ. അച്ഛനമ്മമാരോട് കുറേക്കാലം കെഞ്ചിയാൽ ഒരു പാവയോ അല്ലെങ്കിൽ കളിവണ്ടിയോ കിട്ടിയേക്കാം. പിൽക്കാലത്ത് കളിപ്പാട്ടവിപണി വളർന്നു വൈവിധ്യവത്കരിച്ചു. സെൻസറുകളും സ്വയം നിയന്ത്രണ സംവിധാനങ്ങളുമൊക്കെയുള്ള കളിപ്പാട്ടങ്ങൾ ഇടംപിടിച്ചു. എന്നാൽ ഇനിയും വലിയ മാറ്റങ്ങൾ സംഭവിക്കാനിരിക്കുന്നതേയുള്ളെന്ന് വിദഗ്ധർ പറയുന്നു. ലോകമിപ്പോൾ ചാറ്റ്ജിപിടി യുഗത്തിലാണ്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ മണിമണിയായി ഉത്തരമെഴുതിത്തരുന്ന ഈ എഐ അധിഷ്ഠിത സംവിധാനം ലോകമെമ്പാടും ധാരാളം പേരുടെ ഇഷ്ടസങ്കേതമായി മാറിയിട്ടുണ്ട്. പഠനാവശ്യങ്ങൾക്കും ചാറ്റ്ജിപിടി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്ഫോമർ എന്നതിന്റെ ചുരുക്കരൂപമാണ് ചാറ്റ്ജിപിടി. ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ ശേഷി വെളിവാക്കുന്ന തരത്തിൽ ശക്തമായ ഒരു ടൂളാണ് ചാറ്റ്ജിപിടി.ഏതു വിഷയത്തെപ്പറ്റിയും വിവരങ്ങൾ നൽകാൻ പര്യാപ്തമായ രീതിയിലാണ് ചാറ്റ്ജിപിടി വികസിപ്പിക്കപ്പെട്ടിരിക്കുന്നത്.ഇമെയിൽ എഴുതാനും കഥകളും ഉപന്യാസങ്ങളും സോഫ്റ്റ്‌വെയർ കോഡിങ്ങും സംഗീതവുമൊക്കെ എഴുതാൻ ചാറ്റ്ജിപിടിക്ക് പ്രാപ്തിയുണ്ട്. നിലവിൽ തികച്ചും സൗജന്യവുമാണ് ഈ സേവനം. ഈ ചാറ്റ്ജിപിടിയും അതു പോലെയുള്ള സാങ്കേതികവിദ്യകളുമൊക്കെ ഇനി കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ വന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടെഡിബിയർ മറ്റു പാവകൾ ഇവയിലൊക്കെയാകും ഇതെത്തുക. കുട്ടികൾക്ക് ഒരു കഥകേൾക്കണമെന്ന് തോന്നിയാൽ ചാറ്റ്ജിപിടി ഉപയോഗിച്ച് ഇത്തരം കളിപ്പാട്ടങ്ങൾ കഥചൊല്ലിക്കൊടുക്കും.
ചാറ്റ്ജിപിടി പഠനത്തിൽ
ഒരു വലിയ ലേഖനത്തിന്റെയോ പഠനത്തിന്റെയോ സംക്ഷിപ്തമായ രൂപം ചാറ്റ്ജിപിടി വഴി സംഘടിപ്പിക്കാം. നീണ്ട ലേഖനം ചാറ്റ്ജിപിടിയിലേക്കു നൽകിയിട്ട് കൃത്യമായ പ്രോംപ്റ്റുകൾ നൽകി 200 അല്ലെങ്കിൽ 300 വാക്കുകളിൽ സംക്ഷിപ്ത രൂപം നൽകാൻ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടാം. തികച്ചും ക്രിയേറ്റീവായ കാര്യങ്ങൾക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാം. പഠനത്തിന്റെ ഭാഗമായി കഥകളോ മറ്റോ എഴുതാനുണ്ടെങ്കിൽ അവയുടെ പ്ലോട്ട് വികസിപ്പിക്കാനും മറ്റും ചാറ്റ്ജിപിടി ഉപയോഗപ്രദമാണ്. ഉപന്യാസങ്ങളും മറ്റും വേണമെങ്കിൽ ചാറ്റ്ജിപിടി എഴുതിത്തരും. എത്ര വാക്കുകൾ വേണമെന്ന് പറഞ്ഞാൽ മതി.
അധ്യാപകർക്ക് അയയ്ക്കാനുള്ള ഇമെയിലുകൾ സൃഷ്ടിക്കാനും ക്ലാസ്നോട്ടുകൾ തയാർചെയ്യാനും ഗവേഷണ വിദ്യാർഥികൾക്കും മറ്റും റിസർച് പ്രൊപ്പോസലുകൾ ഉണ്ടാക്കാനുമൊക്കെ ചാറ്റ്ജിപിടിയുടെ സേവനം ഉപയോഗിക്കാം.പരീക്ഷകൾക്കും മറ്റുമൊക്കെ നമ്മൾ സാംപിൾ ചോദ്യങ്ങൾ ചെയ്തു പഠിക്കാറുണ്ടല്ലോ. ഒരു വിഷയത്തെപ്പറ്റി സാംപിൾ ചോദ്യപ്പേപ്പറുണ്ടാക്കി തരാൻ ചാറ്റ്ജിപിടിയോട് പറഞ്ഞാൽ ഗംഭീരമായ ചോദ്യക്കടലാസ് കിട്ടും. അതുപോലെ തന്നെ വിദ്യാർഥികൾ തയാർ ചെയ്ത ലേഖനത്തിലോ ഉപന്യാസത്തിലോ അക്ഷരപ്പിശകോ വ്യാകരണപ്പിശകോ ഉണ്ടോയെന്ന് പരിശോധിക്കാനും ചാറ്റ്ജിപിടി സഹായകമാണ്.
വിദ്യാർഥികൾ ശ്രദ്ധിക്കാൻ
ചാറ്റ്ജിപിടി ഒരു റിയൽടൈം സംവിധാനം അല്ല. അതായത് നേരത്തെ തയാറാക്കപ്പെട്ട ഒരു ഡേറ്റബേസിന്റെ അടിസ്ഥാനത്തിലാണ് ഇതിലെ വിവരങ്ങൾ. കൃത്യമായി പറഞ്ഞാൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഇതിലുള്ളത്. ഇന്റർനെറ്റിൽ പരതാനുള്ള ശേഷിയും ചാറ്റ്ജിപിടിക്കില്ല. ഗൂഗിളിന്റെ ചാറ്റ്ജിപിടി ബദലായ ബാർഡ് കുറച്ചുകൂടി കാലോചിതമാണ്. ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ ഈ ന്യൂനത മനസ്സിൽവയ്ക്കണം. നമ്മൾക്ക് ലഭിക്കുന്ന ലേഖനങ്ങൾ പിഴവുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്.മലയാളം ഭാഷയിലും ചാറ്റ്ജിപിടി ലഭ്യമാണ്. എന്നാൽ ഇതത്ര കാര്യക്ഷമമല്ല. കൂടുതൽ സമയങ്ങളിലും തെറ്റായ വിവരങ്ങളാണ് മലയാളം ചാറ്റ്ജിപിടിയിൽ നിന്നു ലഭിക്കാറുള്ളത്.
സാധാരണഗതിയിൽ ഒരു ഉപന്യാസമോ ലേഖനമോ എഴുതുന്നത് ധാരാളം പഠനസാമാഗ്രികൾ പരതിയും റഫർ ചെയ്തും ഗവേഷണം നടത്തിയുമൊക്കെയാണ്. അണിയറയിലെ ഈ തിരച്ചിലാണ് ഉപന്യാസങ്ങളെ ഗംഭീരമാക്കുന്നത്. ഇത്തരത്തിൽ ഗവേഷണവും മനനവും ചെയ്യാനുള്ള കഴിവ് സ്കൂൾ കാലങ്ങളിൽ തന്നെ ലഭിക്കുമെന്നതാണ് ഉപന്യാസരചനകളുടെയും മറ്റും പ്രയോജനം. എന്നാൽ ചാറ്റ്ജിപിടി പോലുള്ള സംരംഭങ്ങളിൽ പ്രോംപ്റ്റുകൾ നൽകിയാൽ ‘ഇൻസ്റ്റന്റ് ന്യൂഡിൽസ്’ എന്നൊക്കെ പറയുന്ന പോലെ തയാർ ചെയ്ത എഴുത്തുകൾ കിട്ടും. സ്ഥിരം ഇങ്ങനെ ചെയ്താൽ ഗവേഷണം നടത്താനും വിവരങ്ങൾ സ്വാംശീകരിക്കാനും ക്രോഡീകരിക്കാനുമൊക്കെയുള്ള ശേഷി വിദ്യാർഥികൾക്ക് കുറയുമെന്നും ഓർക്കണം.
Content Summary : AI ChatGPT-powered smart toys may soon be unveiled